ഭോപ്പാൽ; വിവാദ പ്രതികരണവുമായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബി ജെ പി നേതാവുമായ നരോത്തം മിശ്ര. നടി ഹേമാ മാലിനിയെ കുറിച്ച് നടത്തിയ പരാമർശമാണ് വിവാദത്തിലായത്. തന്റെ മണ്ഡലത്തിൽ ഹേമാമാലിനിയെ വരെ കൊണ്ട് വന്ന് നൃത്തം ചെയ്യിച്ചുവെന്നും അത്രത്തോളമാണ് വികസനം എന്നുമാണ് മിശ്ര പറഞ്ഞത്. ദാതിയയിലെ വികസന പ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു മിശ്രയയുടെ പരാമർശം.
‘സാംസ്കാരിക പരിപാടികൾ മാത്രമല്ല, ഹേമമാലിനിയെപ്പോലും നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു ദാതിയയിലെ വികസനം’, എന്നായിരുന്നു നരോത്തം മിശ്രയുടെ പ്രതികരണം. ചുറ്റും കൂടി നിന്ന ബി ജെ പി നേതാക്കൾ മിശ്രയുടെ പരാമർശം കേട്ട് ചിരിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
അതേസമയം വീഡിയോ വൈറലായതോടെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ മന്ത്രിക്കെതിരെ രംഗത്തെത്തി. സ്വന്തം പാർട്ടിയിലെ വനിത എം പിയെ വരെ അധിക്ഷേപിക്കുന്ന പരാമർശം നടത്തുന്നവരാണ് നേതാക്കൾ എന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
‘സംസ്‌കാരസമ്പന്നനായ ബി ജെ പി മന്ത്രി (നരോത്തം മിശ്ര) സ്ത്രീകളെ കുറിച്ച് പറയുന്ന നീചവാക്കുകൾ കേൾക്കൂ. സ്വന്തം പാർട്ടി നേതാവിനെപ്പോലും അദ്ദേഹം വെറുതെ വിട്ടില്ല’, മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗ് ട്വിറ്ററിൽ കുറിച്ചു. സ്ത്രീകളെ അപമാനിക്കുന്നതാണ് ബി ജെ പിയുടെ വ്യക്തിത്വമെന്നാണ് കോൺഗ്രസ് മാധ്യമ ഉപദേഷ്ടാവ് പിയൂഷ് ബാബെലെ എക്സിൽ കുറിച്ചത്.
‘സ്വഭാവത്തെയും രൂപത്തെയും വിമർശിക്കുന്ന നാണംകെട്ട ബി ജെ പി അംഗങ്ങളുടെ യഥാർത്ഥ മുഖം കാണുക. മധ്യപ്രദേശിലെ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര സ്വന്തം പാർട്ടിയിലെ എം പി ഹേമമാലിനിയെക്കുറിച്ചാണ് മോശവാക്കുകൾ പറഞ്ഞത്’, ജെ ഡി യു ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പ്രതികരിച്ചു.
ബി ജെ പിയിലെ മുതിർന്ന നേതാവ് നരോത്തം മിശ്ര ദാതിയയിൽ നിന്നാണ് ഇക്കുറിയും മത്സരിക്കുന്നത്. 2008,2013, 2018 വർഷങ്ങളിൽ മണ്ഡലത്തിൽ വലിയ വിജയമായിരുന്നു മിശ്ര നേടിയത്. അതേസമയം മധ്യപ്രദേശിലെ 230 അംഗ നിയമസഭയിലേക്ക് നവംബർ ഏഴിനാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ മൂന്നിനാണു വോട്ടെണ്ണൽ. ബി ജെ പിയാണ് നിലവിൽ സംസ്ഥാനം ഭരിക്കുന്നത്. ഇത്തവണ എന്ത് വിലകൊടത്തും ഭരണം തിരിച്ചുപിടിക്കുമെന്നാണ് കോൺഗ്രസ് അവകാശവാദം.