കൊല്ലം :വാക്കനാട് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയും കുടവട്ടൂര്‍ നന്ദനത്തില്‍ സി. പ്രദീപ്- ധന്യ ദമ്പതികളുടെ മകളുമായ ദേവനന്ദയുടെ സ്മരണ നിലനിര്‍ത്താനായി ദേവനന്ദ പഠിച്ചിരുന്ന വിദ്യാനികേതന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് മുറിക്കു ദേവനന്ദയുടെ പേരിടാന്‍ സ്‌കൂള്‍ അധികൃതര്‍. പള്ളിമണ്‍ ആറ്റില്‍ നിന്നും വെള്ളിയാഴ്ച രാവിലെയാണ് നാടിനെ മൊത്തം കണ്ണീരിലാഴ്ത്തി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം ദേവനന്ദ മുങ്ങിമരിച്ചതാണെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ശരീരം ജീര്‍ണിച്ചു തുടങ്ങിയിരുന്നു. വയറ്റില്‍ ചെളിയുടെയും വെള്ളത്തിന്റെയും അംശം കണ്ടെത്തി. മൃതദേഹം കണ്ടെടുക്കുന്നതിന് മണിക്കൂറുകള്‍ക്കിടയ്ക്കാണു മരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി ലഭിക്കുന്നതോടെ കേസില്‍ വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിലാണു പൊലീസ്.
എന്നാല്‍ കുട്ടി ആറിലേക്കു നടന്നു പോയതായി കണ്ടവരുമില്ല. അതിനാല്‍തന്നെ കുട്ടിയെ ആരോ അപായപ്പെടുത്തിയെന്ന സംശയത്തില്‍ തന്നെയാണ് അമ്മയും ബന്ധുക്കളും. ഇന്‍ക്വസ്റ്റ് തയാറാക്കിയപ്പോള്‍ കുട്ടിയുടെ ശരീരത്ത് മുറിപ്പാടുകളോ ബലപ്രയോഗങ്ങളോ നടന്നതായും കണ്ടെത്താനായില്ല. എങ്കിലും കുട്ടി ഇത്ര ദൂരം സഞ്ചരിച്ച് ആറില്‍ പോകേണ്ട സാഹചര്യം എന്താണെന്നതിനെപ്പറ്റി അന്വേഷണം നടക്കുന്നുണ്ട്. നടപ്പാലം കടക്കുന്നതിനിടെ കാല്‍ വഴുതി പുഴയിലേക്കു വീണതാകാം മരണ കാരണമെന്നാണു പൊലീസ് നിഗമനം