കൊച്ചി: മലയാളികൾക്ക് എന്നും ഓർക്കാൻ കഴിയുന്ന നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച നടനാണ് ദീലിപ്. കലാഭവനിലൂടെ കലാജീവിതം ആരംഭിച്ച ദിലീപ് മിമിക്രി രംഗത്തും സജീവമായിരുന്നു. സംവിധായകൻ കമലിന്റെ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന സമയത്തുതന്നെ ചില സിനിമകളിൽ ദിലീപ് അഭിനയിച്ചിട്ടുണ്ട്. ദിലീപിന്റെ പഞ്ചാബി ഹൗസ്, ഈ പറക്കും തളിക, കുബേരൻ, മീശ മാധവൻ, കുഞ്ഞിക്കൂനൻ, സിഐഡി മൂസ, വെട്ടം, ചാന്തുപൊട്ട് തുടങ്ങിയ ചിത്രങ്ങൾ നിരവധി തവണ കണ്ടവരാണ് മലയാളികൾ.
ഇപ്പോഴിതാ ദിലീപിന്റെ 150-മാത്തെ ചിത്രം “പ്രിൻസ് ആൻഡ് ഫാമിലി” ഈ മാസം റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ദിലീപ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വെെറലാകുന്നത്. നിലവിലെ കേസുമായി തനിക്ക് സംസാരിക്കാൻ താൽപര്യമില്ലെന്നും ഒരു ദിവസം ദെെവം എല്ലാം സംസാരിക്കാൻ അവസരം തരുമെന്നുമാണ് ദിലീപ് പറയുന്നത്.
‘കേസുമായി ബന്ധപ്പെട്ട് ഒന്നും സംസാരിക്കാൻ ഇപ്പോൾ അനുവാദമില്ല. ഞാൻ സംസാരിച്ചാൽ എനിക്ക് തന്നെ പാരയായി വരും. ഒരു ദിവസം ദെെവം തരും, ശ്രീനിവാസന്റെ ഒരു പടം പോലെയാണ് വഴിയെ പോകുന്നവരും വരുന്നവരും അടിക്കുന്നു. എന്തിനാണെന്ന് പോലും അറിയില്ല. അതാണ് അവസ്ഥ, എന്തിനാണ് അടിക്കുന്നത് എന്ന് പോലും ചോദിക്കാൻ കഴിയില്ല, എല്ലാം സംസാരിക്കുന്ന ഒരു ദിവസം വരും’,- ദിലീപ് പറഞ്ഞു.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രമാണ് “പ്രിൻസ് ആൻഡ് ഫാമിലി “. ബിന്റോ സ്റ്റീഫൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ARM എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്തമായി ഒരു പക്കാ കുടുംബ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് ഇക്കുറി എത്തുന്നത്. ദിലീപ് -ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ട് ആദ്യമായി ഒരുമിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്. മേയ് ഒമ്പതിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയിൽ ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി എന്നീ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.

