കൊച്ചി:ഒരിടവേളയ്ക്ക് ശേഷം ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് വിനയന്‍. സിജു വില്‍സനെ നായകനാക്കി ഒരുക്കിയ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ബിഗ് ബജറ്റ് ചിത്രവുമായാണ് വിനയന്‍ എത്തിയിരിക്കുന്നത്. ഓണത്തിന് തീയേറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ഇതിനിടെ ഇപ്പോഴിതാ ചിത്രത്തിലേക്ക് സിജുവും കയാദുവും എത്തിയതിനെക്കുറിച്ചും തന്റെ തിരിച്ചുവരവിനെക്കുറിച്ചുമൊക്കെ വിനയന്‍ മനസ് തുറക്കുകയാണ്. എന്തുകൊണ്ടാണ് സിജു വില്‍സനെ ചിത്രത്തിലെ നായകനായി താന്‍ തിരഞ്ഞെടുത്തത വിനയന്‍ വിശദമാക്കുന്നുണ്ട്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
ഗോകുലം ഗോപാലേട്ടന്‍ എന്നോട് പറഞ്ഞത് വിനയന്‍ ഒരുപാട് പുതിയ താരങ്ങളെ മലയാളത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. അവരെല്ലാം വിജയിച്ചിട്ടുണ്ട് അതുകൊണ്ടു വിനയന് ഇഷ്ടമുള്ളതുപോലെ ചെയ്യൂ എന്നാണെന്നാണ് വിനയന്‍ പറയുന്നത്. എന്തുകൊണ്ട് സിജു എന്ന ചോദ്യത്തിന് വിനയന്‍ നല്‍കുന്ന ഉത്തരം എനിക്ക് താരങ്ങള്‍ക്കായി കാത്തിരിക്കാന്‍ താല്പര്യമില്ലായിരുന്നു എന്നാണ്. കഴിവുള്ള ആരെയെങ്കിലും കണ്ടെത്തി അഭിനയിപ്പിക്കാന്‍ ആയിരുന്നു തീരുമാനം. സൂപ്പര്‍ താരങ്ങളെ തപ്പി പുറകെ ചെല്ലുമ്പോള്‍ ഇനി രണ്ടു വര്‍ഷത്തേക്ക് ഡേറ്റ് ഇല്ല എന്ന് കേട്ടിട്ട് പ്രോജക്റ്റ് ഉപേക്ഷിക്കാനൊന്നും കഴിയില്ലായിരുന്നുവെന്ന് വിനയന്‍ വ്യക്തമാക്കുന്നു.
എന്റെ പണ്ടുമുതല്‍ ഉള്ള സ്വഭാവം അതാണ്. ആരുടെ ഡേറ്റ് ഇല്ലെങ്കിലും പടം ചെയ്യാന്‍ കഴിയും എന്ന് കാണിച്ചു കൊടുക്കുകയാണ് വേണ്ടത്. റിസ്‌ക് ഏറ്റെടുക്കുക എന്നത് എന്റെ കുഞ്ഞുന്നാള്‍ മുതലുള്ള സ്വഭാവമാണെന്നാണ് വിനയന്‍ പറയുന്നത്. അതേസമയം, സിജുവിന് ഈ കഥാപാത്രം ചെയ്യാന്‍ കഴിയും എന്ന് എനിക്ക് തോന്നിയെന്നും ആ തോന്നല്‍ തെറ്റായില്ല എന്ന് ഇപ്പോള്‍ തെളിഞ്ഞുവെന്നും വിനയന്‍ പറയുന്നുണ്ട്.
പിന്നാലെ ചിത്രത്തിലെ നായികയായ കയാദു ലോഹറിനെക്കുറിച്ചും വിനയന്‍ സംസാരിക്കുന്നുണ്ട്. കയാദു ലോഹര്‍ ഒരു അദ്ഭുത പ്രതിഭാസമാണ് എന്നാണ് വിനയന്‍ പറയുന്നത്. കഥാപാത്രത്തിന് വേണ്ടി ഞാന്‍ ഒരുപാടുപേരെ നോക്കിയിരുന്നു. എനിക്ക് വേണ്ടത് കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന ശരീരപ്രകൃതിയുള്ള, സുന്ദരിയായ, നല്ല ഫിഗര്‍ ഉള്ള, പൊക്കവും ഉറച്ച ശരീരവുമുള്ള ഒരു കുട്ടിയെയായിരുന്നുവെന്നാണ് വിനയന്‍ പറയുന്നത്.
തന്റെ ഭാവനയിലെ നങ്ങേലി അതാണ്. കുഞ്ഞുന്നാള്‍ മുതല്‍ ഞാന്‍ കേട്ട കഥയാണ് മാറ് മുറിച്ച് ആത്മാഹൂതി ചെയ്ത നങ്ങേലിയുടേത്. ഞാന്‍ അമ്പലപ്പുഴക്കാരന്‍ ആയതുകൊണ്ട് ഈ മുലച്ചിപ്പറമ്പിനെക്കുറിച്ച് അറിയാം. മലയാളത്തില്‍ ഉളള ഒരുപാട് പെണ്‍കുട്ടികളെ പരിഗണിച്ചെങ്കിലും അങ്ങനെ ഒരു പെണ്‍കുട്ടിയെ കണ്ടെത്തിയില്ലെന്നാണ് വിനയന്‍ പറയുന്നത്. സമീപിച്ച ചില താരങ്ങള്‍ക്ക് മാറ് മുറിക്കുന്ന കഥ കേട്ടപ്പോള്‍ അത് ചെയ്താല്‍ ശരിയാകുമോ എന്ന് പേടിയുണ്ടായിരുന്നുവെന്നും വിനയന്‍ തുറന്നു പറയുന്നുണ്ട്.
