NationalNews

കൊവാക്സിൻ വേണ്ട,കൊവിഷീൽഡ് മതിയെന്ന് ഡോക്ടർമാർ, ആശയക്കുഴപ്പത്തിൽ കേന്ദ്രം

ദില്ലി: ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ സ്വീകരിക്കാനാവില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ദില്ലി റാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോക്ടർമാർ. ഭാരത് ബയോടെക്കിന്‍റെ കൊവാക്സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ ഇതുവരെ പൂർത്തിയായിട്ടില്ല. അതിനാൽത്തന്നെ കൊവാക്സിന്‍റെ ഫലപ്രാപ്തിയിൽ സംശയമുണ്ടെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. രാജ്യവ്യാപകമായി വാക്സീൻ വിതരണയജ്ഞത്തിന്‍റെ ആദ്യദിനത്തിൽത്തന്നെ കൊവാക്സിനെതിരായി സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ തന്നെ നിലപാടെടുത്തത് കേന്ദ്രസർക്കാരിന് തിരിച്ചടിയാകും. കൊവാക്സിനു പകരം കൊവിഷീൽഡ് നൽകണം എന്നാണ് ഡോക്ടർമാർ ആവശ്യപ്പെടുന്നത്.

അതേസമയം, കൊവാക്സിൻ സ്വീകരിച്ച് എന്തെങ്കിലും ഗുരുതരമായ പാർശ്വഫലങ്ങളുണ്ടായാൽ ചികിത്സകളുൾപ്പടെ എല്ലാ ഉത്തരവാദിത്തങ്ങളും മരുന്ന് കമ്പനിക്കായിരിക്കുമെന്ന് നേരത്തേ തന്നെ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. വാക്സീൻ സ്വീകരിക്കുന്നവരെല്ലാം ഇത്തരത്തിൽ ഒരു സമ്മതപത്രം ഒപ്പിട്ടുനൽകുകയും ചെയ്യുന്നുണ്ട്. പൊതുആരോഗ്യതാത്പര്യാർത്ഥം ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലുള്ള ഒരു വാക്സീൻ വ്യാപകമായി ഉപയോഗിക്കുകയാണെന്നും, ക്ലിനിക്കൽ ശേഷി ഇനിയും തെളിയിക്കപ്പെടാത്ത വാക്സീൻ ഇപ്പോഴും മൂന്നാം പരീക്ഷണഘട്ടത്തിൽ (മനുഷ്യപരീക്ഷണഘട്ടത്തിൽ) ആണെന്നുമാണ് ആ സമ്മതപത്രത്തിൽ ഉള്ളത്.

നിലവിൽ ദില്ലിയിലെ ആറ് കേന്ദ്രസർക്കാർ ആശുപത്രികളിൽ കൊവാക്സിൻ മാത്രമാണ് പരീക്ഷിക്കുന്നത് – എയിംസ്, സഫ്ദർജംഗ്, റാം മനോഹർ ലോഹ്യ, കലാവതി സരൺ (കുട്ടികളുടെ ആശുപത്രി), ബസായ്ദരാപൂരിലെയും രോഹിണിയിലെയും ഇഎസ്ഐ ആശുപത്രികൾ എന്നിവ. ബാക്കി ദില്ലിയിലെ 75 സർക്കാർ, സ്വകാര്യ ആശുപത്രികളിൽ കൊവിഷീൽഡ് വാക്സീനുകളാണ് പരീക്ഷിക്കുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button