32.8 C
Kottayam
Saturday, April 27, 2024

പുറത്തിറങ്ങി കളിക്കാന്‍ പോലും മടിയുള്ള ദേവനന്ദ അത്ര ദൂരം തനിച്ച് പോകില്ലെന്നു വീട്ടുകാരും നാട്ടുകാരും; സംഭവത്തില്‍ വന്‍ ദുരൂഹത

Must read

കൊല്ലം: കേരളക്കരയുടെ പ്രാര്‍ത്ഥനകളെല്ലാം വിഫലമാക്കി കണ്ണീരിലാഴ്ത്തുന്ന വാര്‍ത്തയുമായാണ് ഇന്ന് നേരം പുലര്‍ന്നത്. ഇന്നലെ രാവിലെ വീട്ടില്‍ നിന്നു കാണാതായ ഏഴു വയസുകാരി ദേവനന്ദയുടെ മൃതദേഹം വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നും കണ്ടെടുത്തു. മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ദേവനന്ദയുടെ വീട്ടില്‍ നിന്ന് ഏകദേശം 500 മീറ്ററോളം ദൂരെ അകലമുള്ള പുഴയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. പുഴയില്‍ കുറ്റിക്കാടിനോട് ചേര്‍ന്ന് കമഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെടുത്തത്.

അതേസമയം ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പഞ്ചായത്ത് അംഗം ഉഷയും ആരോപിച്ചു.ദേവനന്ദ തനിച്ച് അവിടേക്ക് പോവില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും ഒരുപോലെ പറയുന്നു. പുറത്തിറങ്ങി കളിക്കുകയോ തനിച്ച് ഇറങ്ങി നടക്കുകയോ ചെയ്യാത്ത കുട്ടിയാണ് ദേവനന്ദ എന്നാണ് വീട്ടുകാരും പറയുന്നത്. കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയതാണോ അതോ കുട്ടി തനിയെ പോയതാണോ തുടങ്ങിയ വിവരങ്ങള്‍ ഇനി അന്വേഷണത്തില്‍ കണ്ടെത്താനിരിക്കുന്നതേയുള്ളു.

എന്നാല്‍ മുങ്ങല്‍ വിദഗ്ധര്‍ പറയുന്നത് മൃതദേഹം ഒഴുകി എത്തിയതാണെന്നും സമീപത്തെ വള്ളിയിലും കുറ്റിക്കാട്ടിലും കുരുങ്ങിയതുകൊണ്ടാണ് ഇവിടെ നിന്നു മൃതദേഹം ലഭിച്ചതെന്നുമാണ്. മൃതദേഹം ലഭിച്ച പഴയില്‍ ഇന്നലെയും മുങ്ങല്‍ വിദഗ്ധര്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഒന്നും ലഭിച്ചിരുന്നില്ല.

ഇന്നലെ രാവിലെ പത്തരയ്ക്കാണ് വീടിനകത്ത് നിന്ന് പ്രദീപ്-ധന്യ ദമ്പതികളുടെ മകള്‍ ദേവനന്ദയെ കാണാതായത്. കുട്ടിയെ കണ്ടെത്തുന്നതിനായി ചാത്തന്നൂര്‍ എസിപിയുടെ നേത്യത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം രൂപീകരിച്ച് സംസ്ഥാനമൊട്ടാകെ തെരച്ചില്‍ ആരംഭിച്ചിരുന്നു. സൈബര്‍ വിദഗ്ധരടക്കം 50 ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ജില്ലാ, സംസ്ഥാന അതിര്‍ത്തികളില്‍ തിരച്ചില്‍ കര്‍ശനമാക്കിയ പോലീസ് ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനിലും ശക്തമായ തിരച്ചില്‍ നടത്തിവരികയായിരുന്നു.

സംഭവസമയം കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നാലുമാസം പ്രായമുള്ള ഇളയ കുഞ്ഞിനരികില്‍ ദേവനന്ദയെ ഇരുത്തിയാണ് അമ്മ ധന്യ വീടിന് പുറകില്‍ തുണി അലക്കാനായി പോയത്. എന്നാല്‍ പിന്നീട് ഇവര്‍ കുറച്ചുസമയത്തേക്ക് മകളുടെ ശബ്ദമൊന്നും കേള്‍ക്കാതായതോടെയാണ് വീടിന്റെ മുന്‍വശത്ത് എത്തിയത്. ഈ സമയം വീടിന്റെ വാതില്‍ തുറന്നുകിടക്കുന്ന നിലയിലുമായിരുന്നു. മകളെ ചുറ്റുപാടും നോക്കിയെങ്കിലും കാണാതായതോടെ ധന്യ ബഹളം വെച്ച് നാട്ടുകാരെ അറിയിക്കുകയും പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയുമായിരുന്നു. ദേവനന്ദയുടെ അച്ഛന്‍ പ്രദീപ് ഇന്ന് വിദേശത്തുനിന്നും എത്തും. സംഭവത്തില്‍ പഴുതടച്ച അന്വേഷണം ഉണ്ടാവുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week