കൊച്ചി:പോലീസ് ഡേ എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകനെ മതംമാറ്റാന്‍ അന്‍സിബ ശ്രമിച്ചെന്ന് ടിനി ടോം പറഞ്ഞിട്ടില്ലെന്ന് ഈ ചിത്രത്തിന്റെ സംവിധായകന്‍ സന്തോഷ് മോഹന്‍ പാലോട്. അന്‍സിബ കള്ളമാണ് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ടിനി ടോമിന്റെ കരിയര്‍ തകര്‍ക്കാന്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ടിനി തന്റെ രാഷ്ട്രീയം വ്യക്തമാക്കിയതിനുശേഷമാണ് ഈ ഗൂഢാലോചനകളെല്ലാം തുടങ്ങിയത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജീവ് കുടപ്പനക്കുന്നിനെ എന്തിനാണ് മാലാ പാര്‍വതി നിരന്തരം വിളിക്കുന്നത്. മാലാ പാര്‍വതിയാണ് ഈ വിവാദങ്ങളുടെയെല്ലാം കേന്ദ്രബിന്ദു. അമ്മയില്‍നിന്ന് രാജിവെയ്ക്കാതെ ശ്വേതാ മേനോന്‍ പോരാടണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സന്തോഷ് മോഹന്‍ പാലോടിന്റെ പ്രതികരണം
”2023-ലാണ് ഞാന്‍ സംവിധാനംചെയ്യുന്ന പോലീസ് ഡേ എന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയത്. അന്‍സിബയും ടിനി ടോമും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയത് ഈ സിനിമാ സെറ്റില്‍വെച്ചാണ്. റംസാന്‍ നോമ്പുമായി ബന്ധപ്പെട്ടാണ് പ്രശ്‌നത്തിന്റെ തുടക്കം. രാജീവ് കുടപ്പനക്കുന്നായിരുന്നു പോലീസ് ഡേയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. അദ്ദേഹത്തിനെ സഹായിക്കാനായി മകനായ ശ്രീക്കുട്ടന്‍ സെറ്റില്‍ വരുമായിരുന്നു. ശ്രീക്കുട്ടന്‍ ഈ സമയത്ത് റംസാന്‍ വ്രതമെടുക്കുന്നുണ്ടായിരുന്നു. നോമ്പ് മുറിക്കുന്ന സമയത്ത് അന്‍സിബ ശ്രീക്കുട്ടനും ഭക്ഷണം നല്‍കുമായിരുന്നു. ഇതാണ് അന്‍സിബ ശ്രീക്കുട്ടനെ മതംമാറ്റാന്‍ ശ്രമിച്ചെന്ന വിവാദത്തിന്റെ തുടക്കം.
ഈ വിവാദം ഒരു ഗൂഢാലോചനയാണെന്ന് എനിക്ക് വ്യക്തമായി പറയാന്‍ സാധിക്കും. രണ്ട് കാരണങ്ങളാണുള്ളത്. ഇങ്ങനെയൊരു സംഭവം നടക്കുന്നുണ്ടെന്ന് രാജീവോ അദ്ദേഹത്തിന്റെ മകനോ ടിനി ടോമിനോട് പറയണം. അല്ലെങ്കില്‍ ടിനി ടോം ഈ സിനിമയുടെ സെറ്റില്‍ ഉണ്ടാവണം. ഇത് രണ്ടും സംഭവിച്ചില്ല. കാരണം, പോലീസ് ഡേ എന്ന ചിത്രത്തിന്റ സെറ്റില്‍ ടിനി ടോം ജോയിന്‍ ചെയ്യുന്നത് റംസാന്‍ വ്രതം കഴിഞ്ഞതിനുശേഷമാണ്. ഗൂഢാലോചന നടത്തിയവര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ല. ദൈവത്തിന്റെ കയ്യൊപ്പ് പോലെയുള്ള ഒരു കാര്യമാണിത്. അപ്പോള്‍ത്തന്നെ ഇതൊരു ഗൂഢാലോചനയാണെന്ന് വ്യക്തമായിക്കഴിഞ്ഞു.
