കൊച്ചി:
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഫോൺ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി. ഫോൺ എന്തുകൊണ്ട് കൈമാറിയില്ലെന്ന് കോടതി ആരാഞ്ഞു. ഫോൺ കൈമാറാത്തത് ശരിയായ നടപടി അല്ലെന്നും ജസ്റ്റിസ് പി. ഗോപിനാഥ് ചൂണ്ടിക്കാട്ടി.
ദിലീപ് ഫോൺ കൈമാറാത്തതിൽ കടുത്ത അതൃപ്തിയാണ് കോടതി രേഖപ്പെടുത്തിയത്. അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളുമെന്ന മുന്നറിയിപ്പ് കൂടി ഹൈക്കോടതി നൽകി. ഫോണുകൾ ഹൈക്കാടതി രജിസ്ട്രാർ ജനറലിന് നൽകിക്കൂടേയെന്നും കോടതി ചോദിച്ചു. ഫോണിൽ കൃത്രിമം കാണിച്ചെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞാൽ പിന്നീട് എന്ത് ചെയ്യുമെന്നും കോടതി ചോദിച്ചു. സത്യാവസ്ഥ കണ്ടെത്തേണ്ടത് അന്വേഷണ സംഘത്തിന്റെ ചുമതലയാണെന്നും ശാസ്ത്രീയ പരിശോധന പിന്നീട് നടത്താമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇന്നുതന്നെ ഫോൺ കൈമാറണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. തുടർന്ന് കോടതി ഹർജി പരിഗണിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി.
ദിലീപിന്‍റെ വസതിയിൽ നിന്ന് പിടിച്ചെടുത്ത ഫോണുകൾ പുതിയ ഫോണുകളാണ്. 2022 ജനുവരിയിൽ മാത്രമാണ് ആ ഫോണുകൾ ദിലീപും അനൂപും ഉപയോഗിച്ച് തുടങ്ങിയത്. എന്നാൽ അതിന് മുമ്പ് ദിലീപ് ഉപയോഗിച്ച ഫോണുകൾ കേസിൽ നിർണായകമാണ് എന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്.
ദിലീപ് ഉപയോഗിച്ചിരുന്ന രണ്ട് ആപ്പിൾ ഫോൺ, ഒരു വിവോ ഫോൺ, ദിലീപിന്‍റെ സഹോദരൻ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഹുവായ് ഫോൺ എന്നിവ അന്വേഷണം തുടങ്ങിയപ്പോൾ മാറ്റിയെന്നും അന്വേഷണസംഘത്തിന് മുൻപിൽ ഹാജരാക്കിയത് പുതിയ ഫോണുകളാണെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ പറയുന്നു. എന്നാൽ ഈ ഫോണുകൾ മാറ്റിയെന്ന കാര്യത്തിൽ ദിലീപ് തർക്കിക്കുന്നില്ല. പക്ഷേ, ഫോൺ കൈമാറുന്നത് തന്‍റെ സ്വകാര്യതയെ ബാധിക്കുന്നതാണ് എന്നാണ് ദിലീപ് പറയുന്നത്.
തന്‍റെ മുൻ ഭാര്യ മഞ്ജു വാര്യരുമായി സംസാരിച്ച സംഭാഷണങ്ങൾ ആ ഫോണിലുണ്ട്. അത് അന്വേഷണസംഘത്തിന് കിട്ടിയാൽ, അത് അവർ ദുരുപയോഗം ചെയ്യും. അവരത് പുറത്തുവിട്ടാൽ തനിക്ക് അത് ദോഷം ചെയ്യും. തന്‍റെ കയ്യിൽ ആ ഫോണില്ലെന്ന് തനിക്ക് വേണമെങ്കിൽ വാദിക്കാമായിരുന്നു. അത് ചെയ്തിട്ടില്ല. തനിക്ക് ഒളിക്കാൻ ഒന്നുമില്ല. കോടതിയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമമാണ് പ്രോസിക്യൂഷൻ നടത്തുന്നതെന്നും ദിലീപ് കോടതിയിൽ ആരോപിക്കുന്നു.
