കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടറെ കുത്തിക്കൊന്നത് ലഹരിക്ക് അടിമയായ പ്രതി. നെടുമ്പന യു.പി സ്‌കൂള്‍ അധ്യാപകനായ സന്ദീപ് ലഹരിക്ക് അടിമയായതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്നു. അടുത്തിടെയാണ് ഇയാള്‍ ഡീ അഡിക്ഷന്‍ സെന്ററില്‍നിന്ന് ഇറങ്ങിയതെന്നാണ് വിവരം. ഇതിനുപിന്നാലെയാണ് മറ്റൊരു അടിപിടി കേസില്‍പ്പെട്ട് വൈദ്യപരിശോധയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോള്‍ കോട്ടയം മാഞ്ഞൂര്‍ സ്വദേശിനിയായ ഡേ. വന്ദന ദാസിനെ അതിക്രൂരമായി കുത്തിക്കൊന്നത്.
സഹോദരന്റെ വീട്ടിലുണ്ടായ അടിപിടിയില്‍ പ്രതിയുടെ കാലിലുണ്ടായ മുറിവ് തുന്നിക്കെട്ടുന്നതിനിടെയാണ് അപ്രതീക്ഷിതമായ ആക്രമണമുണ്ടായത്. മേശപ്പുറത്തെ കത്രിക കൈക്കലാക്കിയ പ്രതി പിന്നില്‍നിന്ന് ഡോക്ടറെ കുത്തുകയായിരുന്നു. ഡോക്ടറുടെ മുതുകിലും കഴുത്തിലും ഉള്‍പ്പെടെ ആറു തവണയാണ് ഇയാള്‍ കുത്തിയത്. പിന്നില്‍നിന്നുള്ള കുത്ത് മുന്‍പിലേക്ക് എത്തുന്ന തരത്തിലായിരുന്നു ആക്രമണം. ഡോക്ടറുടെ നിലവിളി കേട്ട് മുറിയിലേക്ക് ഓടിയെത്തിയ പോലീസുകാരും ആശുപത്രി ജീവനക്കാരും ഏറെ പണിപ്പെട്ടാണ് അക്രമാസക്തനായ പ്രതിയെ കീഴ്‌പ്പെടുത്തിയത്. തുടര്‍ന്നാണ് ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
പരിക്ക് അതീവ ഗുരുതരമായതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റിയ വന്ദനയുടെ മരണം ബുധനാഴ്ച പുലര്‍ച്ചെ ഒമ്പത് മണിയോടെയാണ് സ്ഥിരീകരിച്ചത്. കഴുത്തിന് ആഴത്തിലേറ്റ മുറിവാണ് മരണ കാരണമെന്നാണ് വിവരം.
ആശുപത്രിയിലെത്തിയ സന്ദീപ് ആദ്യം ശാന്തനായിരുന്നെങ്കിലും പെട്ടെന്ന് അക്രമാസക്തനായി. ഡോക്ടറുടെ മുറിയിലുണ്ടായിരുന്ന സർജിക്കൽ കത്തി കൈക്കലാക്കി. തടയാൻ ചെന്ന പൊലീസുകാരെ ആദ്യം കുത്തി. തുടർന്ന് ഡോക്ടറുടെ മുറിയിലേക്ക് കയറി ആക്രമിക്കുകയായിരുന്നു. ഡോക്ടറുടെ നെഞ്ചിൽ കയറിയിരുന്നാണ് ഇയാൾ തുരുതുരാ കുത്തിയതെന്ന് ദൃക്സാക്ഷി പറയുന്നത്. തടയാൻ ശ്രമിച്ച എയ്ഡ് പോസ്റ്റിലെ ജീവനക്കാരന് നേരെയും ആക്രമണമുണ്ടായി. പിന്നീട് പിന്നിലും കുത്തി. കഴുത്തിലും നെഞ്ചിലുമേറ്റ കുത്തേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എംഡിഎംഎ അടക്കം ഉപയോഗിക്കുന്നയാളാണ് പ്രതി സന്ദീപെന്ന് ആരോപണമുയർന്നു.
പൊലീസ് വിലങ്ങണിയിക്കാതെ ഇത്രയും അക്രമകാരിയായ ഒരാളെ ആശുപത്രിയിലെത്തിച്ചത് ഗുരുതര വീഴ്ചയാണെന്ന് ഐഎംഎ ആരോപിക്കുന്നു. മതിയായ സുരക്ഷയും ഒരുക്കിയിരുന്നില്ല. ശാരീരികമായി കരുത്തനായ സന്ദീപിനൊപ്പം മൂന്നോ നാലോ പൊലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്. കെജിഎംഒയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വീട്ടിലും നാട്ടിലും ഇത്രത്തോളം പ്രശ്നമുണ്ടാക്കിയ പ്രതിയെ വളരെ ലാഘവത്തോടെയാണ് പൊലീസ് കൈകാര്യം ചെയ്തതെന്നും ആരോപണമുയർന്നു. അക്രമണത്തിന് ശേഷമാണ് കൂടുതൽ പൊലീസ് സ്ഥലത്തെത്തിയത്. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട ഇയാൾ ഡീഅഡിക്ഷൻ സെന്ററിൽ നിന്ന് ഈയടുത്താണ് പുറത്തിറങ്ങിയത്.