പൂനയില്‍ ഉള്ള ഈ കുട്ടിയൂടെ പടം ഒരു സുഹൃത്ത് അയച്ചു തന്നു. അഭിനയത്തോട് വല്ലാത്ത ഡെഡിക്കേഷന്‍ ആണ് കയാദുവിന്. ഞാന്‍ ആ കുട്ടിയെ വിളിപ്പിച്ച് നങ്ങേലിയുടെ കഥ പറഞ്ഞപ്പോള്‍ അവര്‍ അത് നന്നായി ഉള്‍ക്കൊണ്ടു. പിറ്റേ ദിവസം എന്നെ കാണാന്‍ വന്ന അവര്‍ നങ്ങേലിയുടെ കഥ മുഴുവന്‍ പഠിച്ച് നങ്ങേലിയെക്കുറിച്ചുള്ള ഷോര്‍ട് ഫിലിം ഒക്കെ കണ്ടിട്ട് വന്നിരിക്കുകയാണ്. അവര്‍ പറഞ്ഞു സാര്‍ ഇതൊരു സ്ത്രീ ശാക്തീകരണത്തിന്റെ കഥയാണ്. ഇന്നത്തെകാലത്തും വളരെ പ്രസക്തിയുണ്ട് ഇതിനു. എനിക്കിത് ചെയ്യാന്‍ വളരെ താല്പര്യമുണ്ട് എന്ന് കയാദു പറഞ്ഞതായി വിനയന്‍ പറയുന്നു.
കയാദു വളരെ നന്നായി ഈ കഥാപാത്രത്തെ ഏറ്റെടുത്തു. കയാദു ഈ സിനിമയില്‍ ശക്തമായ സാന്നിധ്യമായി മാറി. നമ്മള്‍ ഒരാളെ അവതരിപ്പിക്കുമ്പോ അവര്‍ കഴിവ് തെളിയിച്ച് കയ്യടി വാങ്ങുന്നത് നമ്മുടെ കൂടി വിജയമാണല്ലോ. ഞാന്‍ അവതരിപ്പിച്ച ദിവ്യ ഉണ്ണി മുതല്‍ എല്ലാവരും സിനിമയില്‍ അവരുടെ കയ്യൊപ്പു ചാര്‍ത്തിയിട്ടുണ്ട്. അവരുടെ പിന്തുടര്‍ച്ചക്കാരി ആയി കയാദു മാറുമെന്നാണ് വിശ്വാസമെന്നും വിനയന്‍ തന്റെ നായികയെക്കുറിച്ച് പറയുന്നു.
എനിക്കെതിരെ സിനിമയില്‍ കുറെ കാലമായി നിന്ന പ്രശ്‌നങ്ങളും എന്റെ സഹ പ്രവര്‍ത്തകരുമായുള്ള പടല പിണക്കങ്ങളും, എന്നെ ഒറ്റപ്പെടുത്തിമാറ്റി നിര്‍ത്തലും ഒക്കെ കഴിഞ്ഞ് തിരികെ വരുമ്പോള്‍ ഇത്തരമൊരു ചിത്രം ചെയ്തിട്ട് അതില്‍ എന്റെ കയ്യൊപ്പു ചാര്‍ത്താനായി എന്ന് കേള്‍ക്കുമ്പോള്‍ അതും വലിയ സന്തോഷമാണെന്നും വിനയന്‍ പറയുന്നുണ്ട്.
എന്റെ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ച കുറെ തിക്ത ഫലങ്ങള്‍ക്ക് കാലം തന്ന മധുരമാണ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ വിജയം. എനിക്ക് ആരോടും പിണക്കവും വാശിയുമില്ലെന്നും വിനയന്‍ പറയുന്നു. സിനിമയില്‍ ഒറ്റ വ്യക്തിയെയും മോശമാക്കാനോ വിലക്കാനോ ഞാന്‍ നിന്നിട്ടില്ല. ഞാന്‍ സത്യമെല്ലാം തുറന്നു പറയുന്ന ആളാണ്. അത് പലരുടെയും അപ്രീതിക്ക് കാരണമാകുമെന്നും വിനയന്‍ അഭിപ്രായപ്പെടുന്നു.
തന്റെ നിലപാടില്‍ ഞാന്‍ ഇന്നും ഉറച്ചു നില്‍ക്കുന്നതുകൊണ്ടാണ് മോഹന്‍ലാലും മമ്മൂക്കയുമായി ഇങ്ങനെ ചേര്‍ന്ന് പോകുന്നത്. നിലപാടുകള്‍ അതേപോലെ നിലനിര്‍ത്തിപ്പോന്ന എനിക്ക് കാലം തന്ന പ്രതിഫലമാണ് ഈ സിനിമയെന്നും അദ്ദേഹം പറയുന്നു.