കൊച്ചി: കേരളത്തെ നടുക്കിയ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുകള്‍ ഉയരുകയാണ്. തന്റെ വെളിപ്പെടുത്തലുകള്‍ക്ക് മലയാളത്തിലെ നിരവധി താരങ്ങളുടെ പിന്തുണ ലഭിച്ചെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഡാലോചന നടത്തിയെന്ന തന്റെ വെളിപ്പെടുത്തലിന് മലയാളത്തിലെ ഒരു സൂപ്പര്‍ താരത്തിന്റെ പിന്തുണ ലഭിച്ചെന്നും ഇദ്ദേഹം പറഞ്ഞു.
‘മലയാളത്തിലെ സൂപ്പര്‍ താരങ്ങളിലൊരാള്‍ എനിക്ക് മെസേജ് അയച്ചു. കേസുമായി മുന്നോട്ട് പോവാന്‍ അദ്ദേഹം പിന്തുണച്ചു. ഒരുപാട് താരങ്ങള്‍ അറിയുന്നവരും അറിയാത്തവരും മെസേജ് അയക്കുന്നുണ്ട്,’ ബാലചന്ദ്രകുമാര്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ളവരെ ഇന്ന് മുതല്‍ മൂന്നുദിവസം ചോദ്യം ചെയ്യും.
ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പ്രതികള്‍ക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കി. ഒന്‍പത് മണി മുതലാണ് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ വീഡിയോയില്‍ ചിത്രീകരിക്കും. ദിലീപിന്റെ അടുത്ത സുഹൃത്തും വിഐപിയെന്ന് അറിയപ്പെടുന്ന ശരത് ജി നായരെയും ചോദ്യം ചെയ്യാനും തീരുമാനമുണ്ട്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ ദിലീപ് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി. ദിലീപിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. ആദ്യം ദിലീപിനെ ഒറ്റയ്ക്കിരുത്തി ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. കൂടാതെ ചോദ്യം ചെയ്യലിനായി മറ്റ് രണ്ട് പ്രതികള്‍ കൂടി കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി. ദിലീപിന്റെ ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് എത്തിയത്.
ചോദ്യം ചെയ്യുന്നത് മുഴുവന്‍ വീഡിയോ ക്യാമറയില്‍ പകര്‍ത്തും. ആദ്യഘട്ടത്തില്‍ ഓരോ പ്രതികളെയും വെവ്വേറെ ചോദ്യം ചെയ്യും. ഇതിനായി ഉദ്വോഗസ്ഥരെ വിവിധ ടീമുകളാക്കി തിരിച്ചു. സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റുള്ള പ്രതികള്‍.
അന്വേഷണസംഘത്തിന് ദിലീപിനെ മൂന്ന് ദിവസം ചെയ്യാമെന്നും രാവിലെ മുതല്‍ വൈകിട്ട് വരെ ചോദ്യം ചെയ്ത ശേഷം കേസ് പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് ഹൈക്കോടതി പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയത്.
രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെ ചോദ്യം ചെയ്യാം. എന്നാല്‍, ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതികള്‍ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സമുണ്ടാക്കിയാല്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച വരെ കേസ് തീര്‍പ്പാക്കുന്നില്ല എന്നും, അത് വരെ ദിലീപ് അടക്കമുള്ള ആറ് പ്രതികള്‍ അന്വേഷണവുമായി സഹകരിക്കട്ടെ എന്നും കോടതി വ്യക്തമാക്കി.