തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി മൊഴി മാറ്റിപ്പറയുന്നതിനായി പ്രതിഭാഗം സ്വാധീനിക്കാന്‍ ശ്രമിച്ചതായി സാക്ഷിയുടെ വെളിപ്പെടുത്തല്‍. ചുവന്നമണ്ണ് സ്വദേശി ജെന്‍സണാണ് ഇതു സംബന്ധിച്ച് പീച്ചി പോലീസില്‍ പരാതി നല്‍കിയത്.
മൊഴിമാറ്റിപ്പറഞ്ഞാല്‍ 25 ലക്ഷം രൂപയും അഞ്ച് സെന്റ് സ്ഥലവും വാഗ്ദാനം ചെയ്ത് പ്രതിഭാഗം സ്വാധീനിക്കാന്‍ ശ്രമിച്ചതായാണ് പരാതിയില്‍ പറയുന്നത്. എത്രത്തോളം സ്വാധീനിക്കാന്‍ ശ്രമിച്ചാലും കേസില്‍ മൊഴി മാറ്റിപ്പറയില്ലെന്ന് ജെന്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
ദിലീപിന്റെ അഭിഭാഷകന്റെ നിര്‍ദേശപ്രകാരം കൊല്ലം സ്വദേശി നാസര്‍ എന്നയാളാണ് തന്നെ സമീപിച്ചതെന്നാണ് പരാതിയില്‍ ജെന്‍സണ്‍ വ്യക്തമാക്കിയത്. കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ ജയിലിലെ സഹതടവുകാരനായിരുന്നു ജെന്‍സണ്‍. മോഷണക്കുറ്റവുമായി ബന്ധപ്പെട്ടാണ് ജെന്‍സണ്‍ ജയിലിലായത്.
ജയിലില്‍ വച്ച് സംഭവവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പള്‍സര്‍ സുനി തന്നോട് പറഞ്ഞെന്നും ദിലീപ് പറഞ്ഞിട്ടാണ് നടിയെ ആക്രമിച്ചതെന്നും അത് ക്വട്ടേഷനായിരുന്നുവെന്നും സുനി പറഞ്ഞെന്നും ജയിലില്‍ നിന്നു പുറത്തുവന്ന ശേഷം ജെന്‍സണ്‍ പോലീസിന് മൊഴി നല്‍കി നല്‍കിയിരുന്നു.
നേരത്തെ, കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന് പിന്നാലെ അദ്ദേഹത്തെ ഓഫീസില്‍ നിന്നു പുറത്താക്കിയെന്ന് ഗണേഷ് കുമാര്‍ പ്രതികരിച്ചു.