ഡയാനയുടെ ഗൗൺ ലേലത്തിൽ പോയത് ആറുലക്ഷം ഡോളറിന്; ലഭിച്ചത് പ്രതീക്ഷിച്ചതിന്റെ അഞ്ചിരട്ടി

ന്യൂയോര്‍ക്ക്: ഡയാന രാജകുമാരിയുടെ വെല്‍വെറ്റ് വസ്ത്രം ലേലത്തില്‍ പോയത് ആറ് ലക്ഷം ഡോളറിന് (ഏകദേശം 4.9 കോടി രൂപ). പര്‍പ്പിള്‍ നിറത്തിലുള്ള ഗൗണാണ് ന്യൂയോര്‍ക്കില്‍ വെള്ളിയാഴ്ച ലേലംചെയ്തത്. പ്രമുഖ ബഹുരാഷ്ട്രസ്ഥാപനമായ സോത്തെബീസ് ആണ് ലേലം സംഘടിപ്പിച്ചത്. പ്രതീക്ഷിച്ച തുകയുടെ അഞ്ചിരട്ടിയാണ് വസ്ത്രത്തിന് ലഭിച്ചത്.

1991-ലെ ഒരു ഔദ്യോഗിക ചിത്രത്തിലും 1997-ലെ വാനിറ്റി ഫയര്‍ ഫോട്ടോഷൂട്ടിലും ഡയാന ഈ ഗൗണ്‍ ധരിച്ചിരുന്നു. 80,000 മുതല്‍ 1,20,000 ഡോളര്‍ വരെയാണ് വസ്ത്രത്തിന് പ്രതീക്ഷിച്ചിരുന്ന തുക. എന്നാല്‍ 6,04,800 ഡോളറാണ് ലഭിച്ചത്. ബ്രിട്ടീഷ് ഡിസൈനറായ വിക്ടര്‍ എഡല്‍സ്റ്റീനാണ് വസ്ത്രം രൂപകല്‍പന ചെയ്തത്.

1989-ലെ ഓട്ടം കളക്ഷന്റെ ഭാഗമായായിരുന്നു വസ്ത്രം നിര്‍മിച്ചത്. വസ്ത്രത്തിന്റെ രൂപരേഖയ്ക്ക് കിരീടത്തിന്റെ ആകൃതിയായിരുന്നു. ഡയാന രാജകുമാരിയുടെ ദീര്‍ഘകാല വസ്ത്ര ഡിസൈനറായിരുന്നു എഡല്‍സ്റ്റീന്‍. 1982 മുതല്‍ 1993 വരെ എഡല്‍സ്റ്റീല്‍ ഡയാനയ്ക്ക് വേണ്ടി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു.

1997 ല്‍ 24,150 ഡോളറിനാണ് ഈ വസ്ത്രം ആദ്യമായി ലേലത്തില്‍ വിറ്റത്. അക്കൊല്ലം ഡയാന ലേലത്തില്‍ വില്‍ക്കാന്‍ തീരുമാനിച്ച കോക്ടെയ്ല്‍, ഈവനിങ് വസ്ത്രങ്ങളിലൊന്നായിരുന്നു ഇത്. എയിഡ്സ് ക്രൈസിസ് ട്രസ്റ്റ് ആന്‍ഡ് റോയല്‍ മാര്‍സ്ഡെന്‍ ഹോസ്പിറ്റലിലേക്കാണ് ആ ലേലത്തില്‍ നിന്നുള്ള പണം പോയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News