കോട്ടയം: എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന 5 ട്രെയിനുകൾ കോട്ടയത്തേക്കു നീട്ടാൻ റെയിൽവേ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു വെസ്റ്റേൺ ഇന്ത്യ പാസഞ്ചേഴ്സ് അസോസിയേഷൻ ദക്ഷിണ റെയിൽവേ അധികൃതർക്കു നിവേദനം നൽകി. മുംബൈ–എറണാകുളം തുരന്തോ എക്സ്പ്രസ്, കാരയ്ക്കൽ–എറണാകുളം എക്സ്പ്രസ്, ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി, പുണെ–എറണാകുളം ബൈ വീക്ക്‌ലി, മഡ്ഗാവ്–എറണാകുളം എക്സ്പ്രസ് എന്നിവ നീട്ടണമെന്നാണ് ആവശ്യം
തുരന്തോ എക്സ്പ്രസ് മംഗളൂരുവിനും എറണാകുളം നോർത്തിനുമിടയിൽ വേഗം കൂട്ടിയാൽ കോട്ടയം വരെ നീട്ടാൻ സാധിക്കും. മംഗളൂരു–എറണാകുളം 413 കിലോമീറ്റർ ഓടാൻ ഇപ്പോൾ 7 മണിക്കൂർ 35 മിനിറ്റാണ് തുരന്തോയെടുക്കുന്നത്. ഇന്ന് 6.15 മണിക്കൂറായി ചുരുക്കാൻ കഴിയുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
കാരയ്ക്കൽ–എറണാകുളം ട്രെയിനും പുണെ–എറണാകുളം ബൈ വീക്ക്‌ലിയും കോട്ടയത്തേക്കു നീട്ടാൻ സാങ്കേതിക തടസ്സങ്ങളില്ല. 5 പ്ലാറ്റ്ഫോമുകളുണ്ടായിട്ടും ഇതുവരെ പുതിയ ട്രെയിനുകൾ കോട്ടയത്തിന് അനുവദിച്ചിട്ടില്ല. അറ്റകുറ്റപ്പണി ആവശ്യമില്ലാത്ത ട്രെയിനുകൾ ഇവിടേക്കു നീട്ടാൻ സാധിക്കുമെങ്കിലും അതും റെയിൽവേ ചെയ്യുന്നില്ലെന്നാണു പരാതി.
രാത്രി 9.05നുള്ള കൊല്ലം–എറണാകുളം മെമു എക്സ്പ്രസ്(06442) 9ാം തീയതി മുതൽ കോട്ടയം വഴി സർവീസ് നടത്തും. പുലർച്ചെ 12.30ന് എറണാകുളത്ത് എത്തും. പുലർച്ചെ എറണാകുളത്തുനിന്നു യാത്ര തുടങ്ങുന്ന ട്രെയിനുകളിൽ പോകേണ്ട യാത്രക്കാർക്കു സർവീസ് ഉപകാരപ്പെടും. പുലർച്ചെ 2.15നുള്ള എറണാകുളം–പുണെ, എറണാകുളം–നിസാമുദ്ദീൻ വീക്ക്‌ലി ട്രെയിനുകൾക്കു കണക്‌ഷൻ ട്രെയിനായി ഉപയോഗിക്കാം.
നിർത്തുന്ന സ്റ്റേഷനുകളും സമയവും– പെരിനാട്–9.16, മൺറോതുരുത്ത്–9.23, ശാസ്താംകോട്ട–9.30, കരുനാഗപ്പള്ളി–9.40, ഓച്ചിറ–9.49, കായംകുളം–9.57, മാവേലിക്കര–10.07, ചെറിയനാട്–10.14, ചെങ്ങന്നൂർ–10.21, തിരുവല്ല–10.30, ചങ്ങനാശേരി–10.39, കോട്ടയം–10.57, ഏറ്റുമാനൂർ–11.10, കുറുപ്പന്തറ–11.18, വൈക്കം റോഡ്–11.26, പിറവം റോഡ്–11.33, മുളന്തുരുത്തി–11.45, തൃപ്പൂണിത്തുറ–11.56, എറണാകുളം–12.30.