വാഷിംഗ്‌ടൺ: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാരെ വിലക്കി അമേരിക്ക. ഇന്ത്യ – പാക് അതിർത്തി, നിയന്ത്രണ രേഖ, ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭീകരാക്രമണ സാദ്ധ്യത കണക്കിലെടുത്താണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പൗരന്മാർക്ക് യാത്ര വിലക്കി നിർദേശം നൽകിയത്.
അമേരിക്കൻ പൗരന്മാർ പാകിസ്ഥാനിലേക്ക് നടത്താനിരിക്കുന്ന യാത്രകൾ പുനഃപരിശോധിക്കണം. പാകിസ്ഥാൻ ഭീകരവാദികൾ ആക്രമണം ആസൂത്രണം ചെയ്യുകയാണ്. ഇതുവരെ നിരവധിപേർക്കാണ് ജീവൻ നഷ്‌ടമായത്. വിനോദസഞ്ചാര കേന്ദ്രങ്ങൾ, സർവകലാശാലകൾ, ഷോപ്പിംഗ് മാളുകൾ, വിമാനത്താവളങ്ങൾ, ആശുപത്രികൾ എന്നിവയടക്കം ഭീകരർ ലക്ഷ്യമിടാൻ സാദ്ധ്യതയുണ്ട്. അതിനാൽ, പാകിസ്ഥാനിലേക്കുള്ള യാത്ര ഒളിവാക്കണം എന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
യുഎസ് നയതന്ത്രജ്ഞരെയടക്കം മുൻകാലങ്ങളിൽ ഭീകരവാദികൾ ലക്ഷ്യമിട്ടിരുന്നു. യുഎസ് എംബസി ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾക്കെതിരെ ഭീകരാക്രമണ ഭീഷണി ഉണ്ടായിരുന്നെന്നും അമേരിക്കയുടെ മുന്നറിയിപ്പിൽ പറയുന്നു. പാകിസ്ഥാനിലുള്ള യുഎസ് പൗരന്മാർ സുരക്ഷിതമാണെങ്കിൽ സജീവ സംഘർഷ, സൈനിക പ്രവർത്തനങ്ങൾ നടക്കുന്ന മേഖലകളിലേക്കുള്ള യാത്ര ഉപേക്ഷിക്കുക. സുരക്ഷിത സ്ഥാനത്തേക്ക് മാറാനായില്ലെങ്കിൽ വീടിനുള്ളിൽ തന്നെ തുടരണം.
ഭീകരവാദികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു പ്രവർത്തനങ്ങളും ചെയ്യരുത്. തിരിച്ചറിയൽ രേഖകൾ കൈവശം സൂക്ഷിക്കണമെന്നും അറിയിപ്പിൽ പറയുന്നു. ഇന്ത്യൻ സൈനിക നടപടിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും എംബസി പ്രസ്‌താവനയിൽ പറയുന്നു.

