മംഗളൂരു: ധര്‍മസ്ഥലയ്ക്കെതിരെ വ്യാജപ്രചാരണം നടക്കുന്നതായുള്ള വാര്‍ത്തകള്‍ വരുന്നതിനിടെ ഏഴ് തലയോട്ടികളും അസ്ഥിക്കഷ്ണങ്ങളും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോർട്ട്. ബംഗ്ലേഗുഡ്ഡെ വനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ലഭിച്ച അസ്ഥികളെല്ലാം പുരുഷന്‍മാരുടേതാണെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ ജീവനൊടുക്കിയതാകാമെന്നും ഫോറന്‍സിക് വിദഗ്ധർ അഭിപ്രായപ്പെട്ടതായി എസ്‌ഐടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയന്നു. വിശദമായ പരിശോധനകള്‍ക്കുശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ധര്‍മസ്ഥലയില്‍ കൂട്ടബലാത്സംഗങ്ങളും കൊലപാതകങ്ങളും നടന്നുവെന്നും താന്‍ മൃതദേഹം മറവ് ചെയ്യാന്‍ നിര്‍ബന്ധിതനായെന്നും ആരോപിച്ച് മുന്‍ശൂചീകരണത്തൊഴിലാളി രംഗത്തുവന്നതാണ് വിവാദങ്ങളുടെ തുടക്കം. 1995-2014 കാലഘട്ടത്തില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട നൂറോളം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മൃതദേഹങ്ങള്‍ ഭീഷണിക്കു വഴങ്ങി ധര്‍മസ്ഥലയിലെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടുവെന്നായിരുന്നു ആരോപണം.
കാര്യമായ അന്വേഷണം നടക്കാതായതോടെ ഇയാള്‍ കോടതിയില്‍ നേരിട്ട് ഹാജരായി മൊഴിയും തെളിവും നല്‍കി. പിന്നീട് പരാതി വ്യാജമാണെന്ന് സൂചിപ്പിക്കുന്ന ഏതാനും സംഭവങ്ങള്‍ അരങ്ങേറി. അതിന് ശേഷം ശുചീകരണത്തൊഴിലാളി അറസ്റ്റിലാവുകയും ചെയ്തിരുന്നു.


