ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി സംസാരിച്ചതിന് മൃഗാശുപത്രി ജീവനക്കാരിയെ പിരിച്ചുവിട്ടെന്ന് പരാതി

കോട്ടയം: ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി സംസാരിച്ചതിന് ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി പരാതി. കൈതേപ്പാലം മൃഗാശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരി പി.ഒ. സതിയമ്മയ്ക്കാണ് ജോലി നഷ്ടമായത്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടു നടത്തിയ പ്രതികരണത്തെ തുടര്‍ന്നാണ്‌ സതിയമ്മയെ പിരിച്ചുവിട്ടതെന്നും നടപടിക്ക് കാരണമൊന്നും ചൂണ്ടിക്കാണിച്ചിട്ടില്ലെന്നും സതിയമ്മയുടെ ഭര്‍ത്താവ് പറഞ്ഞു. ഭാര്യയുടെ വരുമാനത്തിലാണ് വീട് കഴിഞ്ഞുപോയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈതേപ്പാലം മൃഗാശുപത്രിയില്‍ നാലുവര്‍ഷമായും അതിന് മുന്‍പ് വൈക്കത്ത് ആറേഴ് കൊല്ലമായും ജോലി ചെയ്തുവരികയായിരുന്നു സതിയമ്മ. പ്രദേശത്ത് കഴിഞ്ഞ ദിവസം യു.ഡി.എഫ്. സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ എത്തിയിരുന്നു.

അപ്പോള്‍, ഉമ്മന്‍ ചാണ്ടി ചെയ്തുതന്ന ഉപകാരത്തേക്കുറിച്ചും ചാണ്ടി ഉമ്മന് വോട്ടുചെയ്യുമെന്നും മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ സതിയമ്മ പറഞ്ഞിരുന്നു. ഇതാണ് പിരിച്ചുവിട്ടതിന് കാരണം എന്നാണ് ആരോപണം. സതിയമ്മയെ പിരിച്ചുവിട്ടതിന് മൃഗസംരക്ഷണ വകുപ്പില്‍നിന്ന് ഇതുവരെ വിശദീകരണം വന്നിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News