FeaturedKeralaNews

‘ആക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ’; ധീരജിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായി; റിമാന്‍ഡ് റിപ്പോര്‍ട്ട്

തൊടുപുഴ: ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസില്‍ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി, ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോ എന്നിവരെ മുട്ടം ജയിലിലേക്കു മാറ്റി. പോലീസ് വ്യാഴാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും. പ്രതികള്‍ അന്യായമായി സംഘം ചേര്‍ന്ന് ധീരജിനെയും സുഹൃത്തുക്കളെയും കൊല്ലണമെന്ന ഉദ്ദേശത്തോടെ ആക്രമിക്കുകയായി രുന്നു.

ധീരജ്, അമല്‍, അര്‍ജുന്‍ എന്നിവരെ പ്രതികള്‍ കയ്യേറ്റം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ ഇനിയും നാല് പേരെ പിടികൂടാനുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.രാവിലെ കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിയുമായി ധീരജിനെ കുത്തിയ കത്തി കണ്ടെത്തുന്നതിനായി അന്വേഷണ സംഘം സംഭവസ്ഥലത്ത് തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ കത്തി കണ്ടെത്താനായില്ല. പ്രതികളെ കൊണ്ടുവന്ന കോടതി പരിസരത്ത് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. പ്രതികളുമായെത്തിയ ജീപ്പ് തടയാനും ശ്രമമുണ്ടായി.

അതിനിടെ ധീരജിന്റെ രക്തസാക്ഷിത്വം സിപിഎം പിടിച്ചുവാങ്ങിയതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. കേരളത്തിലെ കലാശാലകളില്‍ സിപിഎം-ഡിവൈഎഫ്ഐ-എസ്എഫ്ഐ സംയുക്തമായി ഉണ്ടാക്കിയ കലാപത്തിന്റെ രക്തസാക്ഷിയാണ് ധീരജ്. അതില്‍ അവര്‍ക്ക് ദുഃഖമല്ല, ആഹ്ലാദമാണ് ഉണ്ടായിരുന്നതെന്ന് മനസ്സിലാക്കണമെന്ന് സുധാകരന്‍ പറഞ്ഞു.

ധീരജിന്റെ മരണവാര്‍ത്ത കേട്ട് ദുഃഖിച്ചിരിക്കേണ്ട സമയത്ത് സ്മാരകം പണിയാന്‍ കണ്ണൂരിലെ സിപിഎം നേതാക്കള്‍ സ്ഥലം വാങ്ങാനുള്ള തിരക്കിലായിരുന്നു. സ്ഥലം വാങ്ങി രേഖയുണ്ടാക്കാനുള്ള തിടുക്കത്തിലായിരുന്നു. ദുഃഖിക്കേണ്ട സന്ദര്‍ഭത്തില്‍, കരയേണ്ട സാഹചര്യത്തില്‍ ഭൂമി വാങ്ങാന്‍ പോകുകയാണ് കണ്ണൂരിലെ സിപിഎമ്മുകാര്‍ ചെയ്തത്. വിലാപയാത്ര നടക്കുമ്പോള്‍ തിരുവാതിര നടത്തി പാര്‍ട്ടി ആഘോഷിക്കുകയാണ് ചെയ്തത്. തിരുവനന്തപുരത്ത് നടന്ന തിരുവാതിര കളി ആസ്വദിക്കാന്‍ എം എ ബേബി അടക്കമുള്ള നേതാക്കളാണ് എത്തിയത്. ആലപ്പുഴയില്‍ നടന്നതും മാധ്യമങ്ങള്‍ക്ക് അറിയില്ലേ?.

ഒരു രക്തസാക്ഷിയെ കിട്ടിയത് സിപിഎം ആഹ്ലാദപൂര്‍വം കൊണ്ടാടുകയാണെന്ന് കെ സുധാകരന്‍ പറഞ്ഞു. കഴിഞ്ഞകുറേ ദിവസങ്ങളായി അവിടെ അക്രമപരമ്പരകള്‍ അരങ്ങേറുകയാണ്. എഞ്ചിനീയറിങ്, ടെക്നിക്കല്‍ സ്‌കൂളുകളില്‍ പൊതുവെ കെഎസ് യു ദുര്‍ബലമാണ്. എന്നാല്‍ ഇത്തവണ രണ്ടും കല്‍പ്പിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. അഭൂതപൂര്‍വമായ വിജയമാണ് കെഎസ് യു ഇത്തവണ നേടിയത്. ഒമ്പത് കോളജുകളില്‍ ആറിടത്ത് വിജയിച്ചു നില്‍ക്കുകയാണ്.

ഇടുക്കി കോളജില്‍ വോട്ടെണ്ണിയാലും കെഎസ്‌യു തന്നെ വിജയിക്കും. ഇതില്ലാതാക്കാന്‍ ആഴ്ചകളായി ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് ഡിവൈഎഫ്ഐ ഗുണ്ടകള്‍ ക്യാമ്പ് ചെയ്തിരുന്നതായും കെ സുധാകരന്‍ ആരോപിച്ചു. മുമ്പ് രണ്ടുതവണ തല്ലുണ്ടായി. മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ കയറിയും അദ്ദേഹത്തെ ആക്രമിച്ചു.വ്യാപക അക്രമമാണ് സിപിഎം അഴിച്ചുവിടുന്നത്. കൊല്ലത്തെ എംപി എന്‍കെ പ്രേമചന്ദ്രന്‍ എന്താണ് ചെയ്തത്?. എന്തിനാണ് അദ്ദേഹത്തിന്റെ കാര്‍ ഇടിച്ചു തകര്‍ത്തത്?. അവിടെ നടന്നത് എന്താണെന്ന് ഇടുക്കി എസ്പിയുടെ പ്രസ്താവന ശ്രദ്ധിച്ചാല്‍ മനസ്സിലാകും. എന്താണ് നടന്നതെന്ന് എസ്പി മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.

ഈ പ്രസ്താവന നടത്തിയ എസ്പിയെ മുന്‍മന്ത്രി എംഎം മണി ഇന്നും രാവിലെ ഭീഷണിപ്പെടുത്തിയെന്നും സുധാകരന്‍ പറഞ്ഞു. പോലീസുകാരെ ഭയപ്പെടുത്തി വരുത്തിക്ക് നിര്‍ത്താന്‍ ശ്രമിക്കുകയാണ്. പോലീസ് സേനയെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. മഹാഭൂരിപക്ഷം പോലീസുകാരും സിപിഎമ്മിന്റെ കിങ്കരന്മാരും പിണിയാളുകളുമായി പ്രവര്‍ത്തിക്കുന്നു. പോലീസ് സംവിധാനത്തില്‍ പാളിച്ചകളുണ്ടെന്ന് മുഖ്യമന്ത്രി തന്നെ തുറന്നു സമ്മതിച്ചു. അത് തിരുത്തുമെന്നും പറഞ്ഞു. അത് തിരുത്തി നിയമവാഴ്ച പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ അവസാനത്തെ ഭരണമായിരിക്കുമെന്ന് ഓര്‍മ്മിപ്പിക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button