KeralaNews

ദിലീപിൻ്റെ ജാമ്യം റദ്ദാക്കുമോ?പ്രോസിക്യൂഷൻ ഹർജി വിചാരണക്കോടതി ഇന്ന് പരിഗണിയ്ക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി ഇന്ന് പരിഗണിക്കു൦. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ കൈവശമുണ്ടെന്ന് തെളിയിക്കാനുള്ള വാദങ്ങൾ ആണ് വിചാരണ കോടതിയിൽ പ്രോസിക്യൂഷൻ ഉന്നയിച്ചത്.

ഇതിനായി ഫൊറൻസിക് ലാബിലെ ദൃശ്യങ്ങളുടെ ശബ്ദരേഖ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു.ദിലീപിന്റെ സഹോദരൻ അനൂപിന്‍റെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളുമായി ഒത്തുനോക്കിയാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.

കേസിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് നൽകാനുള്ള സമയപരിധി നീട്ടണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം ഹൈക്കോടതി വിധി പറയാനായി മാറ്റി വെച്ചിരിക്കുന്നതിനിടെയാണ്.

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട ഹർജിയിൽ ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം തള്ളി ഹൈക്കോടതി. തുടരന്വേഷണത്തിന് കൂടുതൽ സമയം ചോദിച്ച് ക്രൈംബ്രാഞ്ച് നൽകിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറണമെന്ന ആവശ്യമാണ് കോടതി നിരസിച്ചത്. മുമ്പ് താൻ തീരുമാനമെടുത്ത കേസിൽനിന്ന് പിന്മാറാൻ ബുദ്ധിമുട്ടാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് നടിയുടെ ആവശ്യം തള്ളിയത്. ക്രൈംബ്രാഞ്ചിന്റെ ഹർജിയിൽ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം വിശദമായ വാദം കേൾക്കാമെന്നും കോടതി അറിയിച്ചു.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ആക്രമിക്കപ്പെട്ട നടിയും ഹർജിയിൽ കക്ഷിചേർന്നിരുന്നു. തുടർന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ബുധനാഴ്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് നടിയുടെ അഭിഭാഷക തങ്ങളുടെ ആവശ്യം ഉന്നയിച്ചത്. ഹർജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറണമെന്നായിരുന്നു ഇവർ കോടതിയെ അറിയിച്ചത്. എന്നാൽ ഇതേ കേസിൽ മുമ്പ് രണ്ടുതവണ സമയം നീട്ടിനൽകിയത് താനാണെന്നും താൻ നേരത്തെ തീരുമാനമെടുത്ത കേസായതിനാൽ പിന്മാറാൻ ബുദ്ധിമുട്ടാണെന്നും ജഡ്ജി വ്യക്തമാക്കുകയായിരുന്നു.

നേരത്തെ അന്വേഷണം അട്ടിമറിക്കുന്നതായി ആരോപിച്ച് നടി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറിയിരുന്നു. നടിയുടെ ആവശ്യം അംഗീകരിച്ചാണ് ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറിയത്. ക്രൈംബ്രാഞ്ചിന്റെ ഹർജിയിലും നടി വീണ്ടും ഇതേ ആവശ്യം ഉന്നയിക്കുകയായിരുന്നു.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡുകളിലെ ഹാഷ് വാല്യു മാറിയതെന്നാണ് നടിയുടെ ആരോപണം. ഈ സമയത്ത് എറണാകുളം സെഷൻസ് ജഡ്ജിയായിരുന്നു കൗസർ എടപ്പഗത്ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button