ബെംഗളൂരു: ടിപ്പു സുല്‍ത്താന്റെ കടുത്ത അനുയായികളെ കൊലപ്പെടുത്തണമെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടകയിലെ ബിജെപി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍. ടിപ്പു സുല്‍ത്താനെ പിന്തുണയ്ക്കുന്നവരെ തുരത്തി കാട്ടിലേക്ക് അയക്കണമെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗീയ പ്രസ്താവനകളുടെ പേരില്‍ വിവാദം ക്ഷണിച്ചുവരുത്താറുള്ള നേതാവാണ് കട്ടീല്‍.
കൊപ്പാല്‍ ജില്ലയിലെ യേലബുര്‍ഗയില്‍ ബിജെപി പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു നളിന്‍ കുമാര്‍ കട്ടീലിന്റെ വര്‍ഗീയവും പ്രകോപനപരവുമായ പരാമര്‍ശം. നാം രാമന്റെയും ഹനുമാന്റെയും ഭക്തരാണ്. നാം ഹനുമാനോട് പ്രാര്‍ഥിക്കുകയും പ്രണാമം അര്‍പിക്കുകയും ചെയ്യുന്നു. നാം ടിപ്പുവിന്റെ അനുയായികളല്ല. ടിപ്പുവിന്റെ അനുയായികളെ തിരിച്ചയക്കണം.
നിങ്ങള്‍ ഹനുമാനോടാണോ ടിപ്പുവിനോടാണോ പ്രാര്‍ഥിക്കുക? അപ്പോള്‍ നിങ്ങള്‍ ടിപ്പുവിന്റെ അനുയായികളെ കാട്ടിലേക്ക് അയയ്‌ക്കേണ്ടതല്ലേ? നിങ്ങള്‍ ചിന്തിച്ചുനോക്കുക. ഈ നാടിന് ആവശ്യം ഹനുമാന്‍ വിശ്വാസികളെയാണോ ടിപ്പുവിന്റെ അനുയായികളെയാണോ എന്ന് നിങ്ങള്‍ ചിന്തിക്കുക. ടിപ്പുവിന്റെ കടുത്ത അനുയായികള്‍ ഈ മണ്ണില്‍ ജീവനോടെ ഉണ്ടാവരുത്, അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ടിപ്പുവും സവര്‍ക്കറും തമ്മിലുള്ള ഏറ്റമുട്ടലായിരിക്കുമെന്ന് ഏതാനും ദിവസം മുന്‍പ് നളിന്‍കുമാര്‍ കട്ടീല്‍ പ്രസംഗിച്ചിരുന്നു. കോണ്‍ഗ്രസ് ടിപ്പു ജയന്തി ആഘോഷിക്കുകയും സവര്‍ക്കറേക്കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.