ഇപ്പോൾ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച സംവിധായകൻ ബാലചന്ദ്രകുമാറുമായിട്ടുള്ള സംഭാഷണം താനും റെക്കോഡ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് അത് ശേഖരിക്കാനായി താൻ ആ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് കൊടുത്തിരിക്കുകയാണ്. തന്‍റെ ഡിഫൻസിന് ഈ ഫോൺ അനിവാര്യമാണ്. അതിനാൽ അന്വേഷണസംഘത്തിന് കൈമാറാനാകില്ല എന്ന് ദിലീപ് ഹൈക്കോടതിയിൽ പറയുന്നു.
എന്നാൽ നിങ്ങൾക്ക് കോടതിയിൽ വിശ്വാസമില്ലേ എന്നാണ് ഹൈക്കോടതി ചോദിക്കുന്നത്. ആർക്കാണ് ഈ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് നൽകേണ്ടത് എന്ന കാര്യം തീരുമാനിക്കേണ്ടത് ദിലീപാണോ എന്നും കോടതി ചോദിക്കുന്നു. ഹൈക്കോടതി റജിസ്ട്രിയിൽ ഈ ഫോൺ എന്തുകൊണ്ട് നൽകുന്നില്ല? മറ്റൊരാൾക്ക് ഫോൺ പരിശോധനയ്ക്ക് കൊടുത്തത് വഴി നിങ്ങൾ എടുത്തത് വലിയ റിസ്കല്ലേ എന്നും കോടതി ചോദിക്കുന്നു.
അതേസമയം, കേസിലെ ഗൂഢാലോചന സംബന്ധിച്ചുള്ള വാദങ്ങൾ നിലനിൽക്കുമോ എന്ന സംശയവും കോടതി ആവർത്തിക്കുന്നു. ഇന്ന് ദിലീപിന്‍റെ ഫോണുകൾ വേണമെന്ന് അന്വേഷണ സംഘം പറയുന്നു. എന്നാൽ അത് ഫോറൻസിക് വിദഗ്ധർക്ക് കൊടുത്തിരിക്കുകയാണെന്ന് നിങ്ങൾ പറയുന്നു. നാളെ പ്രോസിക്യൂഷൻ ഈ ഫോണുകളിലെ തെളിവുകളെല്ലാം ഡിജിറ്റൽ ആയി നശിപ്പിക്കപ്പെട്ടുവെന്ന് പറയും – കോടതി നിരീക്ഷിക്കുന്നു.
തന്‍റെ അഭിഭാഷകനായ രാമൻപിള്ളയെ കേൾക്കണമെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്. അദ്ദേഹം ഇന്ന് ഹാജരല്ല. കോടതിയിൽ മറുപടി ഫയൽ ചെയ്യാൻ തിങ്കളാഴ്ച വരെ സമയം തരണം. ബാലചന്ദ്രൻ ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിച്ചതിന്‍റെ തെളിവുകൾ തന്‍റെ കയ്യിലുണ്ട്. തന്‍റെ സ്വകാര്യസംഭാഷണങ്ങളും അഭിഭാഷകരുമായുള്ള സംഭാഷണങ്ങളും ഫോണിലുണ്ട് എന്നാണ് ദിലീപ് പറയുന്നത്.
എന്നാൽ അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ല എന്ന് സർക്കാർ വാദിക്കുന്നു. കോടതി ഉത്തരവില്ലായിരുന്നെങ്കിൽ ഈ ഫോൺ നേരത്തേ പിടിച്ചെടുക്കുമായിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. ഈ ഫോണുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാൻ ദിലീപിന് ഉത്തരവാദിത്തമുണ്ട് എന്ന് സുപ്രീംകോടതി വിധികൾ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ പറയുന്നു.