ന്യൂഡല്‍ഹി: കേരളത്തില്‍ കൊവിഡിനെ ഫലപ്രദമായി നിയന്ത്രിക്കാനായെന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ കോളേജിലെ മുന്‍ പ്രൊഫസറും വൈറോളജിസ്റ്റുമായ ഡോ. ടി ജേക്കബ് ജോണ്‍. കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറയാത്തത് ആശങ്കയുളവാക്കുന്നതാണെന്ന പ്രധാനമന്ത്രിയുടെ വാദം പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് മാത്രമാണെന്നും ജേക്കബ് ജോണ്‍ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
ദക്ഷിണാഫ്രിക്കയില്‍ മൂന്നാം തരംഗവും ഇംഗ്ലണ്ടില്‍ നാലാം തരംഗവും സംഭവിച്ച സമയത്ത് ഇന്ത്യയില്‍ ദേശീയ തലത്തില്‍ രണ്ടാം തരംഗം സംഭവിച്ചിട്ടേ ഉള്ളു. അതുകൊണ്ട് തന്നെ രാജ്യത്ത് ഇനിയൊരു മൂന്നാം തരംഗം ഉണ്ടാക്കാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ കൊവിഡിനെതിരെ കഴിയുന്നത്ര മുന്‍കരുതലുമെടുത്തു. ഇപ്പോള്‍ വാക്സിനേഷനിലും കേരളം സ്വീകരിക്കുന്ന നടപടികള്‍ ശ്ലാഘനീയമാണ്, അദ്ദേഹം പറഞ്ഞു. ലോക്ഡൗണ്‍ കൊണ്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആവശ്യത്തിന് വാക്സിന്‍ ലഭിക്കാതെ കൊവിഡ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല.
‘ലോക്ഡൗണ്‍ കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടായോ എന്നാണ് ചോദ്യം. കുഭമേളകള്‍ നടത്തണമെന്നല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. കരുതലോടെയുള്ള നിയന്ത്രണങ്ങളാവാം. അല്ലാതെയുള്ള ലോക്ഡൗണ്‍ തുടരേണ്ടതില്ല എന്നാണ് എന്റെ നിലപാട്. ആവശ്യത്തിന് വാക്സിന്‍ ലഭ്യമായിരുന്നെങ്കില്‍ കേരളം കോവിഡിനെ നേരിടുന്നതില്‍ എത്രയോ മുന്നേറുമായിരുന്നു. വാക്സിന് ജനുവരിയില്‍ അനുമതി കിട്ടിയതാണ്. ഇതിപ്പോള്‍ ജൂലായ് ആയിട്ടും വാക്സിന്‍ ലഭ്യത പ്രശ്നമാണ്. ആവശ്യത്തിന് വാക്സിന്‍ ലഭ്യമാക്കാതെ കൊവിഡ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല,’ ജേക്കബ് ജോണ്‍ പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെയും മരണപ്പെടുന്നുവരുടേയും എണ്ണത്തില്‍ വലിയ വര്‍ദ്ധന ഉണ്ടായാല്‍ മാത്രമാണ് പേടിക്കേണ്ടതെന്നും അങ്ങനെയല്ലെങ്കില്‍ പേടിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ അണുബാധിതരുടെ എണ്ണം കൂടുന്നത് കൊണ്ട് മാത്രം പേടിക്കേണ്ടതില്ല. അണുബാധ അത്ര തന്നെ മാരകമല്ലെന്നാണ് മനസിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ഡെല്‍റ്റ വേരിയന്റിനേക്കാള്‍ കൂടുതല്‍ വ്യാപകമായി പടരുന്ന മറ്റൊരു വകഭേദം ഇനിയും കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ഓഗസ്റ്റോടെ തന്നെ കൊവിഡ് വ്യാപനം കുറയാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ കുറച്ച് മെച്ചപ്പെട്ടിട്ടുണ്ട്. നിലവില്‍ 28 ലാബുകളില്‍ കൊവിഡ് 19-ന്റെ വകഭേദങ്ങള്‍ കണ്ടെത്തുന്നതിനുള്ള പഠനങ്ങള്‍ നടക്കുന്നുണ്ട്. കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള സംവിധാനം ഈ ലാബുകളില്‍ ഒരുക്കാന്‍ നടപടി വേണം. ഇപ്പോള്‍ ഡെല്‍റ്റ വേരിയന്റിന്റെ ആക്രമണമാണ് ലോകമെമ്പാടും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.