കൊച്ചി:ഒരു സംവിധായകന്‍ എന്ന നിലയില്‍ താരങ്ങളില്‍ നിന്നെല്ലാം മികച്ച രീതിയിലുള്ള പെരുമാറ്റങ്ങളാണ് തന്നോട് ഉണ്ടായിട്ടുള്ളതെന്ന് തുളസീദാസ്. സംവിധായകന്‍ ആർട്ടിസ്റ്റിനോട് എങ്ങനെ പെരുമാറുന്നു എന്നത് പോലെയാണ് തിരിച്ച് ഇങ്ങോട്ട് കിട്ടുന്നതും. ആ ഒരു ക്വാളിറ്റിയിലാണ് ഞാന്‍ പെരുമാറിയത് എന്നത് കൊണ്ടായിരിക്കാം തിരിച്ച് ഇങ്ങോട്ടും നല്ല രീതിയിലുള്ള പെരുമാറ്റമുണ്ടായതെന്നും അദ്ദേഹം പറയുന്നു.
ദിലീപുമായി ഉണ്ടായത് ചെറിയ സൗന്ദര്യ പ്രശ്നമാണ് ഉണ്ടായിരുന്നത്. അദ്ദേഹവുമായി ഇനിയൊരു സിനിമ ചെയ്യാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ തീർച്ചയായും ചെയ്യും. ഞങ്ങള്‍ തമ്മില്‍ ആദ്യമായി ചൊയ്യുന്ന സിനിമ മായപൊന്മാനാണ്. അതൊരു നല്ല സിനിമയായിരുന്നു. അതിന് ശേഷമാണ് ദോസ്ത് ചെയ്യുന്നത്. ദോസ്ത് പോലൊരു സിനിമ ചെയ്യുമോയെന്ന് പലരും ഇപ്പോഴും ചോദിക്കുന്നുണ്ട്.
ദിലീപുമാ ഇടക്ക് ഒരു സൗന്ദര്യ പിണക്കം ഉണ്ടായി എന്നത് ശരിയാണ്. ഒരു കുടുംബമാകുമ്പോള്‍ സഹോദരന്മാർ തമ്മിലൊക്കെ പിണക്കം ഉണ്ടാകുമല്ലോ? അത് പിന്നീട് അങ്ങ് മാറുകയും ചെയ്യും. അങ്ങനെ ഒരു വിഷയം ഞങ്ങള്‍ക്ക് ഇടയിലുണ്ടായി. രണ്ടു പേർക്കും വാശിയായിരുന്നു. അതില്‍ ഒരുപാട് പരാജയം ഞാന്‍ ഏറ്റുവാങ്ങിയെന്നും തുളസീദാസ് പറയുന്നു.
ദിലീപുമായി വിഷയം ഉണ്ടായതിനെ തുടർന്ന് ഒന്ന് രണ്ട് വർഷം എനിക്ക് സിനിമ ചെയ്യാന്‍ സാധിച്ചില്ല. അഡ്വാന്‍സ് തന്നെ നിർമ്മാതാക്കള്‍ വരെ മാറിപ്പോയി. അങ്ങനെ വലിയ പ്രശ്നം അന്ന് ഞാന്‍ നേരിട്ടു. എന്നാല്‍ ഇപ്പോള്‍ ആ പ്രശ്നമില്ല. ദിലീപുമായി നല്ല ബന്ധത്തിലാണ്. എപ്പോഴും കാണുകയും സംസാരിക്കാറുമുണ്ട്.
ദിലീപുമായി സിനിമ ചെയ്യാനുള്ള സാഹചര്യം ഒരുങ്ങി വന്നാല്‍ ഒരുപക്ഷെ വീണ്ടും ചെയ്യും. ഇങ്ങനേയുള്ള വിരോധമൊന്നും ജീവിതകാലമൊന്നും മുന്നോണ്ട് കൊണ്ടുപോകാന്‍ സാധിക്കില്ല, പ്രത്യേകിച്ച് സിനിമയിലെന്നും തുളസീദാസ് അഭിമുഖത്തില്‍ പറയുന്നു.
സിനിമയുടെ കാര്യത്തില്‍ ഞാന്‍ തികച്ചും അപ്ഡേറ്റഡാണ്. റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും കാണും. ഒരു സിനിമ പോലും ബാക്കി വെക്കാറില്ല. മോശമായ സിനിമ ആയാലും നല്ല സിനിമ ആയാലും ഞാന്‍ പോകും. മോശം എന്ന് പറയുന്ന സിനിമകളാണ് കൂടുതലായി കാണാന്‍ ശ്രമിക്കുന്നത്. എന്തുകൊണ്ടാണ് ആ സിനിമ മോശമായി പോയത് എന്ന് ഞാന്‍ പഠിക്കും.
ചില നല്ല സിനിമകള്‍ തിയേറ്ററില്‍ ഓടാതെയായിട്ടുണ്ട്. എന്തുകൊണ്ട് ഈ സിനിമ ഓടിയില്ലെന്ന് തോന്നും. പറഞ്ഞ് വന്നത് ഞാന്‍ അപ്ഡേറ്റഡ് ആയിട്ട് തന്നെയാണ് ചിന്തിക്കുന്നത്. അങ്ങനെയുള്ള തിരക്കഥ തന്നെയാണ് പ്ലാന്‍ ചെയ്യുന്നത്. അതുപോലെയുള്ള ആർട്ടിസ്റ്റുകളെയാണ് ചൂസ് ചെയ്യുന്നത്.
സിനിമയില്‍ പ്രവർത്തിക്കാന്‍ കുറേക്കൂടെ എളുപ്പം ഇപ്പോഴാണ് എന്നാണ് എനിക്ക് തോന്നുന്നത്. സാങ്കേതികപരമായി ഒരുപാട് സാധ്യതകളാണ് ഇക്കാലത്ത് നമുക്ക് മുന്നില്‍ തുറന്നിടുന്നത്. അന്നൊന്നും അത് ഇല്ലായിരുന്നുവെന്നും തുളസീദാസ് കൂട്ടിച്ചേർക്കുന്നു.