മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ദൃശ്യം 2 ഇതിനോടകം തന്നെ പ്രേക്ഷകമനസില്‍ സ്വീകാര്യത നേടി കഴിഞ്ഞു. സിനിമയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ മുഖ്യചർച്ചാവിഷയമാണ് മോഹന്‍ലാല്‍ കഥാപാത്രമായ ജോര്‍ജുകുട്ടിയുടെ ഫോര്‍ഡ് എകോ സ്‌പോര്‍ട് കാര്‍.
ജോര്‍ജുകുട്ടിയുടെ കാറിന്റെ നമ്പർ വ്യാജമാണെന്നും അത് ഹോണ്ട ഡിയോ സ്‌കൂടെറിന്റെ പേരിലുള്ള നമ്പറാണെന്നുമാണ് സോഷ്യല്‍ മിഡിയയിലെ പുതിയ കണ്ടെത്തല്‍. പരിവാഹന്‍ വെബ്സൈറ്റിലെ വാഹനവിവരങ്ങളുടെ സ്‌ക്രീന്‍ ഷോട് സഹിതമാണ് സോഷ്യല്‍ മീഡിയയിലെ ഈ രസകരമായ ചര്‍ച്ച . സംഭവം വൈറലായതോടെ ഇത് ഗതാഗത വകുപ്പിന്റെ വീഴ്ചയാണെന്നും വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച ജോര്‍ജുകുട്ടിയുടെ പേരില്‍ മോടോര്‍ വാഹന വകുപ്പ് നടപടി എടുക്കണമെന്നും ഉള്ള രസകരമായ കമന്റുകളാണ് വരുന്നത്. ജോര്‍ജുകുട്ടി വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചത് മോടോര്‍ വാഹന വകുപ്പിന്റെ വീഴ്ചയല്ലേയെന്നും ചിലര്‍ ചോദിക്കുന്നു.
ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന് വേണ്ടിയുള്ള ഗംഭീര ക്ലൈമാക്‌സ് തന്റെ കയ്യിലുണ്ടെന്ന് കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ജീത്തു ജോസഫ് വെളിപ്പെടുത്തിയിരുന്നു. ഇത് മോഹന്‍ലാലുമായും ആന്റണി പെരുമ്പാവൂരുമായും ചര്‍ച്ച ചെയ്തു. അവര്‍ക്കും ഇഷ്ടപ്പെട്ടു എന്നും സംവിധായകന്‍ വ്യക്തമാക്കി.
എന്നാല്‍ ദൃശ്യം 3 ഉടന്‍ ഉണ്ടാകില്ലെന്നും കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും കഴിഞ്ഞേ സിനിമ ഉണ്ടാവുകയുള്ളൂ എന്നും ജീത്തു ജോസഫ് അറിയിച്ചു. സിനിമയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ തനിക്ക് സന്തോഷമുണ്ട്. ഇതുവരെ ചിന്തിക്കാത്ത പലതും ആളുകള്‍ കണ്ടെത്തുന്നുണ്ട്. അതോടൊപ്പം തന്നെ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും ജീത്തു പറഞ്ഞു.
മികച്ച പ്രതികരണങ്ങളാണ് ദൃശ്യം 2വിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. എന്നാല്‍ ചിത്രത്തിന് നേരെ വിദ്വേഷ കമന്റുകളും ഉയരുന്നുണ്ട്. തെന്നിന്ത്യന്‍ സിനിമകളില്‍ കൂടുതലും ക്രിസ്ത്യാനികളാണ് എന്നും ആന്ധ്ര, തമിഴ്‌നാട്, കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ഇല്ലാതായി എന്നാണ് കരുതുന്നതെന്നും ജയന്ത എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുയര്‍ന്ന കമന്റ്.