KeralaNews

യാത്രാ ദുരിതത്തിന് താൽക്കാലിക ആശ്വാസം? പരശുറാമിൽ ഒരു കോച്ചു കൂടി അനുവദിക്കുമെന്ന് റെയിൽവേ

കൊച്ചി: സംസ്ഥാനത്തെ ട്രെയിൻ യാത്രാ ദുരിതം ചർച്ചയാകുന്നതിനിടെ പരശുറാം എക്സ്പ്രസിൽ കോച്ചുകൾ കൂട്ടുമെന്ന് ദക്ഷിണ റെയിൽവേ. കഴിഞ്ഞദിവസങ്ങളിൽ പരശുറാം എക്സ്പ്രസിൽ യാത്രക്കാർ കുഴഞ്ഞുവീഴുന്നത് പതിവായിരുന്നു. തിക്കിലും തിരക്കിലും യാത്ര ചെയ്യുന്നവരുടെ ദുരിതകഥ പുറത്തുവന്നതിന് പിന്നാലെയാണ് ട്രെയിനിൽ ഒരു കോച്ച് കൂടി കൂട്ടുമെന്ന് റെയിൽവേ വ്യക്തമാക്കിയിരിക്കുന്നത്. പരശുറാം എക്സ്പ്രസിൽ ഒരു ജനറൽ കോച്ചുകൂടി അനുവദിക്കുമെന്ന് ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായി പാസഞ്ചർ അമിനിറ്റീസ് മുൻ ചെയർമാൻ പികെ കൃഷ്ണദാസാണ് അറിയിച്ചത്.

യാത്രക്കാരുടെ ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ എസ്കെ സിങ്ങുമായി ചർച്ച നടത്തിയെന്നും കൃഷ്ണദാസ് വ്യക്തമാക്കി. പരശുറാം എക്സപ്രസിലെ തിരക്ക് കാരണം യാത്രികർ ബുദ്ധിമുട്ടനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് റെയില്‍വേ ഉദ്യോഗസ്ഥരായ ഓപ്പറേഷന്‍സ് പിസിപിഒ ചെന്നൈ ശ്രീകുമാര്‍, സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ എന്നിവരുമായാണ് കൃഷ്ണദാസ് ഇക്കാര്യം സംസാരിച്ചത്.

നിലവില്‍ 21 കോച്ചുകളുളള പരശുറാമില്‍ ഒന്നു കൂടി വര്‍ദ്ധിക്കുന്നതോടെ 22 ആകുമെന്നും നിലവില്‍ ജനറല്‍ കോച്ചുകള്‍ കുറച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും കൃഷ്ണദാസ് പറഞ്ഞു. പരശുറാമിൽ നിലവില്‍ 15 കോച്ചുകള്‍ ജനറലാണ്. ഒന്നുകൂടി വർധിപ്പിക്കുമ്പോള്‍ യാത്രാ ക്ലേശം പരിഹരിക്കപ്പെടും. അതേസമയം പരശുറാമിന് പുറമെ വേണാട്, വഞ്ചിനാട് എക്സ്പ്രസുകളിലും ഒരു കോച്ചുവീതം കൂട്ടിയേക്കുമെന്നും റിപ്പോർട്ടുണ്ട്.

ദേശീയപാത വികസന പ്രവർത്തനങ്ങളും മറ്റും നടക്കുന്നതിനാൽ റോഡ് യാത്ര ദുരിതമായതോടെയാണ് ജനങ്ങള്‍ കൂടുതലായും ട്രെയിനിനെ ആശ്രയിക്കാൻ തുടങ്ങിയത്. ഇതാണ് തിരക്ക് വര്‍ദ്ധിക്കാന്‍ കാരണം. ദൂര യാത്രക്കാര്‍ക്കായി കൂടുതല്‍ മെമു സര്‍വ്വീസുകള്‍ കണ്ണൂര്‍ – കോഴിക്കോട്, കണ്ണുര്‍ – ഷൊര്‍ണൂര്‍ റൂട്ടില്‍ ആരംഭിക്കണമെന്ന് റെയില്‍വേ ബോര്‍ഡിനോട് ആവശ്യപ്പെട്ടെന്നും കൃഷ്ണദാസ് പറഞ്ഞു. ഇക്കാര്യവും അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയെന്നും കൃഷ്ണദാസ് അറിയിച്ചു.

തിരക്കുൾപ്പെടെയുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഒട്ടേറെതവണ കേന്ദ്ര റെയിൽവേ മന്ത്രിക്കും ബോർഡിനും കത്തയച്ചതായി മന്ത്രി വി അബ്ദുറഹ്മാൻ പ്രതികരിച്ചു. വന്ദേ ഭാരത് ഉൾപ്പെടെയുള്ള വണ്ടികളുടെ സമയം പുനഃക്രമീകരിക്കുന്നത് പ്രധാന വിഷയമാണ്. ആവശ്യമായ പാതയില്ലാത്തതും തിരിച്ചടിയാണെന്നും റെയിൽവേ ചുമതല വഹിക്കുന്ന വി അബ്ദുറഹ്മാൻ പറഞ്ഞു.

വന്ദേ ഭാരത് എക്സ്പ്രസ്സിന്‍റെ വരവോടെ മലബാറിലെ സ്ഥിരം ട്രെയിന്‍ യാത്രക്കാർ ദുരിതത്തിലാവുകയായിരുന്നെന്നാണ് റിപ്പോർട്ട്. വന്ദേ ഭാരതിന് പാതയൊരുക്കാൻ ചില ട്രെയിനുകൾ പിടിച്ചിടുകയും ചിലതിന്‍റെ സമയത്തിൽ മാറ്റം വരുത്തുകയും ചെയ്തിരുന്നു. ഇതോടെ യാത്രക്കാര്‍ക്ക് സമയത്തിന് ജോലിസ്ഥലത്തെത്താനും തിരിച്ച് വീട്ടിലേക്ക് എത്തിച്ചേരാനും സാധിക്കാതെയാവുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker