ബെംഗളൂരു: നാല്‍പ്പത്തിയഞ്ചുകാരനായ അനസ്തേഷ്യോളജിസ്റ്റിനെ സ്വന്തം അപ്പാര്‍ട്ട്മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍. അദ്ദേഹത്തിന്റെ എട്ടു വയസ്സുള്ള മകനെ മറ്റൊരു മുറിയില്‍ കുത്തേറ്റ നിലയിലും കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകയിലെ ധാര്‍വാഡിലാണ് സംഭവം. ചിരായുവ് ആശുപത്രിയിലെ അനസ്തേഷ്യോളജിസ്റ്റായ ഡോ. കിരണ്‍ ഹൊനന്നാവര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കിരണിന്റെ ഭാര്യയായ ഡോ. പ്രിയങ്കയെ പോലിസ് കസ്റ്റഡിയിലെടുത്തു.
ഡോ. കിരണിനെ ബന്ധപ്പെടാന്‍ ബന്ധുക്കള്‍ പലതവണ ശ്രമിച്ചിട്ടും കിട്ടാതായതോടെ കുടുംബാംഗങ്ങള്‍ അപ്പാര്‍ട്ട്മെന്റിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവിനെ ഒരു മുറിയിലും പരുക്കേറ്റ കുട്ടിയെ മറ്റൊരു മുറിയിലുമാണ് കണ്ടെത്തിയത്. കൊലപാതകത്തില്‍ ഡോ. പ്രിയങ്കയ്ക്ക് പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.കിരണിനെ പലതവണ ബന്ധുക്കള്‍ വിളിച്ചിട്ടും ഫോണെടുത്തില്ല. ഫോണെടുത്ത പ്രിയങ്ക അദ്ദേഹം വിശ്രമിക്കുകയാണെന്നും പിന്നീട് വിളിച്ചപ്പോള്‍ പുറത്തുപോയെന്നും പറഞ്ഞിരുന്നു.
വൈകുന്നേരമായിട്ടും അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ വീട്ടുകാര്‍ക്ക് സംശയമായി ഇതിനെത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അപ്പാര്‍ട്ട്മെന്റിലെത്തി പരിശോധിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്. കുട്ടി പരുക്കേറ്റ നിലയില്‍ മറ്റൊരു മുറിയിലായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോള്‍ കുട്ടിക്ക് ശ്വാസം ഉണ്ടായിരുന്നു. ഉടന്‍ തന്നെ അവനെ ആശുപത്രിയിലേക്ക് മാറ്റി.
”ഭാര്യ നിലവില്‍ കടുത്ത മാനസികാഘാതത്തിലാണ്. പരസ്പരവിരുദ്ധവും അസാധാരണവുമായ കാര്യങ്ങളാണ് പറയുന്നത്. അയല്‍ക്കാരുമായി തര്‍ക്കങ്ങളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നതായി സൂചനയൊന്നുമില്ല. ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങളുള്ള അപ്പാര്‍ട്ട്മെന്റിലാണ് ഇവരുടെ താമസം. അതുകൊണ്ട് തന്നെ പുറത്തുനിന്നും ആളുകള്‍ പ്രവേശിക്കാനുള്ള സാധ്യതയില്ല. സംഭവസമയത്ത് ഭര്‍ത്താവ്, ഭാര്യ, കുട്ടി എന്നിവര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യയും നേത്രരോഗ വിദഗ്ധയുമായ ഡോ. പ്രിയങ്കയെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ മകനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിവരികയാണ്,” ഹുബ്ബള്ളി-ധാര്‍വാഡ് പൊലീസ് കമ്മിഷണര്‍ എന്‍. ശശികുമാര്‍ പറഞ്ഞു.
English Summary
A 45-year-old anesthesiologist, Dr. Kiran Honannavar, was found murdered inside his apartment in Dharwad, Karnataka. In another room of the same apartment, his 8-year-old son was discovered with severe stab wounds and has been rushed to the hospital in critical condition. Dr. Kiran was working as an anesthesiologist at Chirayu Hospital. Following the gruesome incident, the police have taken Dr. Kiran’s wife, Dr. Priyanka, into custody for interrogation. Preliminary investigation suggests domestic disputes led to the crime, and forensic teams are gathering evidence from the scene.


