സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ
ആലപ്പുഴ: സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. സാമ്പത്തിക തട്ടിപ്പ് കേസിൽ ആലപ്പുഴ സൗത്ത് പൊലീസാണ് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തത്. ശ്രീവത്സം ഗ്രൂപ്പ് എന്ന വ്യവസായ ഗ്രൂപ്പാണ് ശ്രീകുമാർ മേനോനെതിരെ പരാതി നൽകിയത്.
സിനിമ നിർമിക്കാനായി ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. സിനിമ നിർമിക്കാമെന്ന് പറഞ്ഞ് ഒരു കോടി രൂപയാണ് ശ്രീകുമാർ മേനോൻ ഈ വ്യവസായ ഗ്രൂപ്പിൽ നിന്ന് വാങ്ങിയത്. എന്നാൽ സിനിമ നിർമിക്കുന്നത് സംബന്ധിച്ച് ഒരു വിവരവും പിന്നീട് ശ്രീകുമാർ മേനോനിൽ നിന്ന് ഉണ്ടായില്ലെന്നും പരാതിയിൽ പറയുന്നു. പല തവണ ബന്ധപ്പെട്ടിട്ടും കൃത്യമായി വിവരം നൽകാൻ ശ്രീകുമാർ മേനോൻ തയ്യാറാകാതെ വന്നതോടെയാണ് ശ്രീവത്സം ഗ്രൂപ്പ് പൊലീസിൽ പരാതി നൽകിയത്.
ഈ കേസിൽ ശ്രീകുമാർ മേനോൻ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ കോടതി ഈ അപേക്ഷ തള്ളി. ഇതേത്തുടർന്നാണ് അറസ്റ്റുണ്ടായത്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ശ്രീകുമാർ മേനോനുള്ളത്. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ഇന്നലെ രാത്രി പാലക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അറസ്റ്റ് നടന്നത്. മോഹൻലാൽ നായകനായി അഭിനയിച്ച ഒടിയൻ എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് ശ്രീകുമാർ മേനോൻ. ആലപ്പുഴ ഡിവൈഎസ്‍പി പൃത്ഥ്വിരാജിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
നേരത്തേ മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായർ, രണ്ടാമൂഴം എന്ന തന്‍റെ നോവലിന്‍റെ തിരക്കഥ ശ്രീകുമാർ മേനോൻ സിനിമയാക്കുന്നത് തടയണമെന്നും, തിരക്കഥ തിരിച്ചുതരണമെന്നും കാണിച്ച് കോടതിയെ സമീപിച്ചിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും തിരക്കഥ സിനിമയാകുന്നില്ലെന്ന് കാണിച്ചാണ് എംടി നിയമയുദ്ധത്തിനൊരുങ്ങിയത്. ഒടുവിൽ, ഒത്തുതീർപ്പ് വ്യവസ്ഥയിലാണ് ആ കേസ് അവസാനിച്ചത്. രണ്ടാംമൂഴം തിരക്കഥ എംടിക്ക് തന്നെ തിരിച്ചുനൽകും, ശ്രീകുമാർ മേനോൻ നൽകിയ അഡ്വാൻസ് തുക എംടിയും തിരിച്ചുനൽകും. കോടതികളിലുള്ള കേസുകൾ ഇരുവരും പിൻവലിക്കും. ഇതായിരുന്നു ഒത്തുതീർപ്പ് വ്യവസ്ഥ.
നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ 2019 ഡിസംബർ 5-ന് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചെന്നതുള്‍പ്പെടെയുളള മഞ്ജുവിന്‍റെ പരാതിയിലെ കാര്യങ്ങളില്‍ വസ്തുതയുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.