KeralaNews

ദേവനന്ദയുടെ മരണം,അന്വേഷണം അന്തിമഘട്ടത്തില്‍,ഒരു മണിക്കൂറോളം അമ്മയുടെ മൊഴിയെടുത്ത് പോലീസ്

കൊല്ലം: ഏഴുവയസുകാരി ദേവനന്ദ മുങ്ങി മരിച്ച സംഭവത്തില്‍ കേസ് അന്വേഷണം നിര്‍ണായക വഴിത്തിരിവിലേക്ക്. അന്വേഷണസംഘം ഇന്നലെ കുട്ടിയുടെ മാതാപിതാക്കളെ നേരില്‍ക്കണ്ട് സംസാരിച്ചിരുന്നു. അമ്മ ധന്യയുമായി ഒരു മണിക്കൂറോളം അന്വേഷണ ഉദ്യോഗസ്ഥര്‍ സംസാരിച്ചു. പൊലീസിന്റെ സംശയങ്ങള്‍, രക്ഷിതാക്കളുടെ സംശയങ്ങള്‍, ചോദ്യം ചെയ്തവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ഓരോ വിവരവും ചോദിച്ചറിഞ്ഞത്.

മൊബൈല്‍ ടവറുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങള്‍ ഇന്ന് ലഭിക്കും. കുട്ടിയെ കാണാതായ സമയം മുതല്‍ മൃതദേഹം കണ്ടെത്തിയതുവരെയുള്ള എല്ലാ ഫോണ്‍ സന്ദേശങ്ങളും പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് അന്ന് മൊബൈല്‍ ഉപയോഗിച്ചവരുടെ മുഴുവന്‍ വിവരങ്ങളും ലഭിക്കുമെന്നതിനാല്‍ കേസന്വേഷണത്തിന് ഏറ്റവും ഗുണകരമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലഭിക്കുന്ന വിവരങ്ങള്‍ വിലയിരുത്തുന്നതോടെ പ്രതിയെക്കുറിച്ച് സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷ.

മൊഴി രേഖപ്പെടുത്താനായി ദേവ നന്ദയുടെ മാതാ പിതാക്കളെ വീണ്ടും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. നേരത്തെ രണ്ടുതവണ ധന്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കുട്ടി ഒരിയ്ക്കലും തനിയെ പുഴയുടെ ഭാഗത്തേക്ക് പോകില്ലെന്ന നിലപാടിലാണ് അച്ഛനും അമ്മയും ഇന്നലെയും ഉറച്ചുനിന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 61 പേരെ ചോദ്യം ചെയ്തു.

ഫോറന്‍സിക്, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ദേവനന്ദയുടേത് മുങ്ങിമരണമാണെന്ന് വ്യക്തമാക്കുന്നതാണെങ്കിലും പുഴയില്‍ തനിയെ വീണതാണോ ബാഹ്യ പ്രേരണയാല്‍ വീണതാണോയെന്ന കാര്യം വ്യക്തമല്ല. ഫെബ്രുവരി 27ന് രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായതും തൊട്ടടുത്ത ദിവസം രാവിലെ ഇത്തിക്കരയാറിന്റെ കൈവഴിയായ പള്ളിമണ്‍ ആറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയതും. ആഴ്ചകള്‍ നീണ്ടുപോകുമ്പോഴും അന്വേഷണ സംഘത്തിന് ഒരു നിഗമനത്തിലെത്താന്‍ കഴിയുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button