ചെന്നൈ: ഹിന്ദി ഭാഷയെക്കുറിച്ച് നിലനില്‍ക്കുന്ന തർക്കങ്ങള്‍ക്കിടെ വിവാദ പ്രസ്താവനയുമായി ഡി.എം.കെ എംപി ടി.കെ.എസ്. ഇളങ്കോവന്‍. ഹിന്ദി ‘അവികസിത സംസ്ഥാനങ്ങ’ളുടെ ഭാഷയാണെന്നും ഇത് അടിച്ചേല്‍പ്പിക്കുന്നത് തമിഴരെ ‘ശൂദ്രരു’ടെ നിലയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്നത് ‘മനു ധര്‍മ്മം’ അടിച്ചേല്‍പ്പിക്കുന്നതിന് തുല്യമാണെന്നും ഡി.എം.കെയുടെ രാജ്യസഭാംഗമായ ഇളങ്കോവന്‍ പറഞ്ഞു.
‘ഹിന്ദി നമുക്ക് ഒരു ഗുണവും ചെയ്യില്ല. പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം ഉള്‍പ്പെടെ വികസിത സംസ്ഥാനങ്ങളില്‍ ഹിന്ദിയല്ല മാതൃഭാഷ. ബിഹാര്‍, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ എന്നീ അവികസിത സംസ്ഥാനങ്ങളില്‍ മാത്രമാണ് ഹിന്ദി മാതൃഭാഷയായുള്ളത്. പിന്നെ എന്തിന് നമ്മള്‍ ഹിന്ദി പഠിക്കണം?’, ഹിന്ദിക്ക് എതിരായി സംഘടിപ്പിച്ച ഒരു പ്രതിഷേധ പരിപാടിയില്‍ ഇളങ്കോവന്‍ പറഞ്ഞു.
ഹിന്ദി ഭാഷയെ പരിഹസിച്ച് തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്‍മുടി നേരത്തെ രംഗത്തെത്തിയിരുന്നു. ഹിന്ദി ഭാഷയ്ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന വാദം തെറ്റാണെന്നും തമിഴ്നാട്ടില്‍ ഹിന്ദി സംസാരിക്കുന്നവര്‍ പാനി പൂരി കച്ചവടം നടത്തുന്നവരാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. സംസ്ഥാനത്ത് ദ്വിഭാഷ ഫോര്‍മുല സര്‍ക്കാര്‍ തുടരുമെന്നും ഹിന്ദി അടിച്ചേല്‍പിക്കാനുള്ള ശ്രമം ഒരു തരത്തിലും അനുവദിക്കില്ലെന്നും പൊന്‍മുടി വ്യക്തമാക്കിയിരുന്നു.
നേരത്തെ, വ്യത്യസ്ത സംസ്ഥാനക്കാര്‍ പരസ്പരം സംസാരിക്കുമ്പോള്‍ ഇംഗ്ലീഷിലല്ല ഹിന്ദിയില്‍ സംസാരിക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു. പ്രാദേശിക ഭാഷകള്‍ക്ക് പകരമായല്ല, മറിച്ച് ഇംഗ്ലീഷിന് പകരമായി തന്നെ ഹിന്ദിയെ ഉപയോഗിക്കണമെന്നും പാര്‍ലമെന്റിലെ ഔദ്യോഗിക ഭാഷാ കമ്മിറ്റി യോഗത്തില്‍ അമിത് ഷാ പറഞ്ഞു. ഇതിന് പിന്നാലെയാണ് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് എതിര്‍പ്പുയർന്നത്.