25.1 C
Kottayam
Thursday, May 16, 2024

ഗവർണറെ തിരിച്ചുവിളിയ്ക്കണമെന്ന ആവശ്യവുമായി ഡി.എം.കെ, പിന്തുണച്ച് കോൺഗ്രസും സി.പി.എമ്മും

Must read

ചെന്നൈ: തമിഴ്നാട്ടിൽ ഗവർണർക്കെതിരെ നീക്കം ശക്തമാക്കി ഭരണകക്ഷിയായ ഡിഎംകെ. ഗവർണർ ആർ എൻ രവിക്കെതിരെ ബിജെപി ഇതര പാർട്ടികൾ സംയുക്തമായി നിവേദനം നൽകും. ഗവർണറെ തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിനാണ് നിവേദനം നൽകുക. സംസ്ഥാനത്തെ ഭരണകക്ഷിയായ ഡിഎംകെ നീക്കത്തെ കോൺഗ്രസും സിപിഎമ്മും പിന്തുണയ്ക്കും. കേരളത്തിൽ ഗവർണർക്കെതിരെ കോൺഗ്രസും സിപിഎമ്മും ഒന്നിക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു.

ഗവർണർ ആർ.എൻ.രവിയെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കൂട്ടായി നിവേദനം നൽകണമെന്നാവശ്യപ്പെട്ട് ഡിഎംകെ ട്രഷററും എംപിയുമായ ടി.ആർ.ബാലു ബിജെപി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികൾക്ക് കത്തെഴുതി. നീക്കവുമായി സഹകരിക്കുമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. ബിജെപി ഭരണേതര സംസ്ഥാനങ്ങളിലെ ഗവ‍ർണർമാരുടെ ജനാധിപത്യ വിരുദ്ധ ഇടപെടലുകൾക്കെതിരെ ഒന്നിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നു.

കേരള ഗവർണറുടെ സമാന മനോഭാവത്തിനെതിരെ കോൺഗ്രസും സിപിഎമ്മും അവിടെയും ഒന്നിച്ചുനിൽക്കുമെന്നാണ് ഡിഎംകെ പ്രതീക്ഷിക്കുന്നതെന്നും ടികെഎസ് ഇളങ്കോവൻ പറഞ്ഞു.

ഇന്നലെ ചെന്നൈയിൽ എത്തിയ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായും ഡിഎംകെ നേതൃത്വം ഇക്കാര്യം കൂടിയാലോചിച്ചു. ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയം കേന്ദ്രീകരിച്ച് ഐക്യനീക്കത്തിനുള്ള ആസൂത്രണം പുരോഗമിക്കുകയാണ്. എംഡിഎംകെ നേതാവ് വൈക്കോയും ഇക്കാര്യത്തിലുള്ള പിന്തുണ അറിയിച്ചിട്ടുണ്ട്. ഗവർണർക്കെതിരായ തുറന്ന സമരത്തിന് പിന്തുണയ്ക്കുന്നതിന് ഒപ്പം ദേശീയ പ്രതിപക്ഷ നിരയിലെ നേതൃപരമായ ഇടപെടലും ഡിഎംകെ ഉന്നമിടുന്ന രാഷ്ട്രീയലക്ഷ്യങ്ങളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week