മാധ്യമങ്ങളിലൂടെ ഇങ്ങനെ ഒരാരോപണം ടിനി ടോമിനെതിരെ അന്‍സിബ പറയുമ്പോള്‍ ആ ചിത്രത്തിന്റെ സംവിധായകനായ എന്റെയടുത്ത് ചോദിച്ച് വ്യക്തത വരുത്തിയ ശേഷം അവര്‍ക്കത് പറഞ്ഞാല്‍ പോരേ? ഒരു ആരോപണം ഉന്നയിക്കുന്നതിന് മുന്‍പ് ആ സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കണം. വെറുതെ ഒരു മനുഷ്യനെ ക്രൂശിക്കരുത്. ഈ സംഭവത്തിന്റെ തുടര്‍ച്ചയായിട്ടുള്ള കാര്യങ്ങളാണ് പിന്നീട് അമ്മ എന്ന സംഘടനയുടെ ഇപ്പോഴത്തെ ഈ നാശത്തിലേക്ക് നയിച്ചത്. ചെറിയൊരു തീപ്പൊരിയില്‍നിന്ന് തുടങ്ങി ഒരു വലിയ ഒരു ആളിക്കത്തലിലേക്കാണ് കാര്യങ്ങള്‍ വന്നിരിക്കുന്നത്.
മതപരമായ കാര്യം നമ്മള്‍ എടുത്തിട്ടുകഴിഞ്ഞാല്‍ അത് തീപ്പൊരിയാണ്. അത് ആളിക്കത്തിച്ചാല്‍ നമ്മുടെ കയ്യില്‍ നില്‍ക്കില്ല. നിങ്ങള്‍ ഒരാളെപ്പറ്റി എന്തെങ്കിലും പറയുമ്പോള്‍ മതം അതിനകത്ത് വലിച്ചിടരുത്. ഞാന്‍ അതിന് അനുകൂലമല്ല എന്ന് വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. ഈയൊരു സംഭവത്തോടെ ടിനി ടോമിന്റെ ഭാവിതന്നെ വിഷയത്തിലായി. ഇങ്ങനെയൊരു കാര്യം വരുമ്പോള്‍ ചില മനുഷ്യര്‍ക്ക് മാനസികമായി താങ്ങാന്‍ കഴിയില്ല. എന്തിനാണിങ്ങനെ നുണ പറയുന്നത്?
രാജീവ് കുടപ്പനക്കുന്നിനെ എന്തിനാണ് മാലാ പാര്‍വതി നിരന്തരം വിളിക്കുന്നത്. മാലാ പാര്‍വതിയാണ് ഈ വിവാദങ്ങളുടെയെല്ലാം കേന്ദ്രബിന്ദു. ടിനി ടോം അദ്ദേഹത്തിന്റെ രാഷ്ട്രീയം വെളിപ്പെടത്തിയതിനുശേഷമാണ് ഈ ഗൂഢാലോചന വ്യക്തമായി വരുന്നത്. അതിന് മുന്‍പ് അങ്ങനെയൊരു സംഭവമില്ലല്ലോ. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ നോക്കിയാല്‍ ഇക്കാര്യം മനസിലാകും. ടിനി ടോമിനെ മാത്രമല്ല, ശ്വേതാ മേനോനെയും ഈ ഗൂഢാലോചനക്കാര്‍ ലക്ഷ്യംവെച്ചിട്ടുണ്ട്. അല്ലെങ്കില്‍ എന്തുകൊണ്ട് ഇവരാരും കുക്കു പരമേശ്വരനും നീനാ കുറുപ്പിനുമെതിരെ ഒന്നും പറയുന്നില്ല? ആര് തെറ്റ് ചെയാതാലും അത് തെറ്റെന്നുതന്നെ പറയണം. ചേരി തിരിഞ്ഞ് പോകരുത്. അമ്മ സംഘടനയെ പൊളിച്ചതുകൊണ്ട് ഇവര്‍ക്കെന്താണ് നേട്ടം?
രാജീവ് കുടപ്പനക്കുന്ന് ഇങ്ങനെ ഒരു കേസ് പറഞ്ഞില്ലായിരുന്നുവെങ്കില്‍ എന്റെ ഭാവി എന്തായിരിക്കും എന്ന് അന്‍സിബ പറഞ്ഞില്ലേ? അത് രാജീവിനെ കൊണ്ട് പറയിപ്പിച്ചതാണെന്ന് വ്യക്തമല്ലേ? കൂലിയെഴുത്തുകാരെക്കൊണ്ട് ടിനിയെ ഇകഴ്ത്തി ലേഖനങ്ങളെഴുതിച്ച് അദ്ദേഹത്തിന്റെ കരിയര്‍ നശിപ്പിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ട്. നമ്മുടെ സെറ്റില്‍ അത്രയേറെ അച്ചടക്കം പുലര്‍ത്തിയിരുന്ന ഒരാളാണ് ടിനി ടോം. അങ്ങനെയുള്ള ഒരാള്‍ക്കെതിരെ ഇങ്ങനെയൊരു ആരോപണം കൊണ്ടുവരേണ്ട ഒരാവശ്യവുമില്ല. ഇതാണ് സത്യം.
