ഡല്‍ഹി സ്‌ഫോടനം: ജമ്മു കശ്മീരിലെ ആശുപത്രിയില്‍ നിന്ന് പുറത്താക്കിയ ഡോക്ടര്‍ നിസാര്‍ ഹസ്സന്‍ സംശയനിഴലില്‍

'ടൈം ബോംബ്'; ജമ്മു കശ്മീരിലെ ആശുപത്രിയില്‍ നിന്ന് പുറത്താക്കിയ ഡോക്ടര്‍ നിസാര്‍ ഹസ്സന്‍ സംശയനിഴലില്‍

ന്യൂഡല്‍ഹി: ഭീകരബന്ധം ആരോപിച്ച് 2023 നവംബറില്‍ ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ശ്രീനഗറിലെ എസ്എച്ച്എംഎസ് ആശുപത്രിയില്‍ നിന്ന് പുറത്താക്കിയ ഡോക്ടര്‍ നിസാര്‍ ഉള്‍ ഹസ്സന്‍, ഡല്‍ഹിയിലുണ്ടായ കാര്‍ സ്‌ഫോടനത്തില്‍ സംശയത്തിന്റെ നിഴലില്‍. വ്യാപകമായ അക്രമം അഴിച്ചുവിടാനും ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയര്‍ത്താനും പാകിസ്താനും അതിന്റെ ഭീകര-വിഘടനവാദി ശൃംഖലയ്ക്കും എപ്പോള്‍ വേണമെങ്കിലും വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന 'ഒരു ടൈം ബോംബാണ്' ഹസ്സന്‍ എന്നായിരുന്നു ജമ്മു കശ്മീര്‍ സിഐഡി അന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.

പിരിച്ചുവിട്ടതിന് തൊട്ടുപിന്നാലെ ഹസ്സനെ ഫരീദാബാദിലെ അല്‍-ഫലാഹ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ജോലിക്കെടുത്തിരുന്നു. അവിടെ വെച്ച്, അദ്ദേഹത്തിന്റെ കീഴില്‍ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന കാര്‍ ബോംബര്‍ എന്ന് ആരോപിക്കപ്പെടുന്ന ഉമര്‍ നബി ഉള്‍പ്പെടെയുള്ള മെഡിക്കല്‍ പ്രൊഫഷണലുകളെ ഹസ്സന്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചതായാണ് സംശയിക്കപ്പെടുന്നത്.

കശ്മീരിലെ വിഘടനവാദികള്‍ക്കും ഭീകരര്‍ക്കും പിന്തുണ നല്‍കുകയും മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കിടയില്‍ വിഘടനവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത ഹസ്സന്റെ മുന്‍കാല ചരിത്രമാണ് സംശയങ്ങള്‍ക്കിട നല്‍കിയത്. ജെയ്ഷെ-മുഹമ്മദ് സംഘത്തിന്റെ സൂത്രധാരനും പ്രേരകനുമായി നിസാര്‍ ഉള്‍ ഹസ്സന്‍ മാറാന്‍ സാധ്യതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. അറസ്റ്റിലായ ഡോക്ടര്‍മാരായ ഡോ. മുസമ്മില്‍, ഡോ. അദീല്‍, ഡോ. ഷഹീന്‍, ഡോ. പര്‍വേസ്, മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉമര്‍ നബി എന്നിവരുടെ സംഘവുമായുള്ള നിസാര്‍ ഉള്‍ ഹസ്സന്റെ ബന്ധം എങ്ങനെയായിരുന്നുവെന്നാണ് അന്വേഷണ സംഘം ഇപ്പോള്‍ പരിശോധിച്ച് വരുന്നത്. ഇതിനിടെ ചോദ്യം ചെയ്യലിനായി നിസാര്‍ ഉള്‍ ഹസ്സനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News