അദ്ദേഹത്തെ വിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ട്, സമ്മതമാണോ എന്നറിയില്ല’; ബോളിവുഡ് താരത്തെ കുറിച്ച്‌ ദിവ്യദര്‍ശിനി

ചെന്നൈ:തമിഴകത്തെ ജനപ്രിയ അവതാരകയാണ് ഡിഡി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ദിവ്യദര്‍ശിനി. അഭിനയത്തിലൂടെ കരിയര്‍ ആരംഭിച്ചതാണെങ്കിലും അവതാരകയായി എത്തിയത് മുതലാണ് ദിവ്യദര്‍ശിനി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുന്നത്

ഒരുപിടി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് താരം. തമാശ നിറഞ്ഞ രീതിയില്‍ പൊട്ടിച്ചിരിയോടെ സംസാരിക്കുന്ന ഡിഡിയെ വളരെ പെട്ടെന്നാണ് തമിഴ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. സൂപ്പര്‍ ഹിറ്റ് ഷോകളിലൂടെ തമിഴ്‌നാടിന് പുറത്തും ദിവ്യദര്‍ശിനി അറിയപ്പെട്ടു.

തമിഴ്നാട്ടിലെ ഏറ്റവും മികച്ച അവതാരകയായത് കൊണ്ട് തന്നെ എന്നും ലൈംലൈറ്റില്‍ നില്‍ക്കുന്ന താരമാണ് ഡിഡി. അതുകൊണ്ട് തന്നെ താരത്തിന്റെ വ്യക്തിജീവിതം പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ദിവ്യദര്‍ശിനിയുടെ വിവാഹവും വിവാഹമോചനവുമെല്ലാം അത്തരത്തില്‍ വാര്‍ത്തകളില്‍ ഇടംനേടിയതാണ്. സുഹൃത്തും സഹ സംവിധായകനുമായ ശ്രീകാന്ത് രവിചന്ദ്രനെയാണ് ഡിഡി വിവാഹം ചെയ്തത്. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2014ലാണ് ഇരുവരും വിവാഹിതരായത്.

എന്നാല്‍ ഈ ബന്ധം അധികകാലം മുന്നോട്ട് പോയില്ല. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും രണ്ടുപേരും ബന്ധം വേര്‍പ്പെടുത്താൻ തീരുമാനിക്കുകയുമായിരുന്നു. 2017ലാണ് ഇവര്‍ നിയമപരമായി വിവാഹമോചനം നേടുന്നത്. അതേസമയം വിവാഹമോചനത്തിലേക്ക് നയിച്ചത് എന്താണെന്ന് ഇന്നും വ്യക്തമല്ല. ഇതേക്കുറിച്ച്‌ രണ്ടുപേരും തുറന്നു പറയാൻ തയ്യാറായിട്ടില്ല. അതേസമയം ഇവരുടെ വിവാഹമോചനം സംബന്ധിച്ച്‌ നിരവധി അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറെ കാലങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ദിവ്യ വീണ്ടും വിവാഹിതയാകുന്നു എന്ന തരത്തിലുള്ള കിംവദന്തികളും ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. അതിനിടെ ദിവ്യദര്‍ശിനിയുടെ പുതിയൊരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ആരാധകരുടെ ശ്രദ്ധനേടുകയാണ്. തനിക്ക് ഹൃത്വിക് റോഷനെ വിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ഡിഡി. ഇൻസ്റ്റാഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു താരം. ആരാണ് ഇപ്പോഴത്തെ ബോളിവുഡിലെ സെലിബ്രിറ്റി ക്രഷ് എന്ന് ചോദിച്ചപ്പോഴായിരുന്നു ഡിഡി ഹൃത്വികിന്റെ പേര് പറഞ്ഞത്.

സ്‌കൂള്‍, കോളേജ് തുടങ്ങി എല്ലാ കാലത്തും എനിക്ക് ഒരോയൊരു ബോളിവുഡ് ക്രഷേ ഉണ്ടായിട്ടുള്ളൂ. അത് ഹൃത്വിക് റോഷനാണ്’ എന്നാണ് ഡിഡി പറഞ്ഞത്. പിന്നാലെ എങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് ഹൃത്വികിനെ വിവാഹം കഴിച്ചുകൂടാ എന്ന് മറ്റൊരു ആരാധിക ചോദിക്കുകയായിരുന്നു. ‘എനിക്ക് ആഗ്രഹമുണ്ട്. ഞാൻ റെഡിയാണ്. പക്ഷേ അദ്ദേഹം ഓക്കെ ആണോയെന്ന് എനിക്ക് അറിയില്ല’ എന്നായിരുന്നു ഡിഡിയുടെ മറുപടി.

2014ല്‍ ഭാര്യ സൂസന്നെ ഖാനുമായുള്ള ബന്ധം വേര്‍പിരിഞ്ഞ ഹൃത്വിക് പിന്നീട് വിവാഹം കഴിച്ചിട്ടില്ല. അതേസമയം നടി സബ ആസാദുമായി പ്രണയത്തിലായ നടൻ വൈകാതെ വിവാഹിതനാകുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആ വിവാഹം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മുൻപും പല തവണ ഇവര്‍ വിവാഹിതരാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

അതേസമയം അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ തനിക്ക് ഇനി വിവാഹമുണ്ടാകില്ലെന്ന സൂചന ഡിഡി നല്‍കിയിരുന്നു. വിവാഹത്തില്‍ പരാജയപ്പെട്ട ആളാണ് താനെന്നാണ് ദിവ്യ പറഞ്ഞത്. വിവാഹം എന്നത് ജീവിതത്തിലെ ഒരു മൈല്‍സ്റ്റോണ്‍ ഒന്നുമല്ല. അത് ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല എന്നുമില്ല. വേണ്ടവര്‍ക്ക് വിവാഹം കഴിക്കാം. പറ്റാത്തവര്‍ക്ക് അത് വിട്ടിട്ട് വരാനുള്ള സ്വാതന്ത്ര്യവും ഉണ്ട്.

വിവാഹം ഒന്നിന്റെയും അവസാനമല്ല, തുടക്കവുമല്ല. ജീവിതത്തിലെ ഏറ്റവും വലിയ നേട്ടവുമല്ല. ഒരു പ്രാവശ്യം അതിന് ശ്രമിച്ച്‌ തോറ്റുപോയ ആളാണ് ഞാൻ എന്നായിരുന്നു ദിവ്യദര്‍ശിനി പറഞ്ഞത്. റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്ന രോഗബാധിതയായ ഡിഡി അടുത്തിടെയായി വളരെ കുറച്ചു പരിപാടികളില്‍ ആണ് അവതാരകയായി എത്തുന്നത്. രോഗം മൂലം അധികം ദൂരം തനിക്ക് നടക്കാൻ സാധിക്കില്ലെന്ന് ഡിഡി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News