ശ്വേതാ മേനോനെ സംഘടനയില്‍നിന്ന് പുറത്തുചാടിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. ഒരു മാഫിയതന്നെയുണ്ട്. സംഘടനയ്ക്കകത്ത് കുറേ അഴിമതികള്‍ നടന്നിട്ടുണ്ട്. ശ്വേതാ മേനോന്‍ ഇതിനുള്ളില്‍ പെട്ടുപോയതാണ്. എന്റെ അഭിപ്രായത്തില്‍ ശ്വേത രാജി വെയ്ക്കാതെ ഇതിനെതിരെ പോരാടണമായിരുന്നു. കോടതിയില്‍പ്പോയാലും അവിടെനിന്ന് ഫൈറ്റ് ചെയ്യണമായിരുന്നു. ശ്വേത ശക്തമായ നിലപാടെടുത്ത് ഉറച്ചുനില്‍ക്കുകയായിരുന്നെങ്കില്‍ പൊതുജനങ്ങളും അവര്‍ക്കൊപ്പം നിന്നേനേ. ഇവിടെ ഇപ്പോള്‍ തിന്മ ജയിച്ച് നില്‍ക്കുകയാണ്.”
കഴിഞ്ഞയാഴ്ചയാണ് താരസംഘടനയായ അമ്മയുടെ ഭരണസമിതി ഒന്നടങ്കം രാജിവെച്ചത്. നേതൃത്വത്തിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളുയര്‍ന്ന പശ്ചാത്തലത്തിലാണ് ഭരണസമിതി ഒന്നടങ്കം രാജിവെച്ചൊഴിഞ്ഞത്. കൊച്ചിയില്‍ ഞായറാഴ്ച ചേര്‍ന്ന ജനറല്‍ബോഡി യോഗത്തിനുശേഷമാണ് തീരുമാനമുണ്ടായത്.വാര്‍ഷിക റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്‌ക്കൊടുവിലാണ് സുപ്രധാന തീരുമാനം. റിപ്പോര്‍ട്ടും കണക്കും അംഗീകരിക്കാന്‍ വാര്‍ഷിക ജനറല്‍ബോഡി തയ്യാറായില്ല. ഇതില്‍ രണ്ടിലുമുള്ള വീഴ്ചകള്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ജനറല്‍ ബോഡി യോഗത്തിനിടെ പ്രസിഡന്റ് ശ്വേതാ മേനോന്‍ രാജി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മറ്റംഗങ്ങള്‍ അവരെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നു. ഇതിനുപിന്നാലെയാണ് ഭരണസമിതി ഒന്നടങ്കം രാജിവെയ്ക്കുകയാണെന്ന പ്രഖ്യാപനമുണ്ടായത്.
17 അംഗങ്ങളാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്. നേതൃത്വത്തിനകത്തുണ്ടായ ആരോപണ പ്രത്യാരോപണങ്ങളാണ് ഭരണസമിതിയുടെ കൂട്ടരാജിയിലേക്ക് നയിച്ചത്. മുന്‍പൊരിക്കലും ഇതുപോലൊരു പ്രതിസന്ധി സംഘടനയ്ക്ക് നേരിടേണ്ടിവന്നിട്ടില്ല. ഇതിനെത്തുടര്‍ന്ന് രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ പുതിയ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചിരുന്നു. നാലുമാസത്തിനകം തിരഞ്ഞെടുപ്പ് നടത്താനാണ് നടനും എം.എല്‍.എ.യുമായ രമേഷ് പിഷാരടി കണ്‍വീനറായ അഡ്‌ഹോക്ക് കമ്മിറ്റിയുടെ ശ്രമം. കെ.ബി. ഗണേഷ് കുമാര്‍, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കലാഭവന്‍ ഷാജോണ്‍, ആശാ അരവിന്ദ്, ദേവി ചന്ദന, കൃഷ്ണപ്രഭ എന്നിവരാണ് മറ്റംഗങ്ങള്‍.
Director Santhosh Mohan Palode has strongly refuted actress Ansiba Hassan’s claims, stating that actor Tini Tom never accused Ansiba of attempting to convert a production controller’s son on the sets of his movie ‘Police Day.’ Terming Ansiba’s statements as false, the director alleged a massive conspiracy to destroy Tini Tom’s acting career, which reportedly began after Tini openly declared his political stance. Santhosh Mohan also dragged actress Maala Parvathi into the controversy, questioning her frequent phone calls to production controller Rajeev Kudappanakunnu and labeling her the epicenter of the ongoing disputes. He further added that actress Swetha Menon should not have resigned from AMMA and instead should have stayed back to fight the internal issues.


