News

ഡെല്‍റ്റ വകഭേദത്തിന്റെ രോഗലക്ഷണങ്ങള്‍ കൊവിഡ് ലക്ഷണങ്ങളില്‍ നിന്നു വ്യത്യസ്തമെന്ന് പഠനങ്ങള്‍

ലണ്ടണ്‍: കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന്റെ രോഗലക്ഷണങ്ങള്‍ സാധാരണ കൊവിഡ് ലക്ഷണങ്ങളില്‍ നിന്നു വ്യത്യസ്തമാണെന്ന് പഠനം. ആദ്യകാല കൊവിഡ് കേസുകളില്‍ മൂക്കൊലിപ്പ് ഒരു പ്രധാന ലക്ഷണം ആയിരുന്നില്ലെന്നും എന്നാല്‍ ഡെല്‍റ്റ വകഭേദം ബാധിച്ചവരില്‍ ഇതൊരു പ്രാഥമിക ലക്ഷണമായി മാറിയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് സര്‍വകലാശാല ബ്രിട്ടനിലെ രോഗികളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

ഡെല്‍റ്റ വകഭേദം മൂലമുണ്ടാകുന്ന പുതിയ ലക്ഷണമാണ് മൂക്കൊലിപ്പെന്നും എന്നാല്‍ മുന്‍ കേസുകളില്‍ ഇതൊരു പ്രധാന ലക്ഷണമായിരുന്നില്ലെന്നും അപൂര്ത്വമായി മാത്രമേ ഇത് റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുള്ളെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ലാറ ഹെരെറോ പറഞ്ഞു. മുമ്പത്തെ കേസുകളില്‍ സാധാരണയായി കണ്ടു വന്നിരുന്ന മണം നഷ്ടപ്പെടല്‍ ഡെല്‍റ്റ വകഭേദ കേസുകളില്‍ പ്രകടമല്ലാത്ത ലക്ഷണമായെന്നും അവര്‍ അറിയിച്ചു. തലവേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, പമ്മി, സ്ഥിരമായ ചുമ എന്നിവയാണ് ഡെല്‍റ്റ വകഭേദങ്ങള്‍ മൂലമുണ്ടാകുന്ന പ്രധാന രോഗലക്ഷണങ്ങള്‍.

വൈറസിന്റെ പരിണാമം ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് രോഗലക്ഷണങ്ങളിലെ ഈ മാറ്റത്തിന് കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. രോഗപ്രതിരോധ സംവിധാനത്തിന്റെ കാര്യത്തില്‍ ഓരോ മനുഷ്യനും വ്യത്യസ്തനായതിനാല്‍ ഒരേ വൈറസിന് വ്യത്യസ്ത രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ പറഞ്ഞു.

ലോകത്തെ 85 രാജ്യങ്ങളില്‍ തീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. 170 രാജ്യങ്ങളിലാണ് ആല്‍ഫ വകഭേദം സ്ഥിരീകരിച്ചത്. ആല്‍ഫയേക്കാള്‍ വ്യാപന ശേഷി കൂടുതലുള്ള വകഭേദമാണ് ഡെല്‍റ്റ. നിലവിലെ പ്രവണത തുടരുകയാണെങ്കില്‍ ഏറ്റവും അപകടകാരിയായ വൈറസ് വകഭേദമായി ഡെല്‍റ്റ മാറാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഡെല്‍റ്റ വകഭേദം ബാധിക്കുന്ന രോഗികള്‍ക്ക് മറ്റ് രോഗികളെ അപേക്ഷിച്ച് ഓക്‌സിജന്‍ കൂടുതലായി ആവശ്യമായി വരുന്നുവെന്നും, ഇവരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടതായി വരുന്നതായും മരണ സംഖ്യ കൂടുതലാണെന്നും സിംഗപ്പൂരില്‍ നടത്തിയ ഒരു പഠനത്തില്‍ പറഞ്ഞിരുന്നു. ജപ്പാനില്‍ നടത്തിയ പഠനത്തിലും ആല്‍ഫാ വകഭേദത്തേക്കാള്‍ ഡെല്‍റ്റാവകഭേദം വേഗത്തില്‍ വ്യാപിക്കുന്നതായി പറയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button