‘ആഗോള അയ്യപ്പസംഗമം സ്റ്റേചെയ്യരുത്’; തടസ്സഹർജിയുമായി ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: പമ്പയില്‍ നടക്കാന്‍പോകുന്ന ആഗോള അയ്യപ്പസംഗമം സ്റ്റേ ചെയ്യുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഈ ആവശ്യം ഉന്നയിച്ച് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ചെയ്തു. സ്റ്റേ ആവശ്യത്തെ എതിര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന്‍ പി.എസ്. സുധീറാണ് സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തത്. കേസില്‍ ഭരണഘടന വിദഗ്ധരെ ഹാജരാക്കാനും ബോര്‍ഡ് നടപടി ആരംഭിച്ചു. ആഗോള അയ്യപ്പസംഗമത്തിനെ സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയില്‍ പിന്തുണയ്ക്കും. എന്നാല്‍, സര്‍ക്കാര്‍ തടസ്സഹര്‍ജി നല്‍കാന്‍ ഇടയില്ല.


ആഗോള അയ്യപ്പ സംഗമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച ഡോ. പി.എസ്. മഹേന്ദ്ര കുമാറിന്റെ അഭിഭാഷകന്‍ എം.എസ്. വിഷ്ണു ശങ്കറാണ് ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ്മാരായ കെ. വിനോദ് ചന്ദ്രന്‍, എ.എസ്. ചന്ദുര്‍കര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ആവശ്യം ഉന്നയിച്ചത്.

അയ്യപ്പസംഗമം എന്നാണെന്നും എന്താണെന്നും അഭിഭാഷകനോട് കോടതി ആരാഞ്ഞു. പരിസ്ഥിതിലോല മേഖലയായ പമ്പാ നദിയുടെ തീരത്താണ് സംഗമം നടക്കുന്നതെന്നും ദേശിയ ഹരിത ട്രിബ്യുണല്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും വിഷ്ണു ശങ്കര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ദേവസ്വം ബോര്‍ഡ് ഫണ്ട് രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനുമായി ചര്‍ച്ചനടത്തി. നാല്പത്തഞ്ച് സെക്കന്‍ഡോളം നീണ്ടുനിന്ന ഈ ചര്‍ച്ചക്ക് ശേഷമാണ് ഹര്‍ജി ബുധനാഴ്ച്ച കേള്‍ക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News