ദിലീപിന്റെ കൈവശം തോക്കും? അന്വേഷണ സംഘം പരിശോധിക്കുന്നു

കൊച്ചി: നടന്‍ ദിലീപിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം നടത്തുന്ന പരിശോധനയില്‍ തോക്കും അന്വേഷിക്കുന്നു. ഭീഷണി മുഴക്കുമ്പോള്‍ ദിലീപിന്റെ കൈവശം തോക്കും ഉണ്ടായിരുന്നതായാണ് സൂചന. ഈ തോക്കും ലക്ഷ്യമിട്ടാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്.

അതേസമയം, ദിലിപിന്റെ ആലുവയിലെ വീട്ടിലും സഹോദരന്‍ അനൂപിന്റെ വീട്ടിലും നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ഓഫീസിലും ഒരേസമയം പരിശോധന പുരോഗമിക്കുകയാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കംപ്യൂട്ടറില്‍ സൂക്ഷിച്ചിരുന്നതായാണ് വിവരം. അതിനാല്‍ ക്രൈംബ്രാഞ്ച് സംഘം ഹാര്‍ഡ് ഡിസ്‌കുകള്‍ കസ്റ്റഡിയിലെടുക്കും. ഇവ വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്നാണ് സൂചന.

പരിശോധന നടക്കുന്നതറിഞ്ഞ് ദിലീപ് വീട്ടിലെത്തി. ആലുവയിലെ പത്മസരോവരം എന്ന വീട്ടിലാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്. അന്വേഷണ സംഘമെത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മതില്‍ ചാടിക്കടന്ന് വീടിന്റെ പരിസരത്ത് പ്രവേശിച്ചു. ദിലീപിന്റെ സഹോദരി എത്തിയാണ് വീട് തുറന്നത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പുതിയ കേസ് പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസെടുത്തത്. പിന്നാലെയാണ് ഇപ്പോള്‍ റെയ്ഡ്.

അതേസമയം വെള്ളിയാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വാക്കാല്‍ നിര്‍ദേശിച്ചിരുന്നു. നാളെ ഹൈക്കോടതി ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. ബാലചന്ദ്രകുമാര്‍ സമര്‍പ്പിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായ എതിര്‍വാദം ഉന്നയിക്കാനാണ് സാധ്യത.

ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ വിഐപിയെ കുറിച്ച് ക്രൈംബ്രാഞ്ച് സംഘത്തിന് സൂചന ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന മൊഴിയില്‍ വി.ഐ.പിയുടെ പങ്കിനെക്കുറിച്ച് അന്വേഷണം വ്യാപിപ്പിക്കും. ബാലചന്ദ്രകുമാര്‍ കൈമാറിയ ഓഡിയോ സന്ദേശത്തില്‍ നിന്ന് മൂന്നു പേരുകളിലേക്കാണ് ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News