EntertainmentKeralaNews

സംവിധായകന്‍ പ്രിയദര്‍ശന് ഡോക്ടറേറ്റ്

ചെന്നെെ:ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന് (Priyadarshan) ഡോക്ടറേറ്റ്. ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ് പ്രിയദര്‍ശനെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. ചലച്ചിത്ര രംഗത്തെ വിശിഷ്ട സേവനങ്ങള്‍ പരിഗണിച്ചാണ് അംഗീകാരം. പ്രിയദര്‍ശന് ഡോക്ടറേറ്റ് നല്‍കുന്നതിന്‍റെ ചിത്രം മകളും നടിയുമായ കല്യാണി പ്രിയദര്‍ശന്‍ സമൂഹമാധ്യത്തിലൂടെ പങ്കുവച്ചിരുന്നു.

മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രമായെത്തിയ മരക്കാര്‍ ആണ് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രമായിരുന്ന മരക്കാര്‍ മികച്ച ചിത്രത്തിനുള്ളതുള്‍പ്പെടെ മൂന്ന് ദേശീയ പുരസ്കാരങ്ങളും മൂന്ന് സംസ്ഥാന പുരസ്കാരങ്ങളും നേടിയിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ഏറെക്കാലം റിലീസ് നീട്ടിവെക്കപ്പെട്ടിരുന്ന ചിത്രം പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവില്‍ ഡിസംബര്‍ 2ന് ആണ് തിയറ്ററുകളില്‍ എത്തിയത്. ലോകമാകെ 4100 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. റിലീസിനു മുന്‍പുതന്നെ പ്രീ ബുക്കിംഗിലൂടെ മാത്രം ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു.

കുഞ്ഞാലി മരക്കാര്‍ നാലാമനായി മോഹന്‍ലാല്‍ എത്തിയ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍വന്‍ തുടങ്ങി വന്‍ താരനിരയും അണിനിരന്നിരുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍ നിര്‍വ്വഹിച്ചത്. ഛായാഗ്രഹണം തിരുനാവുക്കരശ്, എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍. പ്രിയദര്‍ശനൊപ്പം അനി ഐ വി ശശിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. തിയറ്ററുകളിലെത്തി 15 ദിവസങ്ങള്‍ക്കിപ്പുറം ചിത്രം ഒടിടി പ്ലാറ്റ്ഫോമിലും റിലീസ് ചെയ്യപ്പെട്ടിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ആയിരുന്നു ഒടിടി റിലീസ്.

മരക്കാറിനു ശേഷം ഒരു തമിഴ് ചിത്രമാണ് പ്രിയദര്‍ശന്‍റേതായി പുറത്തിറങ്ങാനിരിക്കുന്നത്. ഉര്‍വ്വശി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പേര് അപ്പാത എന്നാണ്. മിഥുനത്തിനു ശേഷം ഉര്‍വ്വശി അഭിനയിക്കുന്ന പ്രിയദര്‍ശന്‍ ചിത്രമാണ് ഇത്. ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല. 

മോഹന്‍ലാല്‍ നായകനാവുന്ന ഒരു സ്പോര്‍ട്സ് ഡ്രാമയും പ്രിയദര്‍ശന്‍റേതായി പുറത്തുവരാനുണ്ട്. ഒരു ബോക്സറുടെ വേഷത്തിലാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുക. “ഒരു ബോക്സറുടെ കഥയാണ് അത്. പ്രശസ്‍തിയിലേക്കുള്ള അയാളുടെ ഉയര്‍ച്ചയും പിന്നീടുണ്ടാവുന്ന താഴ്ചയും. മോഹന്‍ലാലും ഞാനും ചേര്‍ന്ന് എല്ലാത്തരത്തിലുമുള്ള സിനിമകള്‍ ചെയ്‍തിട്ടുണ്ട്. പക്ഷേ ഒരു സ്പോര്‍ട്‍സ് സിനിമ ഞങ്ങള്‍ ചെയ്‍തിട്ടില്ല. ചിത്രത്തിനുവേണ്ടി ലാല്‍ ആദ്യം 15 കിലോ ശരീരഭാരം കുറയ്ക്കണം. പിന്നീട് അത് തിരിച്ചുപിടിക്കണം. അതുകൂടാതെ പത്ത് കിലോ കൂട്ടുകയും വേണം. ശരീരഭംഗി നഷ്ടപ്പെട്ട, പ്രായമാവുന്ന ഭാഗം അവതരിപ്പിക്കാനാണ് ശരീരഭാരം കൂട്ടേണ്ടിവരിക. അദ്ദേഹത്തിന് അത് സാധിക്കുമോ? തീര്‍ച്ഛയായും അദ്ദേഹത്തെക്കൊണ്ട് അതിനു കഴിയും. മോഹന്‍ലാലിന് ചെയ്യാന്‍ പറ്റാത്തതായി എന്തെങ്കിലുമുണ്ടോ?”, പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button