വിവാഹം മുടങ്ങിയതില്‍ മാനസികസമ്മര്‍ദ്ദമെന്ന് ഡോക്ടര്‍മാര്‍;പലാഷിന്റെ ആരോഗ്യനില ഇങ്ങനെ

മുംബൈ: സ്മൃതി മന്ദാനയും പലാഷ് മുഛലും തമ്മിലുള്ള വിവാഹം നടക്കാനിരിക്കെയാണ് സ്മൃതിയുടെ അച്ഛന്‍ ശ്രീനിവാസ് മന്ദാനയെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. തുടര്‍ന്ന് കല്ല്യാണം മാറ്റിവെച്ചതായി അറിയിക്കുകയും അടുത്ത ദിവസം തന്നെ പലാഷിനെയും ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും ചെയ്തു.

തുടക്കത്തില്‍ വൈറല്‍ അണുബാധയും അസിഡിറ്റിയും  കാരണമാണ് പലാഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പറഞ്ഞെങ്കിലും നെഞ്ചില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് പലാഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

ഹൃദയസംബന്ധമായ പ്രശ്‌നത്തേക്കാളുപരി മാനസിക സമ്മര്‍ദ്ദം മൂലമുള്ള അസ്വസ്ഥകളാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകാന്‍ കാരണമെന്ന് പലാഷിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. നെഞ്ചില്‍ അസ്വസ്ഥത ഉണ്ടായതിനെത്തുടര്‍ന്നാണ്‌ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മിഡ് ഡേ എന്ന ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. പലാഷിന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും ഉടന്‍ ആശുപത്രി വിടുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

 മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് പലാഷിനെ ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനില മെച്ചപ്പെടാത്തതിനെത്തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മുംബൈ എസ്ആര്‍വി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കടുത്ത നെഞ്ചുവേദന, അസ്വസ്ഥത, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നീ പ്രശ്‌നങ്ങളുള്ളതായി പലാഷ് അറിയിച്ചു. ഇതിനെത്തുടര്‍ന്ന് ഇസിജി, എക്കോകാര്‍ഡിയോഗ്രാഫി, എന്നിവയുള്‍പ്പടെയുള്ള പരിശോധനകള്‍ നടത്തുകയും ചെയ്തു.

പരിശോധനകളുടെ ഫലങ്ങളില്‍ ചെറിയ മാറ്റം കണ്ടെങ്കിലും ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പ്രാഥമികമായി നല്‍കേണ്ട അടിസ്ഥാന ചികിത്സ നല്‍കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ജനറല്‍ റൂമിലേക്ക് മാറ്റിയതായും കൂട്ടിച്ചേര്‍ത്തു.

ക്ലിനിക്കല്‍ കണ്ടെത്തലുകളുടെയും ചികിത്സയോടുള്ള പലാഷിന്റെ പ്രതികരണത്തിന്റെയും അടിസ്ഥാനത്തില്‍, നിലവിലെ സാഹചര്യത്തെക്കുറിച്ചുള്ള ഉത്കണ്ഠയും മാനസിക സമ്മര്‍ദ്ദം മൂലമുള്ള അസ്വസ്ഥതകളുമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവാന്‍ പ്രധാന കാരണമെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നു. വിശ്രമവും മികച്ച പരിചരണവും ലഭിച്ചതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില ക്രമേണ മെച്ചപ്പെടുകയും മാനസിക സമ്മര്‍ദ്ദം ഗണ്യമായി കുറയുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News