മൈസൂരു:കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല. ദലിത് യുവാവിനെ പ്രണയിച്ചതിന് പതിനേഴുകാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൈസൂരുവിലെ പെരിയപട്ടണയിലായിരുന്നു സംഭവം. രണ്ടാം വര്‍ഷ പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി ശാലിനിയാണ് കൊല്ലപ്പെട്ടത്.
പെണ്‍കുട്ടിയുടെ പിതാവ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ സവർണ വിഭാഗമായ വൊക്കലിഗ വിഭാഗത്തിൽ ഉൾപ്പെട്ടതാണ് പെണ്‍കുട്ടിയുടെ കുടുംബം. സമീപത്തുള്ള മെളഹള്ളി ഗ്രാമത്തിലെ ദലിത് യുവാവുമായി പെണ്‍കുട്ടി മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇതിനെ എതിര്‍ത്ത വീട്ടുകാര്‍ യുവാവിന്റെ പേരില്‍ പൊലീസിൽ പരാതി നൽകിയിരുന്നു.
പൊലീസ് സ്‌റ്റേഷനില്‍ ഹാജരായ പെണ്‍കുട്ടി, പക്ഷേ, താന്‍ യുവാവുമായി പ്രണയത്തിലാണെന്നും വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്നും നിലപാട് എടുത്തതിനെ തുടർന്ന് പെണ്‍കുട്ടിയെ അധികൃതർ സര്‍ക്കാർ സംരക്ഷണ കേന്ദ്രത്തിലാക്കി. പിന്നീട് പെണ്‍കുട്ടി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ എത്തി വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരികയായിരുന്നു.
തുടര്‍ന്നും പെണ്‍കുട്ടി പ്രണയബന്ധത്തില്‍ നിന്നും പിന്മാറില്ലെന്നും യുവാവിനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്നും ആവര്‍ത്തിച്ചു. ഇതിനെ തുടർന്ന് പിതാവ് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം യുവാവിന്റെ ഗ്രാമത്തിലെ ഒരു കൃഷിയിടത്തില്‍ കൊണ്ടിട്ടതായും പൊലീസ് പറയുന്നു.
താൻ കൊല്ലപ്പെടുകയാണെങ്കിൽ തന്റെ മരണത്തിനു കാമുകൻ മഞ്ജുനാഥ് ഉത്തരവാദിയായിരിക്കില്ലെന്ന് ചൂണ്ടിക്കാണ്ടി പെൺകുട്ടി പൊലീസിന് കത്ത് നൽകിയിരുന്നു. എന്നെ അച്ഛൻ നിരന്തരം അസഭ്യം പറഞ്ഞു, നിരന്തരം മർദിച്ചു, മകളെക്കാൾ അവർ ജാതിയെ ഇഷ്ടപ്പെടുന്നു– ശാലിനിയുടേതായി പൊലീസ് കണ്ടെത്തിയ കുറിപ്പിൽ പറയുന്നു.
താൻ കൊല്ലപ്പെട്ടാൽ തന്റെ മരണത്തിന് മാതാപിതാക്കൾ മാത്രമായിരിക്കും ഉത്തരവാദികൾ എന്ന് പെൺകുട്ടി യുവാവിനോട് പറയുന്ന ഓഡിയോ ക്ലിപ്പും പൊലീസിന് കൈമാറിയിട്ടുണ്ട്. മഞ്ജുനാഥിനെ കൊല്ലാൻ 2 ലക്ഷം രൂപ പെൺകുട്ടിയുടെ മാതാപിതാക്കളായ സുരേഷും ബേബിയും വാടകക്കൊലയാളികൾക്ക് വാഗ്‌ദാനം ചെയ്തിരുന്നതായും മൂന്ന് വ്യാജപരാതികൾ യുവാവിനെതിരെ നൽകിയിരുന്നതായും യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചു.