കേസു നടത്തി പാപ്പരായി ദിലീപ്,ജാക്ക് ദാനിയലും കേശുവും പൊട്ടി,ഡിങ്കന്റെ നിര്‍മ്മാതാവ് കുത്തുപാളയെടുത്തു,പുതിയസിനിമയിലേക്ക് ആരും വിളിയ്ക്കുന്നില്ല,എല്ലാം കാവ്യയെ കെട്ടിയതുകൊണ്ടെന്ന് ബന്ധുക്കള്‍,ശബ്ദരേഖ പുറത്ത്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ നിര്‍ണായക സാക്ഷിയെ സ്വാധീനിക്കാന്‍ പ്രതിഭാഗം ശ്രമിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സംഭവം നടന്ന ദിവസം നടന്‍ ദിലീപ് പ്രത്യേകിച്ച് അസുഖമില്ലാതെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ കിടപ്പു രോഗിയായി പ്രവേശിച്ചതായാണു പ്രോസിക്യൂഷന്‍ കേസ്.
ഇക്കാര്യം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ സാക്ഷിയായി ഉള്‍പ്പെടുത്തിയ ആശുപത്രിയിലെ ഡോ. ഹൈദരലി പ്രോസിക്യൂഷന്‍ നിലപാടു സാധൂകരിക്കുന്ന മൊഴികളാണു ആദ്യം നല്‍കിയിരുന്നത്. എന്നാല്‍, സാക്ഷി വിസ്താര സമയത്ത് ഈ മൊഴികള്‍ മാറ്റിപ്പറയാന്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ് ഡോക്ടറെ നിര്‍ബന്ധിക്കുന്നതിന്റെ ശബ്ദരേഖയാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്. ആദ്യ മൊഴി വ്യത്യസ്തമായതു കൊണ്ടു പ്രശ്‌നമില്ലെന്നും അതു മാറ്റിപ്പറഞ്ഞാല്‍ രണ്ടാമതു പറഞ്ഞ മൊഴിയേ നിയമപരമായി പരിഗണിക്കപ്പെടൂ എന്നുമാണു സുരാജ് പറയുന്നത്.
പൈസയില്ലാതെ കയ്യും കാലും ഇട്ടടിയ്ക്കുന്ന അവസ്ഥയാണെന്ന് ബന്ധു സുരാജും സുഹൃത്ത് ശരത്തും തമ്മില്‍ നടത്തിയ സംഭാഷണത്തില്‍ പറയുന്നു.റോത്തഗിയ്ക്ക് കൊടുക്കേണ്ടത് ലക്ഷങ്ങള്‍.ബി.ഉണ്ണികൃഷ്ണനൊന്നും ഒന്നു പറയില്ല.കാര്യം കാണാന്‍ കൂടെ നടക്കും അല്ലാതെ ഒരു സഹായം ചെയ്യില്ല.ധനനഷ്ടം ഭീകരമാണ്.ജാക്ക് ഡാനിയല്‍ പൈസ കിട്ടിയില്ല പടം അങ്ങിനെ പോയി ഡിങ്കന്‍ പടം മുടങ്ങി പ്രൊഡ്യൂസര്‍ കുത്തുപാള എടുത്തുപോയി.മൈ സാന്റയും നഷടത്തിലായി.ദുബായില്‍ കൊണ്ടു പൈസ മുടക്കിയത് എങ്ങുമെത്തിയില്ല, തീയറ്ററുകളില്‍ വരുമാനമില്ല.വായ്പ തിരിച്ചടയ്ക്കാന്‍ പോലും നിര്‍വ്വാഹമില്ല.കാവ്യയെ വിവാഹം കഴിച്ചതോടെ കഷ്ടകാലം ആരംഭിച്ചു.ഗ്രഹങ്ങള്‍ പ്രകാരം ഏറ്റവും നല്ല സമയമാണ് പക്ഷെ അനുഭവിയ്ക്കാന്‍ യോഗമില്ല.എന്തോ നെഗറ്റീവ് അടിച്ചിട്ടുണ്ട്.കാവ്യയെ വിവാഹം കഴിച്ചതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം.കുടുംബ ക്ഷേത്രത്തില്‍ പോകുന്നില്ല ഇതുവരെ.ലോകത്തെ മുഴുവന്‍ ക്ഷേത്രത്തിലും പോയിട്ടുകാര്യമില്ല.സിനിമയുടെ കാര്യം പറയാന്‍ വയ്യാത്ത അവസ്ഥയിലായി.ചാടുന്നേനെ മുമ്പേ ആലോചിയ്ക്കണമായിരുന്നു.
കേസിന്റെ സാക്ഷി വിസ്താരത്തിനിടയില്‍ 20 പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂറുമാറിയിരുന്നു. പ്രതിഭാഗത്തിന്റെ സ്വാധീനത്തിനും ഭീഷണിക്കും പ്രലോഭനത്തിനും വഴങ്ങിയാണ് ഇത്രയും സാക്ഷികള്‍ കൂറുമാറിയതെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം. ഈ ആരോപണം ശരിവയ്ക്കുന്നതാണു ഡോക്ടറുമായുള്ള സംഭാഷണമെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം.
എട്ടാം പ്രതി ദിലീപിന്റെ ഭാര്യയായ നടി കാവ്യാ മാധവനെ അന്വേഷണ സംഘം നാളെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചിട്ടുണ്ട്. അതിജീവിതയായ നടിയും കാവ്യയും തമ്മിലുള്ള വിരോധമാണു കേസിനു വഴിയൊരുക്കിയ പീഡനത്തിനു കാരണമായതെന്നു ദിലീപിന്റെ സഹോദരി ഭര്‍ത്താവ് പറയുന്ന ശബ്ദസന്ദേശത്തെത്തുടര്‍ന്നാണിത്.
ഒരു സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിച്ചാണു താന്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതെന്ന ദിലീപിന്റേതായി പുറത്തുവന്ന ശബ്ദ സന്ദേശവും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. കേസില്‍ നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനോടും നാളെ പൊലീസില്‍ ക്ലബ്ബില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ദിലീപും കൂട്ടാളികളും ആലുവയിലെ വീട്ടില്‍ കണ്ടതായി ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ കാണാന്‍ ഉപയോഗിച്ച ടാബ് ദിലീപ് പിന്നീട് ഏല്‍പിച്ചതു കാവ്യയെയാണെന്നും മൊഴിയിലുണ്ട്. കാവ്യയെയും ബാലചന്ദ്രകുമാറിനെയും ഒരുമിച്ചു ചോദ്യം ചെയ്യുന്നതോടെ ഈ മൊഴികളില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
ഹെക്കോടതിയില്‍ സമര്‍പ്പിച്ച ശബ്ദരേഖയിലെ സൂചനയുടെ അടിസ്ഥാനത്തിലാണ് നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിയ്ക്കുന്നത്.നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ടു ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍.സുരാജ്, സുഹൃത്തും വ്യവസായിയുമായ എസ്.ശരത്ത് എന്നിവര്‍ തമ്മിലുള്ള സംഭാഷണമാണു ശബ്ദരേഖയിലുള്ളത്.
കേസിനു വഴിയൊരുക്കിയ സംഭവങ്ങള്‍ക്കു തുടക്കം, സുഹൃത്തുക്കളായിരുന്ന അതിജീവിതയും കാവ്യാ മാധവനും തമ്മിലുള്ള പിണക്കവും വൈരാഗ്യവുമാണെന്നു വിശദീകരിക്കുന്നതാണു ശബ്ദരേഖയിലെ സുരാജിന്റെ വാക്കുകള്‍. ജയിലില്‍ നിന്നുള്ള പ്രതികളുടെ ഫോണ്‍ കോള്‍ ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷ എടുത്തതിനു ശേഷമാണ് അന്വേഷണം ദിലീപില്‍ എത്തിയതെന്നും പറയുന്നുണ്ട്.
കാവ്യയെ കുടുക്കാന്‍ ചില കൂട്ടുകാരികള്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്കു കാവ്യ നല്‍കിയ പണിയാണു സംഭവമെന്നും ദിലീപിന് അതില്‍ ബന്ധമില്ലെന്നും സുരാജ് പറയുന്നു. ശബ്ദരേഖയിലുള്ളതു സുരാജിന്റെയും ശരത്തിന്റെയും ശബ്ദമാണെന്നു ദിലീപ് സമ്മതിച്ചിരുന്നു. ഇതിന്റെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചിട്ടുണ്ട്. കേസില്‍ തനിക്കും കാവ്യയ്ക്കും ബന്ധമില്ലെന്നാണു ദിലീപിന്റെ മൊഴി.