കണ്ണൂർ: ഡേറ്റാ പ്രൊട്ടക്‌ഷൻ ബോർഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന മുൻ ബാങ്ക് മാനേജറെ ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്ത് പണം തട്ടാനുള്ള നീക്കം പൊളിഞ്ഞു. തോട്ടട സ്വദേശിയും ബാങ്ക് ഓഫ് ഇന്ത്യ മുൻ സീനിയർ മാനേജർ പ്രമോദ് മഠത്തിലിന്റെയും സൈബർ പോലീസിന്റെയും ജാഗ്രതയാണ് ‘അറസ്റ്റ്’ നാടകം പൊളിച്ചത്. ഞായറാഴ്ചയാണ് തട്ടിപ്പ് ഫോൺകോൾ പ്രമോദ് മഠത്തിലിന് ലഭിക്കുന്നത്.
മുംബൈയിലെ കനറാ ബാങ്കിൽ പ്രമോദിന്റെ പേരിൽ ഒരു അക്കൗണ്ടും സിം കാർഡും എടുത്തിട്ടുണ്ടെന്നും നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകനെ എൻഐഎ അറസ്റ്റ് ചെയ്തപ്പോൾ പിടിച്ചെടുത്ത രേഖകളിൽ പ്രമോദിന്റെ പേരിലുള്ള ക്രെഡിറ്റ് കാർഡും ഉൾപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു അവർ പറഞ്ഞത്. തെളിവായി എഫ്ഐആർ കോപ്പി, ആധാർ വിവരങ്ങൾ, സിം കാർഡ് വിവരങ്ങളും അയച്ചു നൽകി ഭീഷണിപ്പെടുത്തി. തട്ടിപ്പാണെന്ന് മനസ്സിലാക്കിയ പ്രമോദും ഭാര്യയും കണ്ണൂർ സിറ്റി സൈബർ പോലീസിനെ വിവരമറിയിക്കുയായിരുന്നു.
തിങ്കളാഴ്ച 11.30-ന് വീഡിയോകോളിൽ വരാൻ ആവശ്യപ്പെട്ടു. ഈ സമയം സൈബർ പോലീസ് സംഘം പ്രമോദിന്റെ വീട്ടിലെത്തി. പ്രമോദ് സംശയമില്ലാത്ത രീതിയിൽ തട്ടിപ്പുകാരുടെ വീഡിയോകോൾ അറ്റൻഡ് ചെയ്തു. ഉദ്യോഗസ്ഥനെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ യൂണിഫോം ധരിച്ച മലയാളിയായ ഉദ്യോഗസ്ഥൻ ചമഞ്ഞയാൾ സ്ക്രീനിലെത്തി. പത്ത് മിനിറ്റോളം ഇയാൾ മലയാളത്തിൽ സംസാരിച്ചു. സ്ഥാപനങ്ങളുടെ പേരിൽ സിം കാർഡ് എടുക്കുമ്പോൾ ബയോമെട്രിക് ആവശ്യമില്ലെന്നും ആധാർ മാത്രം മതിയെന്നും പറഞ്ഞാണ് ഇവർ വ്യാജ സിം കാർഡ് കഥ വിശ്വസിപ്പിക്കാൻ ശ്രമിച്ചത്.
സംഭാഷണത്തിനിടെ തട്ടിപ്പുകാർക്ക് യാതൊരു സംശയവും നൽകാതെ, കൃത്യസമയത്ത് സൈബർ പോലീസ് ഉദ്യോഗസ്ഥർ കോൾ ഏറ്റെടുക്കുകയും സംഘത്തിന്റെ നീക്കം പരാജയപ്പെടുത്തുകയുമായിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. തട്ടിപ്പാണെന്ന സംശയമുണ്ടായ ഉടനെ വിവരം സൈബർ പോലീസിനെ അറിയിച്ച പ്രമോദിനെയും ഭാര്യയെയും പോലീസ് അഭിനന്ദിച്ചു. സൈബർ പോലീസ് സ്റ്റേഷൻ എസ്ഐ എസ്.വി. മിഥുന്റെ നേതൃത്വത്തിൽ എസ്ഐമാരായ വി. പ്രകാശൻ, എം. ഷമിത്ത്, സിപിഒമാരായ പി.കെ. ദിജിൻ, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് വീട്ടിലെത്തിയത്. ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ലെന്നും ഇതാദ്യമായാണ് ഒരു മലയാളി ഡിജിറ്റൽ അറസ്റ്റുമായി എത്തുന്നതെന്നും സൈബർ പോലീസ് പറഞ്ഞു
ഡിജിറ്റൽ അറസ്റ്റിനായി പോലീസ് വേഷം ധരിച്ചെത്തിയ ആളോട് നിലവിൽ നടക്കുന്ന പല തട്ടിപ്പുകളെക്കുറിച്ചും വീഡിയോകോളിൽ പ്രമോദ് പറയുന്നുണ്ട്. ‘ പത്രങ്ങളിൽ നിരവധി വാർത്തകൾ വരുന്നുണ്ടല്ലോ സാർ, അതുകൊണ്ടാണ് ഞാൻ സംശയം പ്രകടിപ്പിക്കുന്നത്’ എന്ന പ്രമോദിന്റെ വാക്കുകൾക്ക് കൃത്യമായ മറുപടി തട്ടിപ്പുകാരുടെ ഭാഗത്തുനിന്നുമുണ്ടായില്ല.


