കൊച്ചി: തമിഴ് സൂപ്പര്‍ താരം ധനുഷും സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ മകളുമായ ഐശ്വര്യയും തമ്മിലുള്ള വിവാഹമോചന വാര്‍ത്തകളാണ് സിനിമാ മേഖലയില്‍ സജീവ ചര്‍ച്ചാവിഷയം.അടുത്തിടെ വിവാഹ ബന്ധം വേര്‍പെടുത്തിയ സാമന്തയുമായും കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹാസനുമായൊക്കെ ധനുഷ് വിവാഹം കഴിയ്ക്കാന്‍ ഒരുങ്ങുന്നതായുളള ഗോസിപ്പുകള്‍ക്കും പഞ്ഞമില്ല.മലയാളത്തിലും ഇത്തരത്തിലുള്ള നിരവധി താരവിവാഹങ്ങളും വേര്‍പിരിയലുകളും പുനര്‍വിവാഹങ്ങളുമൊക്കെ നടന്നിട്ടുണ്ട്.മലയാളസിനിമയുടെ നട്ടെല്ലായ പൃഥിരാജിന്റെ അമ്മയായ മല്ലിക സുകുമാരനും ജഗതിയും തുടങ്ങി രണ്ടു നായികമാരെ വിവാഹം കഴിഞ്ഞ ദിലീപുമൊക്കെ ആ പട്ടികയിലുണ്ട്.
മലയാള സിനിമാ താരങ്ങള്‍ക്കിടെ അഭിനയ പ്രതിഭ കൊണ്ടുണ്ടാകുന്ന ശ്രദ്ധാ കേന്ദ്രത്തിനു പുറമേ താരങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് അവര്‍ വിവാഹിതരാകുമ്പോഴോ പുനഃര്‍വിവാഹം ചെയ്യുമ്പോഴോ ഒക്കെയാണ്. വെള്ളിവെളിച്ചത്തില്‍ നിന്നും മറഞ്ഞു നില്‍ക്കുമ്പോഴും വിവാഹിതരാകുന്നതോടെ വെള്ളിവെളിച്ചത്തിലേക്ക് തിരിച്ചെത്താന്‍ ഭാഗ്യം ചെയ്ത താരങ്ങളും നമുക്കുണ്ട്. ഇന്നിവിടെ നാം പട്ടികപ്പെടുത്തുന്നത് രണ്ടാം വിവാഹത്തില്‍ നടിമാരെ പങ്കാളികളാക്കുകയും പിന്നീട് വേര്‍പിരിയുകയും ചെയ്ത താരങ്ങളെയാണ്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.
മലയാള സിനിമയുടെ ഹാസ്യ കുലപതിയായ ജതി ശ്രീകുമാര്‍ ആദ്യം വിവാഹം ചെയ്തത് നടി മല്ലിക സുകുമാരനെ ആയിരുന്നു. പിന്നീട് വ്യക്തിജീവിതത്തിലുണ്ടായ അസ്വാരസ്യങ്ങള്‍ മൂലം ഇരുവരും പിരിയുകയായിരുന്നു.തുടര്‍ന്ന് ജഗതി കല എന്ന സ്ത്രീയെ വിവാഹം ചെയ്തു. ഈ വിവാഹ ബന്ധവും അധികകാലം നീണ്ടില്ല, പിരിഞ്ഞ ശേഷം ജഗതി വീണ്ടും ശോഭ എന്ന സ്ത്രീയെ വിവാഹം ചെയ്യുകയായിരുന്നു.
