തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നടത്തുന്ന സമരം തുടരുമെന്ന് ഐഎംഎ. മുഖ്യമന്ത്രിയുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. ഉന്നയിച്ച ആവശ്യങ്ങൾ മുഖ്യമന്ത്രി അനുഭാവ പൂർവം കേട്ടെന്നും ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്നും ഐഎംഎ അറിയിച്ചു.
ആശുപത്രി സംരക്ഷണ ഓർഡിനൻസ്, ആശുപത്രികൾ സംരക്ഷണ മേഖലകളാക്കൽ എന്നിവയിൽ കൃത്യമായ തീരുമാനമില്ലാതെ നിലപാടിൽ നിന്ന് പിന്തിരിയേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഡോക്ടർമാരുടെ സംഘടനകൾ. സംസ്ഥാന വ്യാപക സമരത്തിന്‍റെ ഭാദമായി ഐഎംഎയുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടേറിയറ്റിലേക്കും ഇന്ന് മാർച്ച് നടക്കും.
സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ഇന്നും ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കും. അത്യാഹിത വിഭാഗങ്ങൾ, ഐസിയു, ലേബർ റൂമുകളിൽ സമരം ഉണ്ടാവില്ല. പണിമുടക്ക് ശക്തമായാൽ ഒപികൾ സ്തംഭിക്കാനാണ് സാധ്യത. മുഴുവൻ ആരോഗ്യപ്രവർത്തകരും സമരത്തിനൊപ്പമാണെന്ന നിലപാടിലാണ്.