ബെംഗളൂരു: ബെംഗളൂരുവിൽ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ കുടിവെള്ളം ഉപയോഗിച്ചുള്ള വിവിധ പ്രവൃത്തികൾക്ക് നിരോധനം ഏർപ്പെടുത്തി കർണാടക വാട്ടർ സപ്ലൈ ആൻ്റ് സ്വീവറേജ് ബോർഡ്. കാർ കഴുകൽ, ചെടി നനയ്ക്കൽ, നിർമാണപ്രവൃത്തി, കൃത്യമ വെള്ളച്ചാട്ടങ്ങൾ എന്നിവയ്ക്ക് കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചു. നിർദേശം ലംഘിക്കുന്നവർക്ക് 5,000 രൂപ പിഴ ചുമത്തുമെന്ന് കർണാടക വാട്ടർ സപ്ലൈ ആൻ്റ് സ്വീവറേജ് ബോർഡ് അറിയിച്ചു.
വേനൽ കടുക്കും മുൻപേ കുഴൽക്കിണറുകളടക്കം വറ്റിവരണ്ടതാണ് നഗരം കടുത്ത ജലക്ഷാമം നേരിടാനിടയാക്കിയത്.
ജലവിതരണത്തിനായി കർണാടക മിൽക്ക് ഫെഡറേഷൻ്റെ പാൽ ടാങ്കറുകൾ ഉപയോഗപ്പെടുത്താനും നഗരത്തിൻ്റെ പ്രാന്തപ്രദേശങ്ങളിലെ കുഴൽക്കിണറുകൾ ഏറ്റെടുക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. കൂടാതെ, വാട്ടർ ടാങ്ക് ഉടമകൾ വ്യാഴാഴ്ചക്കകം സർക്കാരിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദേശിച്ചിരുന്നു. അല്ലാത്ത പക്ഷം ടാങ്കറുകൾ ആർടിഒ മുഖേന പിടിച്ചെടുക്കാനും തീരുമാനിച്ചു.
നഗരത്തിൽ ജലക്ഷാമം രൂക്ഷമായതോടെ ടാങ്കർ വെള്ളമെത്തിക്കുന്നതിനുള്ള നിരക്ക് കുത്തനെ ഉയർന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. 12,000 ലിറ്റർ വെള്ളം ഇറക്കുന്നതിന് 700 ഉം 800 ഉം രൂപ ഈടാക്കിയ സ്ഥാനത്ത് ഇപ്പോൾ ഈടാക്കുന്നത് 1500 മുതൽ 1800 രൂപ വരെയാണ്. ചിലയിടത്ത് നിരക്ക് 2000 രൂപ കടന്നു. ഇതിനു പരിഹാരമെന്നോണം ജില്ലാ ഭരണകൂടം സ്വകാര്യ കുടിവെള്ള ടാങ്കറുകളുടെ നിരക്ക് നിശ്ചയിച്ച് ഉത്തരവിറക്കി.
അഞ്ചു കിലോമീറ്റർ ചുറ്റളവിനുള്ളിൽ 6,000 ലിറ്റർ വെള്ളം എത്തിക്കുന്നതിന് 600 രൂപ. ഇതേ അളവിലുള്ള വെള്ളം 10 കിലോമീറ്റർ ചുറ്റളവിലാണെങ്കിൽ നിരക്ക് 750 രൂപ. 8000 ലിറ്റർ വെള്ളം അഞ്ചു കിലോമീറ്റർ ചുറ്റളവിൽ എത്തിക്കുന്നതിന് 700 രൂപയും 10 കിലോമീറ്റർ ചുറ്റളവിൽ എത്തിക്കുന്നതിന് 850 രൂപയും. 12,000 ലിറ്റർ വെള്ളം എത്തിക്കുന്നതിന് 1000നും 1200നും ഇടയിലാണ് നിരക്ക്. ഓരോ അധിക കിലോമീറ്ററിനും 50 രൂപ അധികമായി ഈടാക്കാം.