മലയാളത്തിലെ ഏറ്റവും മികച്ച നടനായ സുകുമാരന്റെ ഭാര്യ , മലയാളത്തിലെ നടനും സംവിധായകനും നിര്‍മാതാവുമെല്ലാമായ പൃഥ്വിരാജ് സുകുമാരന്റെയും നടന്‍ ഇന്ദ്രജിത് സുകുമാരന്റെയും അമ്മയും മലയാളത്തിന്റെ പ്രിയ നടിയായ മല്ലിക സുകുമാരന്‍. എന്നാല്‍ ഒട്ടേറെ ആളുകള്‍ക്ക് അറിയാം എങ്കില്‍ കൂടിയും ചിലര്‍ക്കെങ്കിലും അറിയില്ലാത്ത ഒരു കാര്യമുണ്ട്. മല്ലിക ആദ്യം വിവാഹം കഴിക്കുന്നത് മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിനെയാണ് എന്നുള്ളത്. അഭിനയ ലോകത്തില്‍ ശോഭിക്കുക എന്നുള്ളത് തന്നെയായിരുന്നു രണ്ടുപേരുടെയും സ്വപ്നം
കോളേജ് കാലഘട്ടം മുതല്‍ കലാപരമായ കഴിവുകള്‍ കൊണ്ട് സമകാലികരെ മുഴുവന്‍ വിസ്മയിപ്പിക്കാന്‍ ജഗതിക്ക് കഴിഞ്ഞിരുന്നു. തന്റെ പ്രണയിനിയും അതെ കോളേജില്‍ തനിക്കൊപ്പം പഠിച്ചയാള്‍ ആകുക ആയിരുന്നു. കലാപരമായി നിരവധി കഴിവുകളുള്ള മല്ലികയും പഠന കാലത്ത് തന്നെ താരം ആയി മാറിയ ജഗതി ശ്രീകുമാറും തമ്മില്‍ അടുത്തു. പ്രണയം തലക്ക് പിടിച്ചപ്പോള്‍ രണ്ടുപേരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. തങ്ങളുടെ ജീവിതം കൂടുതല്‍ മികവുള്ളതാക്കാന്‍ അന്നത്തെ സിനിമ കോട്ടയായ മദ്രാസിലേക്ക് വണ്ടി കയറി. സിനിമയില്‍ ഭാഗ്യം പരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പ്രണയ കാലം പോലെ അത്ര സുന്ദരവും മധുരമുള്ളതും ആയിരുന്നില്ല ഇരുവരുടെയും മദ്രാസിലെ ജീവിതം. അഭിപ്രായ ഭിന്നതകള്‍ പതിയെ ഉണ്ടാകാന്‍ തുടങ്ങി. 1976 ലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ ഈ ബന്ധത്തിന്റെ ആയുസ്സ് വളരെ കുറിച്ചുമാത്രം ആയിരുന്നു.
തര്‍ക്കങ്ങളും പിണക്കങ്ങളും നീണ്ട ബന്ധത്തിനു ശേഷം ഇരുവരും വിവാഹമോചിതരായി. 1979 ലാണ് ഇരുവരും നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയത്. ഈ ബന്ധത്തില്‍ കുട്ടികളില്ല. ജഗതിയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷമാണ് അന്ന് കത്തിജ്വലിച്ചു നിന്നിരുന്ന നടന്‍ സുകുമാരനെ മല്ലിക വിവാഹം കഴിച്ചത്. ആദ്യ ബന്ധം പോലെ ആയിരുന്നില്ല ഇത്തവണ. വിജയകരമായ അവരുടെ ദാമ്പത്യ ജീവിതം ശോഭിച്ചപ്പോള്‍ വിരിഞ്ഞ പുഷ്പങ്ങളായിരുന്നു ഇന്ദ്രജിത്തും പൃഥ്വിരാജും. മല്ലികയുമായി വിവാഹമോചനം നേടി അതേ വര്‍ഷം തന്നെ ജഗതി കല എന്ന സ്ത്രീയെ വിവാഹം കഴിച്ചു. എന്നാല്‍ 1984 ല്‍ കലയുമായുള്ള ബന്ധവും ജഗതി വേര്‍പ്പെടുത്തി. പിന്നീട് അതേ വര്‍ഷം തന്നെയാണ് അദ്ദേഹം ശോഭയെ വിവാഹം കഴിച്ചത്.
മലയാള സിനിമയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച വിവാഹമായിരുന്നു നടന്‍ ദിലീപിന്റെയും നടി മഞ്ജു വാര്യരുടേതും. ഇരുവരെയും ഒരു സുപ്രഭാതത്തില്‍ കാണാതാകുകയായിരുന്നു. പിന്നീട് ഇരുവരും വിവാഹിതരായെന്ന വാര്‍ത്ത പുറത്ത് വന്നു. പിന്നീട് 14 കാല്ലം ഒന്നിച്ച് ജീവിച്ച ശേഷം ഇരുവരും ബന്ധം വേര്‍പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് നടന്‍ ദിലീപ് നടി കാവ്യ മാധവനെ വിവാഹം ചെയ്യുന്നത്.
