31.1 C
Kottayam
Saturday, May 18, 2024

ആ സംഭവത്തിന് ശേഷം ഞാന്‍ കുറേനാളത്തേക്ക് അദ്ദേഹത്തെ വിളിച്ചില്ല, 14 വര്‍ഷം നീണ്ടു ആ അകല്‍ച്ച; നെടുമുടി വേണുവിനെ കുറിച്ച് സത്യന്‍ അന്തിക്കാട്

Must read

മലയാളത്തിന്റെ മഹാനടന്‍ നെടുമുടി വേണുവിനെ കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ പങ്കിട്ട് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. നെടുമുടി വേണുവുമായുള്ള ഒരു ചെറിയ അകല്‍ച്ച 14 വര്‍ഷം നീണ്ടുനിന്നതിനെ കുറിച്ചാണ് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറയുന്നത്. ഞാന്‍ അമേരിക്കയില്‍വെച്ചു ചെയ്‌തൊരു സിനിമയുടെ ഭാഗമാവാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ഞാനാകെ വിഷമിച്ചുപോയി. അദ്ദേഹം വരാഞ്ഞതിനെത്തുടര്‍ന്ന് കഥയൊക്കെ മാറ്റി. ആകെ കുളമായിപ്പോയി.

പിന്നെ ഞാന്‍ കുറേനാളത്തേക്ക് അദ്ദേഹത്തെ വിളിച്ചില്ല. എത്രനാള്‍ വൈകി എന്നൊന്നും എനിക്കറിയില്ലായിരുന്നു. ഒരു സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചടങ്ങിനെത്തിയ വേണു എന്റെ അടുത്തുവന്നു സത്യന്റെ സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ട് 14 വര്‍ഷങ്ങളായി എന്നു പറഞ്ഞു.

‘ഒരാളെ കൊന്നാല്‍ 12 വര്‍ഷമേയുള്ളൂ ശിക്ഷ. എന്റെ ശിക്ഷ കഴിയാറായോ’ എന്നു തമാശയായി ചോദിച്ചു. എന്റെ അടുത്ത സിനിമ മുതല്‍ വേണു വീണ്ടും എന്റെ കൂടെയുണ്ടായിരുന്നു. ‘വീണ്ടും ചില വീട്ടുകാര്യങ്ങളി’ല്‍ അരവിന്ദന്‍ എന്ന കഥാപാത്രമായി, ‘ഭാഗ്യദേവത’യിലെ സദാനന്ദന്‍ പിള്ളയായി.

ഒരിക്കലും നമ്മെ പിണങ്ങാന്‍ അനുവദിക്കാത്ത സൗഹൃദമായിരുന്നു വേണുവുമായിട്ട്. വേണു സെറ്റിലുണ്ടെങ്കില്‍ ആ സെറ്റ് സജീവമായിരിക്കും. ഈയടുത്ത് എന്നെ വിളിച്ചിരുന്നു. ‘ഇടയ്ക്കിടെ ഒന്നു കോണ്‍ടാക്ട് ചെയ്യേണ്ടേ. അപ്പോഴല്ലേ ജീവിച്ചിരിക്കുന്നു എന്നു പരസ്പരം അറിയുള്ളൂ’ എന്നായിരുന്നു ‘എന്തേ വിളിച്ചത്’ എന്ന ചോദ്യത്തിന് വേണുവിന്റെ മറുപടി. പഴയ കഥകള്‍ പറഞ്ഞു കുറേനേരം ചിരിച്ചു.
വേണു എന്ന നടന്‍ എത്രത്തോളം മലയാളസിനിമയില്‍ ചേര്‍ന്നുനിന്നിരുന്നു, വേണുവിന്റെ സംഭാവന എത്രയായിരുന്നുവെന്നത് കാലം ഇനി തിരിച്ചറിയാന്‍ പോകുന്നേയുള്ളൂവെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

സ്നേഹത്തിന്റെ തൂവലുകള്‍ ഒന്നൊന്നായി കൊഴിയുകയാണ്. മനസ്സാകെ ഒരു ശൂന്യത നിറയുന്നു. ഇത്ര ചെറിയ കാലയളവാണോ ജീവിതം എന്ന് തോന്നിപ്പോകുന്നു. കഥകള്‍ കേട്ട്, കുസൃതികളില്‍ രസിച്ച്, കുറുമ്പുകളില്‍ ചിരിച്ച് മതിയായിട്ടില്ല. ദിവസങ്ങള്‍ക്കു മുമ്പ് വരെ കേട്ട സ്വരം കാതില്‍ മായാതെ നില്‍ക്കുന്നു. അതിരു കാക്കാന്‍ ഇനി മലകളില്ല. വിട പറയാനാവുന്നില്ല വേണു, സത്യന്‍ അന്തിക്കാട് ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്നലെ ഉച്ചയോടെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് നെടുമുടിവേണു വിടവാങ്ങിയത്. കൊവിഡ് ബാധിച്ചതിന് പിന്നാലെ അദ്ദേഹത്തിന് ശാരീരികമായ ചില അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week