കേസ് തുടങ്ങിയത് മഞ്ജുവിൻ്റെ ആരോപണത്തോടെ: പിന്നിൽ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥയും ക്രിമിനല്‍ പോലീസ് സംഘവും’ ഗുരുതര ആരോപണവുമായി ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ നടി മഞ്ജു വാര്യര്‍ക്കും പോലീസിനുമെതിരേ ഗുരുതര ആരോപണവുമായി നടന്‍ ദിലീപ്. കേസില്‍ യഥാര്‍ഥ ഗൂഢാലോചന നടന്നത്‌ തനിക്കെതിരേയാണെന്ന് ദിലീപ് കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. മഞ്ജുവിന്റെ പ്രതികരണത്തിന് പിന്നാലെയാണ് തനിക്കെതിരേ ഗൂഢാലോചന ആരംഭിച്ചത്. അതിന് അന്നത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥയും ‘ക്രിമിനല്‍’ പോലീസ് സംഘവും ചേര്‍ന്ന് കേസില്‍ തന്നെ പെടുത്തുകയായിരുന്നുവെന്നും ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു.

‘കേസിലെ ക്രിമിനല്‍ ഗൂഢാലോചന ഉണ്ട്, ആ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് മഞ്ജു പറഞ്ഞിടത്തു നിന്നാണ് എനിക്കെതിരെയുള്ള ഗൂഢാലോചന ആരംഭിച്ചത്. അതിന് അന്നത്തെ ഉയര്‍ന്ന ഒരു മേലുദ്യോഗസ്ഥയും അവര്‍ തിരഞ്ഞെടുത്ത ഒരു സംഘം ക്രിമിനല്‍ പോലീസുകാരും ചേര്‍ന്നാണ് ഇങ്ങനെ ഒരു നടപടി ഉണ്ടാക്കിയത്. അതിനായി കേസിലെ മുഖ്യപ്രതിയെ കൂട്ടുപിടിച്ച് ജയിലില്‍ ഉണ്ടായിരുന്ന കൂട്ടുപ്രതികളെയും കൂട്ടുപിടിച്ചിട്ട് പോലീസ് സംഘം ഒരു കള്ളക്കഥ മെനഞ്ഞെടുക്കുകയാണ് ചെയ്തത്. എന്നിട്ട് പോലീസ് സംഘം അവര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന ചില മാധ്യമ പ്രവര്‍ത്തകരെയും കൂട്ടുപിടിച്ച് കള്ളക്കഥ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു’, എന്നായിരുന്നു ദിലീപിന്റെ വാക്കുകള്‍.

‘ഇന്ന് കോടതിയില്‍ പോലീസ് സംഘം ഉണ്ടാക്കിയ കള്ളക്കഥ തകരുകയാണ് ചെയ്തത്. കേസില്‍ യഥാര്‍ഥ ഗൂഢാലോചനയെന്ന് പറയുന്നത് എന്നെ പ്രതിയാക്കാനാണ്. എന്റെ കരിയറും ഇമേജും ജീവിതവും നശിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ്’, ദിലീപ് കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പ്രതികരിച്ചവരില്‍ ഒരാള്‍ നടി മഞ്ജു വാര്യരായിരുന്നു. സംഭവം നടന്നതിന്റെ പിറ്റേന്ന് നടിക്ക് പിന്തുണയര്‍പ്പിച്ച് കൊച്ചിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് മഞ്ജു വാര്യര്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത്. നടന്‍ ദിലീപും ഇതേ വേദിയിലുണ്ടായിരുന്നു.

‘ഇവിടെ ഇരിക്കുന്ന പലരെയും, ഞാനടക്കമുള്ള പലരെയും പല അര്‍ധരാത്രികളിലും അസമയങ്ങളിലും ഞങ്ങളുടെ വീടുകളില്‍ സുരക്ഷിതരായി കൊണ്ടാക്കിയ ഡ്രൈവര്‍മാരുണ്ട്. അതുകൊണ്ട് എല്ലാ സഹപ്രവര്‍ത്തകരെയും അങ്ങനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ, ഇതിന് പിന്നില്‍ നടന്നിരിക്കുന്നത് ക്രിമിനല്‍ ഗൂഢാലോചനയാണ്. ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അങ്ങേയറ്റം പൂര്‍ണമായ പിന്തുണ നല്‍കുക എന്നതാണ് നമുക്കിവിടെ ചെയ്യാന്‍ സാധിക്കുക. അതു മാത്രമല്ല, ഒരു സ്ത്രീക്ക് വീടിന് അകത്തും പുറത്തും അവള്‍ പുരുഷന് നല്‍കുന്ന ബഹുമാനം അതേ അളവില്‍ തിരിച്ചുകിട്ടാനുള്ള അര്‍ഹതയുണ്ട്. ആ ഒരു സന്ദേശമാണ് ഞാനിവിടെ എല്ലാവരെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നത്’, അന്ന് മഞ്ജു പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി അറസ്റ്റിലായതിന് പിന്നാലെയും മഞ്ജു വാര്യര്‍ ഇക്കാര്യം ആവര്‍ത്തിച്ചു. 2017 ഫെബ്രുവരി 23-ന് പള്‍സര്‍ സുനി അറസ്റ്റിലായതിന് പിന്നാലെ മഞ്ജു വാര്യര്‍ പറഞ്ഞത് ഇങ്ങനെ:-”മുഖ്യപ്രതിയെ പിടിക്കാന്‍ സാധിച്ചത് വലിയ കാര്യം തന്നെയാണ്. അതിന് കേരള പോലീസിന് അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് ഒരിക്കലും വളരെ യാദൃച്ഛികമായി നടന്ന ഒരു കാര്യമാണെന്ന് ആര്‍ക്കും തോന്നുന്നില്ല. വളരെ ആസൂത്രിതമായി നടന്ന കുറ്റകൃത്യം തന്നെയാണ്. അങ്ങനെയാണ് ഞാനും നിങ്ങളെല്ലാവരും മനസിലാക്കിയത്. ഇതില്‍ കൂടുതല്‍ അന്വേഷണം നടന്ന് എല്ലാ സത്യങ്ങളും പുറത്തുവരുമെന്ന പൂര്‍ണവിശ്വാസം എനിക്കുണ്ട്. ഞങ്ങളും നിങ്ങളെപ്പോലെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്’.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News