കള്ളപ്പണക്കേസിൽ അറസ്റ്റിലായ ഐ എ എസ് ഉദ്യോഗസ്ഥയ്‌ക്കൊപ്പം അമിത് ഷാ, ചിത്രം പങ്കുവച്ച സംവിധായകൻ അറസ്റ്റിൽ

അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഐ.എ.എസ് ഉദ്യോഗസ്ഥ പൂ‌ജ സിംഗാളും ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവച്ച സംവിധായകൻ അവിനാഷ് ദാസിനെ കസ്റ്റഡിയിലെടുത്തു. അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ചാണ് അവിനാഷിനെ കസ്റ്റഡിയിലെടുത്തത്.

അഞ്ച് വർഷം മുമ്പെടുത്ത ഫോട്ടോയാണിതെന്നും അമിത് ഷായുടെ പ്രതിച്ഛായ തകർക്കാനും അപകീർത്തിപ്പെടുത്താനും വേണ്ടിയാണ് ഇയാൾ ഫോട്ടോ പങ്കുവച്ചതെന്ന് പൊലീസ് പറഞ്ഞു. ദേശീയ പതാക ധരിച്ചുനിൽക്കുന്ന സ്ത്രീയുടെ ചിത്രം പങ്കുവെച്ചതും കൂടെ കണക്കിലെടുത്താണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ഈ മാസം എട്ടിനാണ് സംവിധായകൻ ചിത്രം ട്വീറ്റ് ചെയ്‌തത്. അനാർക്കലി ഓഫ് ആരാ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് അവിനാഷ് ദാസ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംവിധായകൻ പങ്കുവച്ച ചിത്രം വ്യാജമാണെന്ന വാദങ്ങളും ഉയരുന്നുണ്ട്. വിവാദമായതിന് പിന്നാലെ സംവിധായകന്റെ ട്വിറ്റർ, ഫേസ്‌ബുക്ക് പേജുകൾ അപ്രത്യക്ഷമായിരിക്കുകയാണ്.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കള്ളപ്പണക്കേസിൽ ജാർഖണ്ഡ് ഖനന വകുപ്പ് സെക്രട്ടറി പൂജാ സിംഗാളിനെ ഇ.ഡി അറസ്റ്റുചെയ്തത്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 18 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് ഇവരെ അറസ്റ്റുചെയ്‌തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News