ചെങ്കോട്ട സ്ഫോടനത്തിനു പിന്നിൽ 8 ഡോക്ടർമാരടങ്ങുന്ന പത്തംഗസംഘം; എല്ലാവരും ജെയ്‌ഷെ അംഗങ്ങൾ; വിശദാംശങ്ങൾ പുറത്ത്

ചെങ്കോട്ട സ്ഫോടനത്തിനു പിന്നിൽ 8 ഡോക്ടർമാരടങ്ങുന്ന പത്തംഗസംഘം; എല്ലാവരും ജെയ്‌ഷെ അംഗങ്ങൾ; വിശദാംശങ്ങൾ പുറത്ത്

ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ കാര്‍ ബോംബാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം വിരല്‍ചൂണ്ടുന്നത് ഡോക്ടര്‍മാരടക്കം 10 പേരടങ്ങുന്ന ഒരു ഭീകര സംഘത്തിലേക്ക്. ഈ പത്തുപേരും പാകിസ്താന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ മൊഡ്യൂളിന്റെ ഭാഗമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താന്‍ ആസ്ഥാനമായുള്ള ഭീകരന്‍ ഹന്‍ജുല്ല എന്ന ഉമര്‍-ബിന്‍-ഖത്താബും ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍നിന്നുള്ള ഒരു ഇസ്ലാമിക പുരോഹിതനായ മൗലവി ഇര്‍ഫാന്‍ അഹമ്മദ് വാഗെയുമാണ് ഈ മൊഡ്യൂളിന്റെ തലവന്‍മാരെന്നാണ് റിപ്പോര്‍ട്ട്.

ഹരിയാണ, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തീവ്രവാദികളായ ഡോക്ടര്‍മാരും കശ്മീരിലെ തീവ്രവാദികളും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നത് വാഗെയാണെന്നാണ് വിവരം. ഇവര്‍ക്കും ജെയ്‌ഷെ മുഹമ്മദിനു ഇടയിലെ കണ്ണിയും ഇയാള്‍ തന്നെയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തീവ്രവാദ ബന്ധത്തില്‍ നേരത്തേ അറസ്റ്റിലായ ഡോക്ടര്‍മാര്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുനല്‍കിയിരുന്നതും ഇയാള്‍ തന്നെയാണെന്നാണ് വിവരം.

ജെയ്‌ഷെ മുഹമ്മദിനും ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയവര്‍ക്കും ഇടയിലെ മറ്റൊരു കണ്ണി, നേരത്തേ അറസ്റ്റിലായ ഡോ. ഷഹീന്‍ ഷാഹിദാണ്. ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗത്തിലെ മുതിര്‍ന്ന നേതാവാണെന്ന് അന്വേഷകര്‍ വിശ്വസിക്കുന്ന ആളുകൂടിയാണ് ഷഹീന്‍. ചെങ്കോട്ട സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടവര്‍ക്കായി 20 ലക്ഷം രൂപയുടെ ധനസഹായം സമാഹരിച്ചതും ഷഹീന്‍ തന്നെ. ഒരു റൈഫിളും ഇവരുടെ പക്കലുണ്ടായിരുന്നു. ഇത് ഇവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത മാരുതി സുസുക്കി സ്വിഫ്റ്റ് കാറില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. കൂടാതെ അന്വേഷണ സംഘം അവസാനം അല്‍ ഫലാഹ് സര്‍വകലാശാലയില്‍നിന്ന് പിടിച്ചെടുത്ത ബ്രെസ്സ കാറും ഇവരുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വാഗെയാണ് ഈ സംഘത്തിലെ പ്രധാനി. 2023-ല്‍ ശ്രീനഗറിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍വെച്ച് കണ്ടുമുട്ടിയ ഈ സെല്ലിലെ ആദ്യ അംഗമായ ഡോ. മുജാമില്‍ ഷക്കീലിനെ തീവ്രവാദത്തിലേക്കെത്തിക്കുന്നത് വാഗെയാണ്. പിന്നീട് ഡോ. ആദില്‍ അഹമ്മദ് റാത്തര്‍, ഡോ. ഉമര്‍ മുഹമ്മദ്, ഡോ. ഷഹീന്‍ ഷാഹിദ് എന്നിവരെ റിക്രൂട്ട് ചെയ്ത് വാഗെയെ തന്റെ തീവ്രവാദ ശൃംഖല വികസിപ്പിക്കാന്‍ സഹായിച്ചത് മുജാമില്‍ ഷക്കീലാണ്.

ഡോ. ഷഹീന്‍ ഷാഹിദ്, ലഖ്നൗ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ തന്റെ സഹോദരന്‍ ഡോ. പര്‍വേസ് അന്‍സാരിയെ ഈ സംഘത്തിന്റെ ഭാഗമാക്കി. വാഗെ യുപിയിലെ മറ്റൊരു കോളേജില്‍ ജോലിചെയ്തിരുന്ന ഡോ. ഫാറൂഖ് അഹമ്മദ് ദാറിനെയും ഈ സംഘത്തിലെത്തിച്ചു. അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് സ്ഫോടകവസ്തു നിര്‍മിക്കാന്‍ ആവശ്യമായ വലിയ അളവിലുള്ള രാസവസ്തുക്കള്‍ ശേഖരിക്കാന്‍ അന്‍സാരിയും ഫാറൂഖ് അഹമ്മദ് ദാറും സഹായിച്ചിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ഈ സെല്ലിലെ മറ്റ് രണ്ട് അംഗങ്ങള്‍ ഡോക്ടര്‍മാരല്ല. ചെങ്കോട്ടയില്‍ പൊട്ടിത്തെറിച്ച ഐ 20 കാര്‍ വാങ്ങിയ ജമ്മു കശ്മീരിലെ സംബൂറ സ്വദേശിയായ ആമിര്‍ റാഷിദ് അലിയാണ് അതില്‍ ഒരാള്‍. ജാസിര്‍ ബിലാല്‍ വാണിയാണ് പത്താമത്തെയാള്‍. ചാവേര്‍ ബോംബര്‍ ഡോ. ഉമര്‍ മുഹമ്മദിനെ സഹായിച്ചത് അനന്ത്‌നാഗ് സ്വദേശിയായ ജാസിറാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News