ചെന്നൈ: രാജ്യത്തെ പെട്രോള്‍ ഡീസല്‍ വിലവര്‍ധനവിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ് സംവിധായകന്‍ സി.വി കുമാര്‍. പെട്രോള്‍ വില നൂറില്‍ തൊടാന്‍ കഠിനപ്രയത്‌നം ചെയ്തവരെ താന്‍ അഭിനന്ദിക്കുന്നുവെന്നും പാചകവാതകത്തിന്റെ വില കൂടി ആയിരത്തില്‍ എത്തിക്കാന്‍ ഈയാളുകള്‍ എത്രയും പെട്ടെന്ന് കഠിനപരിശ്രമം നടത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമാണ് സിവി കുമാര്‍ പറഞ്ഞു. സൂതു കാവ്, മായവന്‍, സാല ഖദൂസ് തുടങ്ങിയ നിരവധി ചിത്രങ്ങളുടെ സംവിധായകനാണ് സിവി കുമാര്‍.
ഇന്നും കൂടി വില വര്‍ധിച്ചതോടെ തിരുവനന്തപുരത്ത് പെട്രോളിന് 91.42 രൂപയും ഡീസലിന് 85.93 രൂപയുമായി വര്‍ധിച്ചു. കൊച്ചിയില്‍ പെട്രോളിന് 88.79 രൂപയും ഡീസലിന് 85.31 രൂപയുമാണ് വില.
തുടര്‍ച്ചയായ പത്താം ദിവസമാണ് ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. പത്ത് ദിവസത്തിനിടെ പെട്രോളിന് രണ്ട് രൂപ 70 പൈസയും ഡീസലിന് ഒരു രൂപ 45 പൈസയുമാണ് വര്‍ധിച്ചത്. രാജ്യത്ത് ഇന്ധനവില റെക്കോര്‍ഡ് വേഗത്തിലാണ് വര്‍ധിക്കുന്നത്. കഴിഞ്ഞദിവസം രാജസ്ഥാനില്‍ പെട്രോളിന് 100 രൂപ കടന്നിരുന്നു. തുടര്‍ച്ചയായി ഇന്ധന വിലവര്‍ദ്ധനവില്‍ വലിയ വിമര്‍ശനമാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്.