1998 ല്‍ ആയിരുന്നു ആ സംഭവം. മഞ്ജു വാര്യര്‍ മലയാളത്തില്‍ കത്തി നില്‍ക്കുന്നു. ദിലീപ് രണ്ടാം നിര നായകനായി ഉയര്‍ന്നുവരുന്നു. ഏവരേയും ഞെട്ടിച്ചൊണ്ടാമ് ആ വിവാഹ വാര്‍ത്ത വന്നത്- ദിലീപും മഞ്ജു വാര്യരും വിവാഹിതരായി.
മലയാളത്തില്‍ പുരുഷ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം എന്നതുപോലെ ഉയര്‍ന്നുവന്നുകൊണ്ടിരുന്ന മഞ്ജു വാര്യര്‍ അതോടെ സിനിമ അഭിനയം അവസാനിപ്പിച്ചു. കുടുംബിനിയായി ഒതുങ്ങി.എന്നാല്‍ നീണ്ട് 16 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം മഞ്ജുവും ദിലീപും പിരിയുന്നുവെന്ന വാര്‍ത്തയാണ് കഴിഞ്ഞ വര്‍ഷം കേട്ടത്. അതിന് കാരണം ദിലീപും കാവ്യയും ആയുള്ള അടുപ്പവണെന്നും ഗോസിപ്പുകള്‍ പരന്നു. ഒടുവില്‍ ഏവരേയും ഒരിക്കല്‍ കൂടി ഞെട്ടിച്ച് ദിലീപും മഞ്ജുവും വേര്‍പിരിഞ്ഞു.
ദിലീപിന് കാവ്യ മാധവനുമായുള്ള ബന്ധമാണ് മഞ്ജുവാര്യരുമായുള്ള വിവാഹബന്ധം വേര്‍പിരിയാന്‍ കാരണം എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി. എന്നാല്‍ ദിലീപും കാവ്യയും അക്കാര്യം തുടക്കത്തില്‍ നിഷേധിച്ചു.ദിലീപിന്റെ മാത്രമല്ല രണ്ടാം വിവാഹം. കാവ്യ മാധവന്റേയും അങ്ങനെ തന്നെ. 2009 ല്‍ ആയിരുന്നു കാവ്യ നിഷാല്‍ ചന്ദ്രനെ വിവാഹം കഴിച്ചത്. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ബന്ധവം വേര്‍പിരിഞ്ഞു. കാവ്യ സിനിമയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
മലയാള സിനിമയിലെ ഒരുകാലത്തെ ഒഴിച്ചുകൂടാനാവാത്ത താരമായിരുന്നു സായികുമാര്‍. ഏത് തരത്തിലുള്ള വേഷവും വെടിപ്പായി ചെയ്ത് നല്‍കുന്ന താരം ആദ്യ വിവാഹം വേര്‍പെടുത്തിയ ശേഷം നടി ബിന്ദു പണിക്കരുമൊന്നിച്ച് ജീവിക്കുകയാണിപ്പോള്‍. 1986 ലാണ് പ്രസന്നകുമാരിയെ സായികുമാര്‍ വിവാഹം ചെയ്തത്. 2017 ല്‍ വിവാഹമോചനം നേടി.സംവിധായകന്‍ ബിജു.വി നായറായിരുന്ന ബിന്ദു പണിക്കരുടെ ആദ്യ ഭര്‍്ത്താവ്.ഹൃദയാഘാതത്തേത്തുടര്‍ന്ന് ഭര്‍ത്താവ് മരിച്ചതോടെയാണ് ബിന്ദു പണിക്കര്‍ പിന്നീട് സായ് കുമാറുമായി അടുത്തത്.
