ദോശയ്‌ക്കൊപ്പം സാമ്പാറ് നല്‍കി; ഒരാള്‍ക്ക് 100 രൂപ വീതം ബില്‍! തര്‍ക്കത്തിനൊടുവില്‍ വിനോദസഞ്ചാരികളെ ഹോട്ടലുടമ പൂട്ടിയിട്ടു

തൊടുപുഴ: ഹോട്ടലിലെ ദോശയ്‌ക്കൊപ്പം നല്‍കിയ സാമ്പാറിന് 100 രൂപ വിലയിട്ടത് ചോദ്യം ചെയ്ത വിനോദസഞ്ചാരികളെ ഉടമ ഹോട്ടലിനുള്ളില്‍ പൂട്ടിയിട്ടു. രാമക്കല്‍മേട് കൊമ്പംമുക്കിലെ ഹോട്ടല്‍ ഉടമയും കോട്ടയത്തുനിന്നുള്ള സംഘവും തമ്മിലാണ് വാക്കേറ്റമുണ്ടായത്. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

കൊമ്പംമുക്കിലുള്ള ഹോട്ടലില്‍ മുറിയെടുത്ത കോട്ടയത്തുനിന്നുള്ള ആറുപേര്‍ ശനിയാഴ്ച പ്രഭാതഭക്ഷണം കഴിച്ചശേഷമാണ് തര്‍ക്കമുണ്ടായത്. ദോശയ്ക്ക് മിനിമം വിലയും ഒപ്പം നല്‍കിയ സമ്പാറിന് ഒരാള്‍ക്ക് നൂറ് രൂപയും ഈടാക്കിയാണ് ഹോട്ടലുടമ ബില്‍ നല്‍കിയത്. ഇത് ചോദ്യം ചെയ്തതോടെയാണ് വാക്കേറ്റമുണ്ടായത്.

വിനോദസഞ്ചാരികളുടെ സംഘത്തിലെ ഒരാള്‍ സംഭവം വിഡിയോയില്‍ പകര്‍ത്തിയതോടെയാണ് ഹോട്ടലുടമ ഇവരെ മുറിക്കുള്ളില്‍ പൂട്ടിയിട്ടത്. പൊലീസിനൊപ്പം ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷന്‍, ഹോംസ്റ്റേ റിസോര്‍ട്ട് അസോസിയേഷന്‍ ഭാരവാഹികളും സ്ഥലത്തെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News