ന്യൂഡല്‍ഹി: ഇന്‍ഡിഗോയുടെ സുരക്ഷാ, പ്രവര്‍ത്തനപരമായ മേല്‍നോട്ടം വഹിച്ചിരുന്ന നാല് ഫ്‌ളൈറ്റ് ഇന്‍സ്‌പെക്ടര്‍മാരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പിരിച്ചുവിട്ടു.
വിമാനക്കമ്പനിയുടെ പരിശോധനയിലും നിരീക്ഷണത്തിലും വന്ന വീഴ്ചയെത്തുടര്‍ന്നാണ് ഈ നടപടി. പുതിയ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഈ മാസം ആയിരക്കണക്കിന് വിമാന സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. ഇത് കഴിഞ്ഞയാഴ്ച രാജ്യത്തുടനീളം ലക്ഷക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. ഡിസംബര്‍ 5-മുതലാണ് റദ്ദാക്കലുകള്‍ വര്‍ധിച്ചത്. ചൊവ്വാഴ്ചയോടെ സര്‍വീസുകള്‍ സാധാരണ നിലയിലായെന്ന് ഇന്‍ഡിഗോ അറിയിച്ചിരുന്നു.
ഇതിനിടെ ഇന്‍ഡിഗോ ഓഫീസില്‍ രണ്ട് ടീമുകളെ വിന്യസിച്ചതായും ഡിജിസിഎ വൃത്തങ്ങള്‍ അറിയിച്ചു. ക്രൂ നിയമനങ്ങള്‍, റീഫണ്ടുകള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനാണിത്. ഈ ടീമുകള്‍ എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സര്‍വീസ് നടത്തുന്നതില്‍ വീഴ്ച വരുത്തിയ ഇന്‍ഡിഗോയുടെ 10 ശതമാനം സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. പ്രതിദിനം ഏകദേശം 2,200 വിമാന സർവീസ് ഓപ്പറേറ്റ് ചെയ്യുന്ന ഇന്‍ഡിഗോയ്ക്ക് 10 ശതമാനം കുറവ് വരുത്തുന്നത് 200-ല്‍ അധികം വിമാനങ്ങള്‍ റദ്ദാക്കുന്നതിന് കാരണമാകും.