മലയാള സിനിമ ആഘോഷമാക്കിയ താരവിവാഹമായിരുന്നു മനോജ് കെ.ജയന്‍, ഉര്‍വ്വശി എന്നിവരുടെ. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം അക്കാലത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലെ അടുപ്പത്തിലൂടെ ഇരുവരും പ്രണയത്തിലായി. 2000 ത്തിലാണ് മനോജ് കെ.ജയനും ഉര്‍വ്വശിയും വിവാഹിതരായത്. എന്നാല്‍, ഈ ബന്ധം അധികം നീണ്ടുനിന്നില്ല. 2008 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
നാടകീയ രംഗങ്ങളാണ് ഇരുവരുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട് ഉണ്ടായത്. മനോജിനും ഉര്‍വ്വശിക്കും ഒരു മകളുണ്ട്. കുഞ്ഞാറ്റ എന്നാണ് മകളുടെ പേര്. മകളുടെ അവകാശത്തിനായി ഇരുവരും നിയമപരമായി പോരാടി. അച്ഛന്‍ മനോജ് കെ.ജയനൊപ്പം നില്‍ക്കാനാണ് മകള്‍ ആഗ്രഹിച്ചിരുന്നത്. ഒരു ദിവസം 10.30 മുതല്‍ നാല് വരെ മകളെ ഉര്‍വ്വശിയുടെ കൂടെ വിടണമെന്ന് അന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മനോജ് കെ.ജയന്‍ കോടതി വിധി അംഗീകരിക്കാന്‍ തയ്യാറാണെന്നും അറിയിച്ചു.
മകളെ ഉര്‍വ്വശിക്കൊപ്പം വിടേണ്ട ദിവസം കൊച്ചിയിലെ കുടുംബ കോടതിയില്‍ മനോജ് കെ.ജയന്‍ എത്തി. മകളെ ഉര്‍വ്വശിക്കൊപ്പം വിടാന്‍ തന്നെയായിരുന്നു തീരുമാനം. എന്നാല്‍, ഉര്‍വ്വശി എത്തിയത് മദ്യപിച്ച് അബോധാവസ്ഥയിലാണെന്നും ഇങ്ങനെയൊരു അവസ്ഥയില്‍ കുട്ടിയെ ഉര്‍വ്വശിക്കൊപ്പം വിടാന്‍ താന്‍ തയ്യാറല്ലെന്നും മനോജ് കെ.ജയന്‍ നിലപാടെടുത്തു. കുടുംബ കോടതിയില്‍ അമ്മയ്‌ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് കുഞ്ഞാറ്റയും എഴുതി നല്‍കി. കോടതിയിലെത്തിയ ഉര്‍വ്വശി പിന്നീട് തിരിച്ചുപോകുകയായിരുന്നു. കോടതി വളപ്പില്‍വച്ച് ഉര്‍വ്വശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അന്ന് മനോജ് കെ.ജയന്‍ ഉന്നയിച്ചത്.
‘കോടതി വിധി ഞാന്‍ മാനിക്കുന്നു. അതുകൊണ്ടാണ് മകളെയും കൊണ്ട് 10.10 ന് തന്നെ കോടതിയില്‍ എത്തിയത്. എന്നാല്‍, ഉര്‍വ്വശി വന്ന കോലം മാധ്യമങ്ങള്‍ തന്നെ കണ്ടില്ലേ? പരിപൂര്‍ണമായി മദ്യപാനത്തിനു അടിമയാണ് അവര്‍. മദ്യപിച്ച് അബോധാവസ്ഥയിലുള്ള ഒരാള്‍ക്കൊപ്പം മകളെ വിടാന്‍ പറ്റില്ല. മാനം മര്യാദയ്ക്ക് വന്ന് കുഞ്ഞിനെ കൊണ്ടുപോകുകയായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത്. മദ്യപാനത്തിനു അടിമയാണ് അവര്‍. അതുകൊണ്ട് കുഞ്ഞിനെ വിട്ടുകൊടുക്കാന്‍ പറ്റില്ല. ഇത് കുഞ്ഞിനും മനസിലായിട്ടുണ്ട്. അമ്മയ്‌ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് കുഞ്ഞ് തന്നെ കോടതിയില്‍ എഴുതികൊടുത്തിട്ടുണ്ട്,’ മനോജ് കെ.ജയന്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞു.