കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് (snake byte)കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവസുരേഷിന്റെ (vava suresh)ആരോഗ്യനിലയിൽ നേരിയ പുരോഗതി.വാവ സുരേഷ് കൂടുതൽ പ്രതികരണ ശേഷി കൈവരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. അടുത്ത 7 ദിവസവും നിർണായകമാണ്.തലച്ചോറിന്റെ പ്രവർത്തനം കൂടുതൽ പുരോഗതി കൈവരിക്കണം.അവയവങ്ങളുടെ പ്രതികരണം സ്ഥായിയായി നിൽക്കണം.എന്നാൽ മാത്രമേ വെന്റിലേറ്റർ മാറ്റാൻ കഴിയൂ.
ഡോക്ടർമാർ കൃത്യമായ ഇടവേളകളിൽ സ്ഥിതി നിരീക്ഷിക്കുന്നുണ്ട്.ശരീരത്തിലേറ്റ വിഷത്തിന്റെ പാർശ്വഫലങ്ങൾ അറിയാൻ ഏഴുദിവസമെടുക്കുമെന്ന് ഡോക്ടർമാർ പറയുന്നു.
കഴിഞ്ഞ ദിവസം നീലംപേരൂർ വെച്ചായിരുന്നു വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന പ്രത്യേക സംഘത്തിന്റെ മേൽനോട്ടത്തിലാണ് വാവ സുരേഷിന്‍റെ ചികിത്സ.
കടിയേറ്റ ശേഷവും മൂര്‍ഖന്‍ പാമ്പിനെ അസാമാന്യ ധൈര്യത്തോടെ പിടികൂടുന്ന വാവാ സുരേഷിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ആദ്യം മൂര്‍ഖനെ കൈയിലെടുത്ത ശേഷം നിരവധി തവണ ചാക്കിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും അതു വഴങ്ങിയില്ല. അതിനിടെ പാമ്പ് വാവാ സുരേഷിന്റെ മുട്ടിന് മുകളില്‍ കടിച്ചു. ഉടന്‍ തന്നെ സുരേഷ് ബലം പ്രയോഗിച്ച് പാമ്പിനെ വലിച്ചെടുക്കുകയും തറയിലേക്കിടുകയും ചെയ്തു.
പാമ്പു കടിച്ച ഭാഗത്തെ രക്തം സുരേഷ് ഞെക്കിക്കളയുന്നതും ദൃശ്യങ്ങളിലുണ്ട്. കരിങ്കല്ലുകള്‍ക്കിടയിലേക്ക് ഇഴഞ്ഞുപോകുന്ന പാമ്പിനെ പിടിച്ചെടുത്ത് ചാക്കിലേക്ക് മാറ്റി. കടിയേറ്റതിന്റെ മുകള്‍ ഭാഗത്ത് തോര്‍ത്തു വച്ച് കെട്ടുകയും ചെയ്തു. വേഗത്തില്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കണെന്ന് കൂടെയുള്ളവരോട് ആവശ്യപ്പെട്ടു.
പഞ്ചായത്തംഗം ബിആര്‍ മഞ്ജീഷിന് ഒപ്പമാണ് വാവ സുരേഷ് പാമ്പു പിടിക്കാനെത്തിയത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ തൊണ്ടയില്‍ കൈ കടത്തി ഛര്‍ദിക്കാനും നെഞ്ചത്ത് കൈയടിച്ച് ശ്വാസഗതി നേരെയാക്കാനും അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. കോട്ടയത്തെ ഭാരത് ആശുപത്രിയിലാണ് സുരേഷിനെ ആദ്യം പ്രവേശിപ്പിച്ചത്. വാഹനത്തില്‍ നിന്ന് ഇറക്കുമ്പോള്‍ തന്നെ ആന്റിവെനം കുത്തിവയ്പ്പ് നല്‍കിയിരുന്നു. അതിവേഗത്തില്‍ തീവ്രപരിചരണ വിഭാഗത്തിലെത്തിച്ചു.പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.