ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഭരണസമിതി പിരിച്ചുവിട്ട കേന്ദ്രസർക്കാർ നടപടി അംഗീകരിക്കില്ലെന്ന് ഫെഡറേഷൻ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജയ് സിങ്. ഫെഡറേഷൻ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ നിയമിച്ച താത്കാലിക ഭരണസമിതിയുമായി സഹകരിക്കില്ലെന്നും ദേശീയ ഗുസ്തി മത്സരങ്ങളുമായി മുന്നോട്ട് പോകുമെന്നും സഞ്ജയ് സിങ് പറഞ്ഞു.
“ഞങ്ങൾ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടവരാണ്. റിട്ടേണിങ് ഓഫീസർ പേപ്പറുകളിൽ ഒപ്പിട്ടിരുന്നു, അവർ എങ്ങനെ അവർക്ക് നിഷേധിക്കാനാകും,” അദ്ദേഹം ചോദിച്ചു.“ഞങ്ങൾ ഒരു നിയമവും ലംഘിച്ചിട്ടില്ലെന്ന വിശദീകരണം മന്ത്രാലയത്തിന് അയച്ചിരുന്നു. ഇപ്പോഴും മറുപടിക്കായി കാത്തിരിക്കുകയാണ്. ഒന്നോ രണ്ടോ ദിവസം കാത്തിരിക്കും. അവർക്ക് ഞങ്ങളുമായി ആശയവിനിമയം നടത്താൻ താൽപ്പര്യമില്ലെങ്കിൽ, ഞങ്ങൾക്കും താൽപ്പര്യമില്ല. ഫെഡറേഷൻ ഈ സസ്പെൻഷൻ അംഗീകരിക്കുന്നില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഡബ്ല്യു.എഫ്.ഐ.യുടെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ പിരിച്ചുവിട്ടതിനു പിന്നാലെ കഴിഞ്ഞ ബുധനാഴ്ചയാണ് അഡ്‌ഹോക് കമ്മിറ്റി രൂപവത്കരിച്ചത്. ന്യായമായ കളിയും സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കാനാണ് അഡ്‌ഹോക്ക് കമ്മിറ്റിയെ നിയമിച്ചതെന്ന് ഐ.ഒ.എ. അറിയിച്ചിരുന്നു.
ബ്രിജ്ഭൂഷന്റെ അടുപ്പക്കാരൻ സഞ്ജയ് സിങ്ങിനെ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റായി തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് സാക്ഷി മാലിക് ഗുസ്തിയിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ബജ്രംഗ് പുനിയ പദ്മശ്രീ മടക്കിനൽകിയും പ്രതിഷേധിച്ചു.
പിന്നാലെ, ഗൂംഗൽ പെഹൽവാൻ എന്നറിയപ്പെടുന്ന ബധിര ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് വീരേന്ദർ സിങ് യാദവും മെഡൽ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചു. ഇതോടെയാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ കായിക മന്ത്രാലയം പിരിച്ചുവിട്ടത്.